അഴിമതി: മുനീറിനെതിരായ രണ്ടാമത്തെ കേസും തള്ളി

Posted on: February 19, 2013 8:13 am | Last updated: February 19, 2013 at 8:15 am

muneer-mk-1തൃശൂര്‍:റോഡ് നിര്‍മാണം സംബന്ധിച്ച രണ്ടാമത്തെ അഴിമതിക്കേസിലും മുന്‍ മന്ത്രി എം കെ മുനീറിനെ തൃശൂര്‍ വിജിലന്‍സ് കോടതി കുറ്റവിമുക്തനാക്കി. ജഡ്ജി വി ഭാസ്‌കരനാണ് വിധി പ്രസ്താവിച്ചത്. മലപ്പുറം ജില്ലയിലെ മൊറയൂര്‍- വാലഞ്ചേരി- അരിമ്പ്ര-ഊരകം നെടിയിരിപ്പ് പട്ടികജാതി കോളനി റോഡ് നിര്‍മാണത്തില്‍ അഴിമതി നടത്തിയെന്ന കേസിലാണ് മന്ത്രിയെ കുറ്റവിമുക്തനാക്കി കേസ് തള്ളിയത്. വിജിലന്‍സ് സമര്‍പ്പിച്ച തുടരന്വേഷണ റിപ്പോര്‍ട്ട് തള്ളണമെന്നാവശ്യപ്പെട്ട് എളംതുരുത്തി സ്വദേശി നടപറമ്പില്‍ വിപിന്‍ സമര്‍പ്പിച്ച ഹരജിയില്‍ വാദം കേട്ട ശേഷമായിരുന്നു വിധി. കേസുകള്‍ വിജിലന്‍സ് കോടതി തള്ളിയ പശ്ചാത്തലത്തില്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് വിപിന്റെ അഭിഭാഷകന്‍ അഡ്വ. രജിത് അറിയിച്ചു. മലപ്പുറം ജില്ലയിലെ മഞ്ചേരി ആലുകുന്ന് – നറുകര റോഡ് നിര്‍മാണത്തില്‍ അഴിമതി നടത്തിയെന്ന കേസിലും തെളിവില്ലെന്ന റിപ്പോര്‍ട്ടില്‍ മുനീറിനെ വിജിലന്‍സ് കോടതി ഈ മാസം 11ന് കുറ്റവിമുക്തനാക്കിയിരുന്നു.
മുനീര്‍ പൊതുമരാമത്ത് മന്ത്രിയായിരുന്നപ്പോള്‍ ഉണ്ടായിരുന്നതാണ് കേസിനാസ്പദമായ കരാറുകള്‍. രണ്ട് കേസുകളിലും എല്‍ ഡി എഫ് സര്‍ക്കാറിന്റെ സമയത്ത് അന്വേഷണം പ്രഖ്യാപിച്ചു. തുടര്‍ന്ന് മുനീറിനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. മലബാര്‍ ടെക് എന്ന സ്ഥാപനത്തിലെ കരാറുകാരും പൊതുമരാമത്ത് ഉദ്യോഗസ്ഥരുമായിരുന്നു മറ്റു പ്രതികള്‍. എന്നാല്‍, കേസ് സംബന്ധിച്ച് മറ്റു തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് വിജിലന്‍സ് പിന്നീട് ബോധിപ്പിച്ച സാഹചര്യത്തില്‍ 2011 ജൂലൈയില്‍ കോടതി കൂടുതല്‍ അന്വേഷണത്തിന് ഉത്തരവിട്ടു. കോഴിക്കോട് നോര്‍ത്തേണ്‍ റേഞ്ച് ഡിവൈ എസ് പി. ടി പി പ്രേമരാജനാണ് അന്ന് കോടതിയെ സമീപിച്ചത്. കൂടുതല്‍ തെളിവുകള്‍ ലഭിച്ചുവെന്ന് കണ്ടെത്തി നടത്തിയ തുടരന്വേഷണ റിപ്പോര്‍ട്ടിലാണ് അഴിമതി നടത്തിയതിന് തെളിവില്ലെന്ന കാരണം കണ്ടെത്തി കേസ് തള്ളി കോടതിയുടെ ഉത്തരവ്.