ഷുകൂര്‍ വധം: അന്വേഷണം സി ബി ഐക്ക് വിടണമെന്ന് മാതാവ്

Posted on: February 18, 2013 7:57 pm | Last updated: February 18, 2013 at 7:57 pm

തിരുവനന്തപുരം: അരിയില്‍ ഷുക്കൂര്‍ വധകേസ് അന്വേഷണത്തില്‍ പോലീസ് വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും കേസ് സി ബി ഐ അന്വേഷിക്കണമെന്നും ഷുക്കൂറിന്റെ മാതാവ് പി സി ആത്തിക്ക ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഷുക്കൂറിന്റെ ഉമ്മ. സാക്ഷികളെ ഭീഷണിപ്പെടുത്തി മൊഴിമാറ്റാന്‍ പ്രേരിപ്പിക്കുന്ന സാഹചര്യത്തില്‍ നീതി ലഭിക്കുമെന്ന പ്രതീക്ഷയില്ലെന്നും അവര്‍ പറഞ്ഞു.
പി ജയരാജനും ടി വി രാജേഷ് എം എല്‍ എക്കും ഗൂഡാലോചനയില്‍ പങ്കുണ്ട്. ഇത് വ്യക്തമാണെന്നിരിക്കെ പ്രതികള്‍ നാട്ടില്‍ സസുഖം വാഴുകയാണ്. എഫ് ഐ ആര്‍ രേഖപ്പെടുത്തിയതില്‍ പോലും അപാകതയുണ്ട്. കണ്ണൂരില്‍ സി പി എം നേതൃത്വം നല്‍കുന്ന ഗുണ്ടാഭരണമാണ് ഇപ്പോഴും നടക്കുന്നത്. ഷുക്കൂറിനെ കൊലപ്പെടുത്തിയവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ സി ബി ഐ പോലൊരു വിശ്വസ്ത ഏജന്‍സിക്കേ കഴിയൂ. മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയെയും കണ്ട് ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്. സി ബി ഐ അന്വേഷണം നടത്താതിരുന്നാല്‍ സാക്ഷികള്‍ പോലും കൊല്ലപ്പെടാന്‍ ഇടയുണ്ട്. നീതിപൂര്‍വമായ അന്വേഷണം നടത്തി മകനെ കൊന്നവരെയും കൊല്ലിച്ചവരെയും നിയമത്തിന് മുന്നിലെത്തിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
കേസിലെ സാക്ഷികള്‍ കൂറുമാറിയതല്ലെന്നും അവരെ പ്രതികളാക്കുമെന്ന് ഭീഷണിപ്പെടുത്തി ഒപ്പുവെപ്പിച്ചതാണെന്നും ഷുക്കൂറിന്റെ സഹോദരന്‍ ദാവൂദ് പറഞ്ഞു. സാക്ഷികള്‍ അവരുടെ മൊഴി സ്വന്തം കൈപ്പടയില്‍ എഴുതി തയാറാക്കിയിട്ടുണ്ട്. കോടതിയില്‍ സാക്ഷികള്‍ സത്യം പറയും. കണ്ണൂരിലെ പോലീസ് സി പി എമ്മിനെ സഹായിക്കുകയാണ്. ഫസല്‍ വധക്കേസിലെയും ടി പി വധക്കേസിലെയും പ്രതികളില്‍ ചിലരെങ്കിലും ജയിലില്‍ കഴിയുമ്പോള്‍ ഷുക്കൂറിന്റെ കൊലയാളികള്‍ നാട്ടില്‍ വിലസുകയാണ്. അരിയിലും സി പി എമ്മിന്റെ ശക്തി കേന്ദ്രമായ കീഴാറയിലും സാക്ഷികള്‍ക്ക് ഭീഷണിയുണ്ട്. പ്രതികളുടെ ഫോണ്‍ കാളുകള്‍ പരിശോധിക്കാനോ അന്വേഷണത്തില്‍ സാങ്കേതിക സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്താനോ പോലീസ് തയാറായിട്ടില്ല.
ജയരാജനെയും രാജേഷിനെയും അറസ്റ്റ് ചെയ്ത് ജയിലില്‍ അടക്കണമെന്നും ഇവര്‍ പുറത്തുള്ളത് സാക്ഷികള്‍ക്ക് ഭീഷണിയാണെന്നും കെ എം ഷാജി എം എല്‍ എ പറഞ്ഞു. ഇരുവര്‍ക്കുമെതിരെ 120 ബി വകുപ്പ് പ്രകാരം കേസെടുക്കണം. 118 പ്രകാരമാണ് ഇപ്പോള്‍ കേസെടുത്തിട്ടുള്ളത്. ഷുക്കൂറിനെ കൊന്നത് സി പി എം പാര്‍ട്ടി മിഷനറി ഉപയോഗിച്ചാണെന്ന് വ്യക്തമാക്കുന്ന പ്രസ്താവനകളാണ് ജയരാജന്‍ അടക്കമുള്ള കണ്ണൂരിലെ നേതാക്കളുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളത്.
കെ എം ഷാജി എം എല്‍ എയുടെ നേതൃത്വത്തില്‍ രാവിലെ 11 മണിയോടെ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് ഷുക്കൂറിന്റെ മാതാവ് നിവേദനം നല്‍കിയത്. ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും നിവേദനം നല്‍കിയിട്ടുണ്ട്. മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി കെ അബ്ദുല്‍ഖാദര്‍ മൗലവി, കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് കെ എം സൂപ്പി, ജില്ലാ സെക്രട്ടറിമാരായ അഡ്വ. കെ എ ലത്തീഫ്, ഇബ്‌റാഹിംകുട്ടി തിരുവട്ടൂര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.