ഉത്തരേന്ത്യ: ജീവിതവും സംസ്‌കാരവും

Posted on: February 18, 2013 2:11 pm | Last updated: February 20, 2013 at 1:42 pm

ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ ബസ്സിറങ്ങി താജ്മഹലിലേക്ക് ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യവെ ഡ്രൈവറെ പരിചയപ്പെട്ടു. പേര് മുഹമ്മദ് സിയാഉല്‍ മുസ്തഫ. കുശലാന്വേഷണങ്ങള്‍ക്കിടയില്‍ സുഹൃത്ത് ചോദിച്ചു: ‘നിസ്‌കാരമൊക്കെ?’
‘എല്ലാ വെള്ളിയാഴ്ചയും നമാസിന് (നിസ്‌കാരത്തിന്) പോകാറുണ്ട്’. ഡ്രൈവര്‍ അഭിമാന പൂര്‍വം ഞങ്ങളെ നോക്കി.
‘അപ്പോള്‍ മറ്റു ദിവസങ്ങളില്‍?’
ചോദ്യത്തിനു മുമ്പില്‍ ചെറുതായൊന്നു പരുങ്ങിയ ശേഷം അലസ ഭാവത്തില്‍ അയാള്‍ പറഞ്ഞു: ‘എന്നും നിസ്‌കരിക്കാന്‍ ഞാന്‍ മൗലാനയോ പീറോ ഒന്നുമല്ലല്ലോ’.
ഇതാണ് ശരാശരി ഉത്തരേന്ത്യന്‍ മുസ്‌ലിംകള്‍! മതപരമായ വിജ്ഞാനം വളരെ കുറവ്. ആഴ്ചയിലൊരിക്കല്‍ നിര്‍വഹിക്കുന്ന ജുമുഅ നിസ്‌കാരം ദീനിന്റെ ഏറ്റവും വലിയ ശിആറായി കൊണ്ടു നടക്കുന്നവര്‍. ദിനേനയുള്ള നിസ്‌കാരം മൗലാനമാര്‍ക്കും പീറുമാര്‍ക്കും മാത്രം ബാധ്യതയാണെന്ന് ധരിച്ചു വശായവര്‍. നമ്മുടെ കൊച്ചു കേരളം വിട്ടാല്‍- ഉത്തരേന്ത്യയില്‍ വിശേഷിച്ചും- മുസ്‌ലിംകളുടെ സ്ഥിതി പരിതാപകരമാണ്. ‘ശഹാദത്ത്കലിമ’ പോലും പലര്‍ക്കുമറിയില്ല. ശംസുല്‍ ഉലമയുടെ ഭാഷയില്‍ പറഞ്ഞാല്‍ വെറും കാനേഷുമാരി മുസ്‌ലിംകള്‍.
എണ്ണൂറ് വര്‍ഷക്കാലം അവിഭക്ത ഇന്ത്യ ഭരിച്ച പാരമ്പര്യമുള്ള മുസ്‌ലിം ചക്രവര്‍ത്തിമാരുടെ പിന്‍ഗാമികള്‍ ഇന്ന് എത്തിപ്പെട്ട അവസ്ഥ കണ്ടാല്‍ ആരുടെയും കണ്ണുകള്‍ നിറയും. മുസ്‌ലിം ശില്‍പകലയുടെയും വാസ്തുവിദ്യയുടെയും സ്മാരകശിലകളായ ഖുത്ബ്മീനാറും താജ്മഹലും ഇല്‍തമിഷ് പാലസും ഷാജഹാന്‍ടോമ്പുമെല്ലാം ഒരു ഭാഗത്ത് തലയുയര്‍ത്തി നില്‍ക്കുമ്പോള്‍, മറുഭാഗത്ത് ഉപജീവനത്തിനായി സൈക്കിള്‍റിക്ഷ ചവിട്ടുകയാണിന്ന് മുസല്‍മാന്‍! തീര്‍ന്നില്ല, ഒരു നേരത്തെ വിശപ്പടക്കാനായി ക്ഷേത്രങ്ങള്‍ക്കു മുമ്പില്‍ വിതരണം ചെയ്യുന്ന ‘നിവേദ്യ’ത്തിനായി കാത്തിരിക്കുന്ന മുസ്‌ലിംകള്‍ പോലുമുണ്ട്. പശ്ചിമ ബംഗാളില്‍ മനുഷ്യരെ ഇരുത്തി മനുഷ്യര്‍ വലിച്ചു കൊണ്ടോടുന്ന റിക്ഷക്കാരില്‍ ‘ടിപ്പുസുല്‍ത്താന്റെ’ പേരക്കിടാങ്ങള്‍ പോലുമുണ്ടെന്ന് പറയപ്പെടുന്നു.
