പാലക്കാടന്‍ കാറ്റ് അടുത്ത ദശാബ്ദത്തിനകം വിനാശകാരിയാകുമെന്ന് പഠനം

Posted on: February 19, 2013 8:05 am | Last updated: February 19, 2013 at 8:05 am

പാലക്കാട്‌: സംസ്ഥാനത്ത് മഴ ലഭ്യതയില്‍ നിര്‍ണായക സ്വാധീനമുള്ള പാലക്കാടന്‍ കാറ്റ് കാലവസ്ഥാ വ്യതിയാനത്തിന്റെ ഇരയാകുന്നതായി പഠന റിപ്പോര്‍ട്ട്. കേരളത്തെ മഴനിഴല്‍ പ്രദേശമാക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന ഈ കാറ്റ് അടുത്ത ദശാബ്ദത്തിനകം വിനാശകാരിയാകുമെന്നാണ് കാലവസ്ഥാ വ്യതിയാനം സംബന്ധിച്ച് ദേശീയ അവലോകന റിപ്പോര്‍ട്ട് പറയുന്നത്. വരണ്ട കാറ്റില്‍ പാലക്കാട് പച്ചമരങ്ങള്‍ക്ക് തീപ്പിടിക്കുന്നത് ഇതിന് തെളിവാണെന്നാണ് പറയുന്നത്. ഇന്ത്യന്‍ നെറ്റ്‌വര്‍ക്ക് ഓഫ് ക്ലൈമറ്റ് ചെയ്ഞ്ചസ് അസ്സസ്സ്‌മെന്റ് 2012 റിപ്പോര്‍ട്ടില്‍ പൂനെയിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ട്രോപ്പിക്കല്‍ മെറ്റിര്യോളജിയിലെ ശാസ്ത്രജ്ഞരാണ് പാലക്കാടന്‍ കാറ്റിലെ മാറ്റങ്ങളുടെ സൂചന നല്‍കിയത്. ഈര്‍പ്പത്തിന്റെ സാന്നിധ്യമില്ലാത്ത പാലക്കാടന്‍ കാറ്റ് കേരളത്തിന്റെ വേനല്‍മഴയെ നിര്‍ണായകമായി സ്വാധീനിച്ചിരുന്നു. എന്നാല്‍ പശ്ചിമഘട്ട മലനിരകളിലെ സസ്യാവരണം നഷ്ടപ്പെട്ടിരിക്കുന്നതും പാലക്കാടിനോട് അതിര്‍ത്തി പങ്കിടുന്ന സ്ഥലങ്ങളിലെ താപനിലയിലെ വര്‍ധനയും പാലക്കാടന്‍ കാറ്റിനെ മരുഭൂമിയില്‍ വീശുന്ന ഉഷ്ണവാതത്തിന്റെ രൂപത്തില്‍ എത്തിച്ചിരിക്കുകയാണ്. പുല്‍ക്കാടുകളെയും കരിമ്പനകളെയും തീപ്പിടിപ്പിച്ച് വീശിയടിക്കുന്ന ഈ കാറ്റ് അടുത്ത രണ്ടോ മൂന്നോ വേനല്‍ക്കാലത്തിനുള്ളില്‍ കൂടുതല്‍ മുന്നോട്ടെത്തി കടല്‍ക്കാറ്റിനെ പിന്നോട്ടടിക്കുന്ന എതിര്‍ക്കാറ്റാകുന്ന സഹാചര്യമുണ്ടാക്കും. തെക്കന്‍ മലബാറടക്കം കേരളത്തിന്റെ മുന്നില്‍ രണ്ട് ഭാഗങ്ങളും ഇതോടെ ഉഷ്ണവാതത്തിന്റെ പിടിയില്‍പ്പെട്ട് മഴനിഴല്‍ പ്രദേശമായി മാറുമെന്നാണ് ട്രോപ്പിക്കല്‍ മെറ്റിരോളജി വകുപ്പ് പറയുന്നത്. പശ്ചിമഘട്ട സംരക്ഷണം മാത്രമാണ് ഇതിന് തടയിടാനുള്ള ഏക മാര്‍ഗം. പാലക്കാടന്‍ കാറ്റിന്റെ വ്യതിയാനം സംസ്ഥാനത്തെ പലയിടങ്ങളും മഴനിഴല്‍ പ്രദേശങ്ങളായി മാറുന്നുവെന്ന് മുന്നറിയിപ്പും നല്‍കുന്നുണ്ട്. സംസ്ഥാനത്ത് ലഭിച്ച് മഴ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 25 ശതമാനം കുറവായിരുന്നു. പശ്ചിമഘട്ട മലനിരകളിലെ വന്‍ മരങ്ങള്‍ ദിനംതോറുമെന്നവണ്ണം നശിപ്പിക്കപ്പെടുന്നത് താപനിലയെ വര്‍ധിപ്പിക്കുന്നതായാണ് വിദഗ്ധര്‍ പറയുന്നത്. അതായത് പാലക്കാടന്‍ കാറ്റ് മരുഭൂമിയില്‍ വീശുന്ന ഉഷ്ണക്കാറ്റിന്റെ അവസ്ഥയില്‍ എത്തിക്കഴിഞ്ഞു. പശ്ചിമഘട്ട മലനിരകളെ സംരക്ഷിച്ചില്ലെങ്കില്‍ പാലക്കാട് മരുഭൂമിയായി മാറാന്‍ ഏറെ താമസമുണ്ടാകില്ല. പുല്‍ക്കാടുകള്‍ മാത്രമല്ല പച്ചമരങ്ങള്‍ വരെ നിന്നു കത്തുന്ന അവസ്ഥ ഇതിന്റെ സൂചനയാണ്. ട്രോപ്പിക്കല്‍ മെറ്റീര്യോളജി വകുപ്പിന്റെ നിരീക്ഷണമാണിത്. തമിഴ്‌നാടിനോടു ചേര്‍ന്നു കിടക്കുന്ന പാലക്കാടിന്റെ കിഴക്കന്‍ മേഖലയായ ചിറ്റൂരില്‍ വന്‍തോതില്‍ ജലചൂഷണം നടക്കുന്നത് അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടിട്ടും നടപടിയിതുവരെ ഉണ്ടായിട്ടില്ല. തെങ്ങിന്‍തോപ്പിലെ അമിതജല ഉപയോഗവും നിയന്ത്രിക്കണമെന്ന് സംസ്ഥാന ജിയോളജി വകുപ്പും കൃഷി വകുപ്പും അറിയിച്ചിട്ടും ഇക്കാര്യത്തില്‍ ഒരടി മുന്നോട്ടുപോയിട്ടില്ല.

ജില്ലയില്‍ എട്ട് ഡാമുകളുണ്ടായിട്ടും ഇതുവരെ കണ്ടിട്ടില്ലാത്ത രൂക്ഷമായ വരള്‍ച്ചയാണ് പാലക്കാട് നേരിടുന്നത്. വേനല്‍എത്തുന്നതിന് മുമ്പേ പാലക്കാട് ചൂട് ഈ മാസം 40 ഡിഗ്രിയിലെത്തി.