ഹെലികോപ്റ്റര്‍ കോഴ: ഒന്നും മറച്ചുവെക്കാനില്ലെന്ന് പ്രധാനമന്ത്രി

Posted on: February 19, 2013 8:02 am | Last updated: February 19, 2013 at 8:02 am

ന്യൂഡല്‍ഹി:അതി വിശിഷ്ട വ്യക്തികള്‍ക്കുള്ള ഹെലികോപ്റ്റര്‍ ഇടപാടില്‍ സര്‍ക്കാരിനൊന്നും മറച്ചു വെക്കാനില്ലെന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്. ഇടപാടില്‍ അഴിമതി നടന്നത് പുറത്തുവരികയും വന്‍ വിവാദമാകുകയും ചെയ്ത ശേഷം ആദ്യമായാണ് പ്രധാനമന്ത്രി ഇതേക്കുറിച്ച് പ്രതികരിച്ചിരിക്കുന്നത്.ഹെലികോപ്റ്റര്‍ ഇടപാടിലെ അഴിമതി ഉയര്‍ത്തിക്കാണിച്ച് പ്രതിപക്ഷം പാര്‍ലിമെന്റ് സ്തംഭിപ്പിക്കാനുള്ള സാധ്യതയെ കുറിച്ച് ചോദിച്ചപ്പോള്‍ എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയാറാണെന്നായിരുന്നു മറുപടി. ചര്‍ച്ചക്കുള്ള വേദിയാണ് പാര്‍ലിമെന്റ്. അവിടെ ഒരുമിച്ചിരുന്ന് ചര്‍ച്ച ചെയ്യാം. സര്‍ക്കാരിന് ഒന്നും മറച്ചുവെക്കാനില്ല. അദ്ദേഹം അവകാശപ്പെട്ടു. 21ന് ആരംഭിക്കുന്ന ബജറ്റ് സമ്മേളനത്തില്‍ കോപ്റ്റര്‍ കോഴ പ്രതിപക്ഷം പ്രധാന ആയുധമാക്കുമെന്ന് വ്യക്തമായതോടെയാണ് പ്രധാനമന്ത്രി മൗനം വെടിഞ്ഞ് പ്രസ്താവന നടത്തിയിരിക്കുന്നത്. ഇടപാട് റദ്ദാക്കാതിരിക്കാന്‍ അഗുസ്ത വെസ്റ്റ് ലാന്‍ഡിന് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയ പ്രതിരോധമന്ത്രാലയത്തിന്റെ നടപടിയില്‍ പ്രധാനമന്ത്രിയുടെ ഓഫീസിന് അതൃപ്തിയുണ്ടെന്നും അറിയുന്നു. പ്രധാനമന്ത്രിയുടെ ഓഫീസുമായി ആലോചിക്കാതെയാണ് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയിരിക്കുന്നതെന്നാണ് സൂചന. അതേ സമയം ഹെലികോപ്റ്റര്‍ ഇടപാടിലെ കോഴ അന്വേഷിക്കുന്ന സി ബി ഐ സംഘത്തിന്റെ ഇറ്റലി യാത്രയുടെ അവ്യക്തത നീങ്ങിയിട്ടില്ല. വിദേശത്ത് അന്വേഷണത്തിന് പോകുമ്പോള്‍ പൂര്‍ത്തീകരിക്കേണ്ട കാര്യങ്ങള്‍ക്ക് സമയമെടുക്കുന്നതു കൊണ്ടാണ് യാത്ര നീളുന്നതെന്നാണ് വിശദീകരണം. അതേ സമയം ഇറ്റലിയില്‍ ചെന്നാല്‍ അവിടെ നിന്നും വിവരം ലഭിക്കാന്‍ പ്രയാസമുണ്ടായേക്കുമെന്ന് സി ബി ഐ കരുതുന്നു. കേസ് പ്രാഥമിക ഘട്ടത്തിലായതിനാല്‍ രേഖകള്‍ നല്‍കാനാകില്ലെന്ന് ഇറ്റലിയിലെ കോടതി ഇന്ത്യന്‍ എംബസിയെ അറിയിച്ച പശ്ചാത്തലത്തിലാണിത്. ഇറ്റാലിയന്‍ കോടതിയില്‍ കക്ഷി ചേരാന്‍ അവിടെ അഭിഭാഷകനെ നിയോഗിക്കാനുള്ള തീരുമാനത്തിലാണ് സി ബി ഐ. ഇതിനായി വിദേശകാര്യ മന്ത്രാലയവുമായി ചര്‍ച്ച നടത്തിക്കഴിഞ്ഞു.

2010ലാണ് രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, പ്രതിരോധമന്ത്രി തുടങ്ങി വി വി ഐ പികളുടെ യാത്രക്കു വേണ്ടി 12 ഹെലികോപ്റ്ററുകള്‍ വാങ്ങിക്കാന്‍ ഇറ്റാലിയന്‍ പ്രതിരോധ സ്ഥാപനമായ ഫിന്‍മെക്കാനിക്കയുടെ ഉപസ്ഥാപനം അഗുസ്ത വെസ്റ്റ് ലാന്‍ഡുമായി ഇന്ത്യ കരാര്‍ ഒപ്പിട്ടത്. 3600 കോടി രൂപയുടെ കരാര്‍ അനുസരിച്ച് മൂന്ന് ഹെലികോപ്റ്ററുകള്‍ ഇന്ത്യയിലെത്തി. അതിനിടെയാണ് കമ്പനിയിലെ ഒരു ഉന്നതന്‍ തന്നെ ഇടപാട് ഉറപ്പിക്കാന്‍ ഇടനിലക്കാര്‍ മുഖേന ഇന്ത്യക്കാര്‍ക്ക് 360 കോടി രൂപ കോഴ നല്‍കിയെന്ന് വെളിപ്പെടുത്തിയത്. തുടര്‍ന്ന് ഇറ്റലിയില്‍ നടന്ന അന്വേഷണത്തില്‍ ഫിന്‍മെക്കാനിക്കയുടെ മുന്‍ സി ഇ ഒ ഗിയുസെപ്പെ ഓര്‍സിയെ ഇറ്റലി അറസ്റ്റ് ചെയ്തു. വ്യോമയാന മേധാവിയായിരുന്ന എസ് പി ത്യാഗി അടക്കമുള്ളവര്‍ക്ക് കോഴ നല്‍കിയെന്ന് അന്വേഷണത്തില്‍ വിവരം ലഭിച്ചു. തുടര്‍ന്നാണ് സി ബി ഐ അന്വേഷണത്തിന് ഉത്തരവിട്ടത്.