*** *** ***
ഡല്‍ഹിയിലെ ദരിയാഗഞ്ചില്‍ പ്രവര്‍ത്തിക്കുന്ന അഖിലേന്ത്യാ സുന്നി വിദ്യാഭ്യാസ ബോര്‍ഡിന്റെ ഓഫീസിലിരുന്ന് അഖിലേന്ത്യാ ഓര്‍ഗനൈസര്‍ ശാഹുല്‍ ഹമീദ് ബാഖവിയുമായി സംസാരിക്കുന്നതിനിടെ അദ്ദേഹം പറഞ്ഞു: ‘മുസ്‌ലിം സംസ്‌കാരത്തിന്റെ പ്രൗഢകേന്ദ്രമായിരുന്ന ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളിലായി അന്യാധീനപ്പെട്ടു കിടക്കുന്ന നൂറുകണക്കിന് പള്ളികളുണ്ട്. ഒന്നിലും ബാങ്കോ, നിസ്‌കാരമോ, മറ്റു ഇബാദത്തുകളോ നടക്കുന്നില്ലെന്ന് മാത്രമല്ല, മുസ്‌ലിംകളടക്കമുള്ള പ്രദേശവാസികളുടെ മലമൂത്ര വിസര്‍ജ്ജന സ്ഥലം കൂടിയാണ് പൊളിഞ്ഞു വീഴാറായ പ്രസ്തുത പുണ്യഭവനങ്ങള്‍. പലതും പതിയെ പതിയെ ഏറ്റെടുത്തു നടത്തിക്കൊണ്ട് വരികയാണ്. നിയമപരമായ പ്രശ്‌നം ഒരു വശത്ത്. വര്‍ഗീയ വാദികളുടെ പ്രശ്‌നം മറ്റൊരു വശത്ത്. സാമ്പത്തിക സ്രോതസ്സിന്റെ അഭാവം കൂടിയാകുമ്പോള്‍ ചിത്രം പൂര്‍ണ്ണമാകുന്നു’
സംഘടിതരല്ലെങ്കില്‍ ഒരു ജനസമൂഹം എത്രമാത്രം അധഃപതിക്കുമെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഉത്തരേന്ത്യ. മുസ്‌ലിംകളില്‍ നിരവധി കോടീശ്വരന്മാരുണ്ടവിടെ. ഉന്നത പണ്ഡിതരുമുണ്ട്. പക്ഷേ, ഉലമാ-ഉമറാ കൂട്ടായ്മയില്ല. മുതലാളിയും തൊഴിലാളിയൂം തമ്മില്‍ ബന്ധമില്ല. പണക്കാര്‍ക്ക് സ്വന്തം കാര്യങ്ങള്‍ക്കപ്പുറം സമൂഹപുരോഗതിയില്‍ യാതൊരു താല്‍പര്യവുമില്ല. ഈ നില തുടരുന്ന പക്ഷം ബാബരിദുരന്തം ആവര്‍ത്തിക്കുമെന്നതില്‍ യാതൊരു സംശയവുമില്ല.
ഉത്തരേന്ത്യന്‍ പണ്ഡിതരുടെ പേരുകളും പദവികളും കേട്ടാല്‍ അമ്പരന്നു പോകും. ആലിമും അല്ലാമയും മുഫ്തിയും ഖാളില്‍ഖുളാത്തുമൊക്കെയായി അറിയപ്പെടുന്ന ഭൂരിഭാഗം പേരുടെയും വിവരം പക്ഷേ, നമ്മുടെ നാട്ടിലെ മദ്‌റസ മുഅല്ലിമിനോളമെത്തില്ല. മതപാഠശാലകളും കോളജുകളുമെല്ലാമുണ്ടെങ്കിലും അവയുടെ അവസ്ഥയും ഏറെക്കുറെ മേല്‍ പറഞ്ഞത് തന്നെ. ഉത്തര്‍പ്രദേശിലൊരു മദ്‌റസയില്‍ സുന്നി വിദ്യാഭ്യാസ ബോര്‍ഡിന്റെ സിലബസനുസരിച്ചു ഒരു വര്‍ഷം പഠിപ്പിക്കാനായി തയാറാക്കിയ ഹനഫീ പാഠപുസ്തകങ്ങള്‍ അയച്ചു കൊടുത്ത ശേഷം ഒരു മാസം കഴിഞ്ഞു വിവരമന്വേഷിച്ചപ്പോള്‍ ‘അത് രണ്ടാഴ്ച കൊണ്ടു തന്നെ പഠിപ്പിച്ചു കഴിഞ്ഞു’ വെന്ന് ആഹഌദപൂര്‍വം മറുപടി പറഞ്ഞു ‘കഴിവ് തെളിയിച്ചവരാ’ണവര്‍!
