Connect with us

Editorial

പാര്‍ലിമന്റ് തടസ്സപ്പെടാന്‍ എന്താണ് കാരണം?

Published

|

Last Updated

പാര്‍ലിമെന്റിന്റെ ബജറ്റ് സമ്മേളനം പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ, തടസ്സം കൂടാതെ സഭ പ്രവര്‍ത്തിക്കേണ്ടതിന്റെ അനിവാര്യത രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഊന്നിപ്പറഞ്ഞിരിക്കുന്നു. പാര്‍ലിമെന്റ് പ്രവര്‍ത്തനം നിരന്തരം തടസ്സപ്പെടുത്തുന്ന പ്രവണത ഈ അടുത്ത കാലത്ത് വര്‍ധിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി. സാമ്പത്തികവും മതപരവും സാമൂഹികവുമായ അവസ്ഥാഭേദങ്ങള്‍ക്കതീതമായി ഓരോ വ്യക്തിയേയും ശാക്തീകരിക്കുകയാണ് ജനാധിപത്യത്തിന്റെ ആത്യന്തികമായ ലക്ഷ്യം. ഈ കാഴ്ചപ്പാട് മഹാ ഭൂരിപക്ഷത്തിലും ഒരു ഉട്ടോപ്യന്‍ സ്വപ്‌നമാണെങ്കിലും ലക്ഷ്യസാക്ഷാത്കാരത്തിനായി അവിശ്രമം പ്രവര്‍ത്തിക്കുന്നതിലാണ് ജനാധിപത്യസംവിധാനത്തിന്റെ കരുത്ത് നിലക്കൊള്ളുന്നതെന്ന് രാഷ്ട്രപതി ഉദ്‌ബോധിപ്പിച്ചു. പ്രഥമ എന്‍ കെ പി സാല്‍വെ സ്മാരക പ്രഭാഷണം ഉദ്ഘാടനം ചെയ്യുമ്പോഴാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. “വിശേഷ സൗഭാഗ്യമുള്ള” ഒരു വിഭാഗത്തിന് മാത്രമായി രാഷ്ട്രീയത്തില്‍ അധീശാവകാശം ലഭിക്കുന്ന അവസ്ഥ മാറണം. അധഃസ്ഥിത വിഭാഗങ്ങള്‍ക്കും പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കും സാമൂഹിക പരിവര്‍ത്തനത്തിനും സന്തുലിതമായ സമൂഹസൃഷ്ടിയിലും പങ്ക് വഹിക്കാനാകണമെന്നും രാഷ്ട്രപതി ആഹ്വാനം ചെയ്തു. രാജ്യത്തിന്റെ ദേശീയ വരുമാനത്തില്‍ 33 ശതമാനവും കേന്ദ്രീകരിക്കുന്നത്10 ശതമാനം മാത്രം വരുന്ന ഉയര്‍ന്ന വരുമാനമുള്ള ധനികരാണ് സ്വന്തമാക്കുന്നതെന്ന് ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി തിരുവനന്തപുരത്ത് ചൂണ്ടിക്കാണിച്ചത് കൂടി പരിഗണിക്കുമ്പോള്‍ രാഷ്ട്രപതിയുടെ ആഹ്വാനം അര്‍ഥവത്താണ്. രാജ്യത്തെ പൊതുസ്ഥിതി ഇതാണ്.
മികച്ച ഭരണം കാഴ്ച വെക്കാതെ രാജ്യത്തിന് യഥാര്‍ഥ പുരോഗതി കൈവരിക്കാനാകില്ല. രാജ്യം ഇന്ന് അഭിമുഖീകരിക്കുന്ന രോഗാവസ്ഥക്ക് ഏതെങ്കിലും ഒരു വിഭാഗം മാത്രമല്ല ഉത്തരവാദികള്‍. സമൂഹത്തിന്റെ മാനസിക ഘടനതന്നെ പുനഃസംഘടിപ്പിക്കേണ്ടതുണ്ടെന്ന് രാഷ്ട്രപതി ആഹ്വാനം ചെയ്യുന്നു. ഈ സാഹചര്യത്തിലാണ് നിയമസഭകളുടെയും പാര്‍ലിമെന്റിന്റെയും പ്രവര്‍ത്തനത്തിലെ പോരായ്മകള്‍ അദ്ദേഹം ചൂണ്ടിക്കാണിച്ചത്. ധനകാര്യം, ബജറ്റുകള്‍, പഞ്ചവത്സര പദ്ധതികള്‍ തുടങ്ങിയ വിഷയങ്ങള്‍ സവിസ്തരം ചര്‍ച്ച ചെയ്യണം. ഇതിന് വേണ്ട സമയം മാറ്റിവെക്കണം. സഭ തടസ്സപ്പെടുത്താനുള്ള ശ്രമം മുളയിലേ നുള്ളണമെന്നും അദ്ദേഹം SIRAJ.......അഭിപ്രായപ്പെട്ടിരിക്കുന്നു.
