നെല്‍ വയല്‍ മണ്ണിട്ട് നികത്തി റബ്ബര്‍ നട്ടു

Posted on: February 19, 2013 9:53 am | Last updated: February 19, 2013 at 9:53 am

കുറ്റനാട്: നെല്‍വയല്‍ സംരക്ഷണ നിയമത്തെ നോക്കുകുത്തിയാക്കി വയല്‍ മണ്ണിട്ടുനികത്തി റബ്ബര്‍ത്തോട്ടമാക്കി. കൂറ്റനാട് നാഗലശ്ശേരി പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡ് ആമക്കാവ് മാത്തൂരിലാണ് വയല്‍ നികത്തി റബ്ബര്‍ നട്ടത്. കൃഷിക്ക് അനുയോജ്യമായ അഞ്ചര ഏക്കറില്‍ മൂന്ന് ഏക്കറിലധികം പാടമാണ് റബ്ബറും തേക്കുമടക്കമുള്ള തോട്ടവിളകള്‍ നട്ട് പറമ്പാക്കിയത്.
പെരിങ്ങോട്ട് ചാലിശ്ശേരി പാതയുടെ തെക്കുവശത്താണ് പാടശേഖരം. സ്വകാര്യവ്യക്തിയുടെ കൈവശമുള്ള വയലില്‍ ഒരു വര്‍ഷംമുമ്പാണ് വാഴ നട്ടത്. ക്രമേണ വയല്‍ നികത്തി റബ്ബറും തേക്കിന്‍ തൈകളും വെച്ചുപിടിപ്പിക്കുകയായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു. നാഗലശ്ശേരി വില്ലേജിലെ 63/1, 46/6 എ, 6 ബി, 46/7 ബി എന്നീ സര്‍വേ നമ്പറുകളിലെ പാടശേഖരമാണ് മണ്ണിട്ട് നികത്തിയത്.
വയല്‍നികത്തലിന്റെ ആരംഭഘട്ടത്തില്‍ തന്നെ പാടശേഖര സമിതികളും നാട്ടുകാരും പരാതി ഉന്നയിച്ചിരുന്നു. വില്ലേജ് അധികാരികള്‍ മുതല്‍ മുഖ്യമന്ത്രി വരെയുള്ളവര്‍ക്ക് പരാതിയും കൊടുത്തിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. റിപ്പോര്‍ട്ട് പ്രകാരം തഹസില്‍ദാറും സംഘവും സ്ഥലം സന്ദര്‍ശിച്ചു. എന്നാല്‍, റവന്യു അധികാരികളില്‍ നിന്ന് തുടര്‍ നടപടികളൊന്നും ഉണ്ടായിട്ടില്ല. ചാലിശ്ശേരി, തിരുമിറ്റക്കോട,് ആനക്കര, പടിഞ്ഞാറങ്ങാടി എന്നീപഞ്ചായത്തുകളില്‍ കുന്നിടിക്കലും പാടം നികത്തലും വ്യാപകമായതായും പരാതിയുണ്ട്.