രാഷ്ട്രീയമായും ഉത്തരേന്ത്യന്‍ മുസ്‌ലിംകള്‍ സംഘടിതരല്ല. തിരഞ്ഞെടുപ്പടുക്കുമ്പോള്‍ മോഹന വാഗ്ദാനങ്ങളുമായി സമുദായ രക്ഷകരെന്ന വ്യാജേന എത്തുന്ന രാഷ്ട്രീയ നേതാക്കളുടെ പിന്നീടുള്ള അവസ്ഥ, ‘പാലം കടന്നാല്‍ കൂരായണ’ എന്ന ചൊല്ലിനെ അനുസ്മരിപ്പിക്കുന്ന വിധമാണ.് മുസ്‌ലിംകള്‍ തിങ്ങിപ്പാര്‍ക്കുന്ന ഗല്ലികളുടെയും പുറംപോക്ക് പ്രദേശങ്ങളുടെയും വൃത്തിഹീനതയും ശുദ്ധജലക്ഷാമവും ഇതിനേറ്റവും വലിയ തെളിവാണ്. മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളിലെല്ലാം വോട്ടുകള്‍ വിവിധ പാര്‍ട്ടികളിലായി ചിതറിക്കിടക്കുകയാണ്. അവ ഏകോപിപ്പിച്ചു നാടിന്റെയും സമുദായത്തിന്റെയും പുരാഗതിക്ക് സഹായകമാകും വിധം വോട്ട്‌ബേങ്കായി ഉപയോഗപ്പെടുത്താന്‍ പ്രാപ്തരായ നേതാക്കള്‍ അവിടെയില്ല. പേരിന് ഉള്ളവര്‍ക്ക് ജനപിന്തുണയുമില്ല. ഈ ദുരവസ്ഥ ചൂഷണം ചെയ്യുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ കൂട്ടത്തില്‍ ബി ജെ പി കൂടിയുണ്ടെന്നറിയുമ്പോഴാണ് അവരുടെ ദൈന്യതയുടെ ആഴം മനസ്സിലാകുക
*** *** ***
ജാമിഅഃ സഅദിയ്യഃയില്‍ തഖസ്സുസിന് പഠിച്ചു കൊണ്ടിരിക്കുന്ന കാലം. സഹപാഠിയായ കാശ്മീരി യുവാവുമായി നടന്ന ചര്‍ച്ച പതുക്കെ പതുക്കെ സംവാദത്തിലെത്തി. ‘ദയൂബന്തികള്‍ (തബ്‌ലീഗുകാര്‍) കാഫിറാണ്. അങ്ങനെ വിശ്വസിച്ചാലേ സുന്നിയാകൂ’ വെന്ന് കാശ്മീരി ശക്തിയുക്തം വാദിച്ചു കൊണ്ടിരുന്നു. ഞങ്ങള്‍ ആ വാദത്തെ ഖണ്ഡിച്ചു. ‘അങ്ങനെ ഒറ്റയടിക്കു ആരെയും കാഫിറാക്കിക്കൂടാ. കാഫിറെന്ന വിധിയെഴുത്ത് അതീവ ഗുരുതരമായ കാര്യമാണെന്നാണ് പണ്ഡിതന്മാര്‍ ഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തിയിട്ടുള്ളത്’.
കേള്‍ക്കേണ്ട താമസം, കാശ്മീരിയുടെ മട്ട് മാറി. കണ്ണുകള്‍ ചുവന്നു. ഗൗരവത്തോടെ ഞങ്ങളെ തറപ്പിച്ചു നോക്കിക്കൊണ്ട് ആ യുവാവ് പറഞ്ഞു: ‘ നിസ്‌കാരത്തില്‍ നബിയെ ഓര്‍ക്കുന്നത് ചത്ത കഴുതയെ ഓര്‍ക്കുന്നതിന് തുല്യമാണെന്ന് വാദിക്കുന്ന തബ്‌ലീഗുകാര്‍ കാഫിറാണെന്ന് പറയാന്‍ നിങ്ങള്‍ക്കു മടിയുണ്ടല്ലേ? നിങ്ങളുടെയൊന്നും ഈമാന്‍ പൂര്‍ണ്ണമല്ല’ അതും പറഞ്ഞു അദ്ദേഹം വെറുപ്പ് പ്രകടിപ്പിക്കാനെന്ന വണ്ണം കാലുകള്‍ അമര്‍ത്തിച്ചവിട്ടി റൂമില്‍ നിന്നു പുത്തിറങ്ങിയപ്പോള്‍ ഞങ്ങള്‍ മുഖത്തോട് മുഖം നോക്കി നിന്നു പോയി.