മികച്ച പാര്‍ലിമെന്റേറിയന്‍, ഭരണകര്‍ത്താവ് തുങ്ങിയ നിലകളിലെല്ലാം പ്രാവിണ്യം തെളിയിച്ച ആളാണ് പ്രണബ് മുഖര്‍ജി. സഭ എന്തുകൊണ്ട് പ്രക്ഷുബ്ധമാകുന്നുവെന്ന് അദ്ദേഹത്തിന് ആരും പറഞ്ഞുകൊടുക്കേണ്ടതില്ല. രാഷ്ട്രപതിയെന്ന നിലയില്‍ അദ്ദേഹം ചൂണ്ടിക്കാട്ടിയ ജനാധിപത്യ സംവിധാനത്തിലെ പോരായ്മകള്‍ക്ക് പ്രതിവിധിയും അദ്ദേഹത്തിന് നിര്‍ദേശിക്കാനാകും. അതു കൂടി അദ്ദേഹം ചെയ്താല്‍ ആഹ്വാനം പൂര്‍ണാര്‍ഥത്തില്‍ ജനങ്ങള്‍ക്ക് എളുപ്പം മനസ്സിലാകും. ഭരണകൂടത്തിന് പാര്‍ലിമെന്റിനോടുള്ള വിധേയത്വം ഒരു അനിവാര്യതയാണ്. ഭരണപക്ഷത്തിനൊപ്പം പ്രതിപക്ഷവും ഏതൊരു ഭരണസംവിധാനത്തിലും അവശ്യ ഘടകമാണ്. ജനാധിപത്യത്തിലാകുമ്പോള്‍ അതിന് പ്രത്യേക പ്രധാന്യമുണ്ട് താനും. എന്നാല്‍ പ്രതിപക്ഷത്തെ വിശ്വാസത്തിലെടുക്കാത്ത വിധത്തിലാണ് കുറച്ചുകാലമായി യു പി എ സര്‍ക്കാറിന്റെ മുന്നോട്ടുള്ള പോക്ക്. അവസരവാദ നിലപാടുകള്‍ കൈക്കൊള്ളുന്ന കക്ഷികളെ വിലക്കെടുത്ത് പാര്‍ലിമെന്റിലെ ജനാധിപത്യ പ്രക്രിയകളെ നോക്കുകുത്തിയാക്കുന്നതാണ് അനുഭവം. പാര്‍ലിമെന്റ് സമ്മേളനം പ്രക്ഷുബ്ധമാകുന്നതിനും നിരന്തരം തടസ്സപ്പെടുന്നതിനും പ്രധാന കാരണം ഇതുതന്നെ.
ഒന്നാം യു പി എ സര്‍ക്കാര്‍ അമേരിക്കയുമായി ഉണ്ടാക്കിയ ആണവ കരാര്‍ പാര്‍ലിമെന്റിനെ പോലും വിശ്വാസത്തിലെടുക്കാതെയായിരുന്നു. സാമ്രാജ്യത്വ ഭരണകൂടമെന്ന് നാം വിശേഷിപ്പിക്കുന്ന അമേരിക്കന്‍ ഭരണകൂടം പോലും അവരുടെ കോണ്‍ഗ്രസില്‍ അവതരിപ്പിച്ച് തലനാരിഴകീറി ചര്‍ച്ച നടത്താതിരിക്കാന്‍ ശേഷമാണ് കരാര്‍ അംഗീകരിച്ചത്. ഇന്ത്യയില്‍ ഈ ജനാധിപത്യ പ്രക്രിയ നടത്താന്‍ ഭരണകൂടം ജനാധിപത്യ മൂല്യങ്ങളെ കാറ്റില്‍ പറത്തുന്നത് നാം കണ്ടു. രണ്ടാം യു പി എ സര്‍ക്കാറിന്റെ നിലപാടും വ്യത്യസ്തമായിരുന്നില്ല. നേരിട്ടുള്ള വിദേശ നിക്ഷേപ (എഫ് ഡി ഐ)കാര്യത്തില്‍ പാര്‍ലിമെന്റിന്റെ അംഗീകാരം വാങ്ങിയല്ലാതെ തീരുമാനമെടുക്കില്ലെന്ന് ഉറപ്പ് നല്‍കിയത് അന്നത്തെ ധനമന്ത്രിയായിരുന്ന പ്രണബ് മുഖര്‍ജിയാണ്. പക്ഷേ, ഈ ഉറപ്പിന് പുല്ലുവില പോലും സര്‍ക്കാര്‍ കല്‍പ്പിച്ചില്ല. എഫ് ഡി ഐ നടപ്പാക്കാന്‍ തീരുമാനിച്ചശേഷം, അവസരവാദികളും സ്വാര്‍ഥമോഹികളുമായ കക്ഷികളെ സ്വാധീനിച്ചാണ് അതിന് പാര്‍ലിമെന്റിന്റെ അംഗീകാരം വാങ്ങിയത്. ഈ അടുത്ത കാലത്ത് പാര്‍ലിമെന്റ് നടപടികള്‍ താളം തെറ്റിയതിന് കാരണവും ഇതുതന്നെ.
അസഹനീയമായ അവശ്യസാധന വിലക്കയറ്റത്തിനൊപ്പം പെട്രോള്‍, ഡീസല്‍ വില നിശ്ചയിക്കാന്‍ എണ്ണക്കമ്പനികള്‍ക്ക് സര്‍വതന്ത്ര സ്വാതന്ത്ര്യം നല്‍കിയത് ജനങ്ങളെ എരിതീയില്‍ നിന്ന് വറചട്ടിയിലേക്ക് തള്ളിയ അനുഭവമാണ്. ഇത്തരം സങ്കീര്‍ണ സാഹചര്യങ്ങള്‍ പാര്‍ലിമെന്റിലല്ലാതെ മറ്റെവിടെയാണ് പ്രതിഫലിപ്പിക്കുക? സര്‍ക്കാര്‍ ജനവികാരം മാനിക്കുകയും ജനകീയ പ്രശ്‌നങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കുകയുമാണ് ആദ്യം വേണ്ടത്. വെറും വായില്‍ വിലപിച്ചതുകൊണ്ട് കാര്യമില്ല.

Latest