മാവോയിസ്റ്റുകള്‍ക്കായി മുണ്ടേരി വനത്തില്‍ തിരച്ചില്‍ നടത്തി

Posted on: February 19, 2013 9:26 am | Last updated: February 19, 2013 at 9:26 am

എടക്കര: മാവോയിസ്റ്റുകളെന്ന് സംശയിക്കുന്ന തോക്കുധാരികളെ കണ്ട മുണ്ടേരി വനത്തില്‍ പോലീസ്-വനം സേന തിരച്ചില്‍ നടത്തി. അപ്പന്‍ കാപ്പ് കോളനിയില്‍ ഒരു കിലോമീറ്റര്‍ അകലെ വനത്തില്‍ ഓടവളപ്പില്‍ കോളനിയിലെ തമ്പി എന്ന ആദിവാസിയാണ് തോക്കുധാരികളെ കണ്ടത്. ഓടവളവ്, ചെള്ളിത്തോട്, കരടിപ്പാറ, വെള്ളാരംപുഴ തുടങ്ങിയ തമിഴ്‌നാടിനോട് ചേര്‍ന്ന് കിടക്കുന്ന സ്ഥലങ്ങളില്‍ സംഘം പരിശോധന നടത്തി. പോത്തുകല്‍ സ്റ്റേഷനിലെ എ എസ് ഐ. പി വിജയകുമാര്‍, പോത്തുകല്‍ വനം സ്റ്റേഷനിലെ ഡപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ പി എം ബിനു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. 20 പേര്‍ സംഘത്തിലുണ്ടായിരുന്നു. പരിശോധനക്കിടെ സംശയകരമായ സാഹചര്യത്തില്‍ ഒരാളെ പിടികൂടിയിട്ടുണ്ട്. സ്വകാര്യ തോട്ടത്തില്‍ താമസക്കാരനായ എറണാകുളം സ്വദേശിയെയാണ് പിടികൂടിയത്. ഇയാളെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. തമിഴ്‌നാട്ടില്‍ നിന്നുള്ള പോലീസ് സംഘവും പരിശോധനക്കിറങ്ങിയിട്ടുണ്ട്.