Connect with us

International

സിറിയ: അലെപ്പോയിലെ സുപ്രധാന ചെക്ക് പോയിന്റ് വിമതര്‍ പിടിച്ചു

Published

|

Last Updated

അലെപ്പോ: സിറിയയില്‍ അലെപ്പോ വിമാനത്താവളത്തിന് സമീപത്തെ സുപ്രധാന സൈനിക ചെക്ക് പോയിന്റ് വിമതര്‍ പിടിച്ചെടുത്തു. നയ്‌റാബ് സൈനിക വിമാനത്താവളത്തിന് നൂറ് കണക്കിന് മീറ്റര്‍ അകലെയുള്ള സൈനിക ചെക്ക് പോയിന്റാണ് വിമത സൈന്യം പിടിച്ചെടുത്തതെന്ന് സിറിയയിലെ മനുഷ്യാവകാശ നിരീക്ഷണ സംഘം റിപ്പോര്‍ട്ട് ചെയ്തു. അലപ്പോ വിമാനത്താവളത്തിലേക്കുള്ള റോഡില്‍വെച്ച് വിമതരും സൈന്യവും ഏറ്റുമുട്ടിയതായും റിപ്പോര്‍ട്ടുണ്ട്. അലപ്പോ പ്രവിശ്യയിലെ മറ്റ് സുപ്രധാന വ്യോമ താവളങ്ങളായ അല്‍ ജറാഹ്, ഹസ്സല്‍, ബേസ് 80 എന്നിവ കഴിഞ്ഞ ആഴ്ച വിമതര്‍ പിടിച്ചെടുത്തിരുന്നു.
ഇക്കഴിഞ്ഞ 12 ന് വിമതര്‍ അലപ്പോ പ്രവിശ്യയിലെ അന്താരാഷ്ട്രാ വിമാനത്താവളവും ആയുധങ്ങളും ഏറ്റുമുട്ടലിലൂടെ പിടിച്ചെടുത്തിരുന്നു. വിമതര്‍ പിടിച്ചെടുത്ത തന്ത്രപ്രധാന സ്ഥലങ്ങള്‍ അടുത്ത 48 മണിക്കൂറിനുള്ളില്‍ തിരിച്ചുപിടിക്കാന്‍ സൈന്യം തയ്യാറെടുത്തുവരികയാണെന്ന് സര്‍ക്കാര്‍ അനുകൂല പത്രം റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ അലപ്പോ നഗരത്തിന്റെ പല ഭാഗങ്ങളിലും സൈന്യവും വിമതരും തമ്മില്‍ കടുത്ത പോരാട്ടം തുടരുകയാണെന്ന് റിപ്പോര്‍ട്ടുണ്ട്. ഇക്കഴിഞ്ഞ ഞായറാഴ്ച മാത്രം 122 പേര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.