ഇതാണ് ഉത്തരേന്ത്യക്കാരുടെ വിശ്വാസദാര്‍ഢ്യം. വിശ്വാസകാര്യങ്ങളില്‍ വെള്ളം ചേര്‍ക്കാന്‍ അവര്‍ ആരെയും അനുവദിക്കില്ല. അതീവ ബഹുമാനമാണവര്‍ക്ക് മഹാന്മാരോട്. അഞ്ചു വഖ്ത് നിസ്‌കരിക്കാത്തവനും അജ്മീര്‍ ദര്‍ഗയുടെ കവാടത്തില്‍ വന്നു തല ഉമ്മറപ്പടിയില്‍ വച്ചു പ്രാര്‍ഥിക്കും. അപമര്യാദ ഭയന്നു പിറകോട്ട് നടന്നേ ദര്‍ഗയില്‍ നിന്ന് തിരിച്ചു പോകൂ. മിക്കവാറും വീടുകളിലും വാഹനങ്ങളിലും അജ്മീര്‍ ദര്‍ഗയുടെ ഫോട്ടോയുണ്ടായിരിക്കും.
‘ഇഷ്ടപ്പെട്ടാല്‍ കരളും പറിച്ചു തരും. വെറുത്താലോ, കരളും മാന്തിപ്പറിക്കു’ മെന്നാണ് ഉത്തരേന്ത്യക്കരുടെ സ്വഭാത്തെ പറ്റി ചിലരെങ്കിലും പരിചയപ്പെടുത്താറുള്ളത്. അനുഭവങ്ങളില്‍ നിന്ന് ഇത് ഏറെക്കുറെ ശരിയാണെന്നു തോന്നിയിട്ടുണ്ട്.

*** *** ***
പ്രവാചക പ്രേമ(ഇശ്ഖ്)ത്തില്‍ ഉത്തരേന്ത്യക്കാരെ കവച്ചു വെക്കാന്‍ മറ്റാര്‍ക്കുമാകുമെന്നു തോന്നുന്നില്ല. പ്രവാചക പ്രകീര്‍ത്തന കാവ്യങ്ങള്‍ (നഅ്ത്)ആലപിച്ചു കൊണ്ടേ അവര്‍ ഏത് പരിപാടിയും തുടങ്ങാറുള്ളു. ചിലപ്പോള്‍ പരിപാടികള്‍ക്കിടയിലും ‘നഅ്തു’കള്‍ ആലപിക്കും. ശൈഖ് അഹ്മദ് റസാഖാന്‍ ബറേല്‍വി രചിച്ച ‘മുസ്തഫാ ജാനേ’ എന്ന് തുടങ്ങുന്ന കാവ്യമാണ് കൂടുതലും ആലപിക്കാറ്. ഉത്തരേന്ത്യയിലെ സാധാരണക്കാര്‍ക്കു പോലും രണ്ടോ, മുന്നോ ‘നഅ്‌തെ’ങ്കിലും മനഃപാഠമുണ്ടായിരിക്കും.
നഅ്ത് സദസ്സുകള്‍ അവിടെ വ്യാപകമാണ്. സ്വരമാധുര്യത്തേക്കാള്‍ ആശയഗാംഭീര്യത്തിനാണ് ഉത്തരേന്ത്യന്‍ നഅ്ത് ആസ്വാദകര്‍ പ്രാമുഖ്യം കല്‍പിക്കുന്നത്. ‘സുബ്ഹാനല്ലാഹ്’, ‘മാശാഅല്ലാഹ്’ എന്നിങ്ങനെ വിളിച്ചു പറഞ്ഞും, ചിലപ്പോള്‍ കൊടി വീശിയും സദസ്യര്‍ ഗായകനെ പ്രോത്സാഹിപ്പിച്ചു കൊണ്ടിരിക്കും. സുബ്ഹി നിസ്‌കാരം കഴിഞ്ഞാല്‍, പലരും അല്‍പം വടക്കോട്ടു തിരിഞ്ഞു നിന്ന് (മദീനയിലേക്ക്) രണ്ടു കൈകളും പൊക്കിളിന് താഴെ വെച്ചു ഭക്ത്യാദരപൂര്‍വം ഏതാനും വരികള്‍ നഅ്ത് ആലപിക്കുന്നത് കാണാം.
അവരുടെ പ്രസംഗങ്ങളിലും നബിതിരുമേനിയുടെ മദ്ഹുകളും ഔലിയാക്കളുടെ കറാമത്തുകളും ഇസ്‌ലാമിന്റെ മഹത്വങ്ങളുമൊക്കെയാണ് വിഷയം. പ്രസംഗം കത്തിക്കയറുമ്പോള്‍ ആവേശഭരിതരാകുന്ന സദസ്യരില്‍ ചിലര്‍ ‘നാരേ തക്ബീര്‍’ എന്നു വിളിച്ചു പറയുമ്പോള്‍ മറ്റുള്ളവര്‍ ‘അല്ലാഹു അക്ബര്‍’ എന്നു ഏറ്റു പറയും. പ്രസംഗകന്‍ നബിതിരുമേനിയെ പരാമര്‍ശിച്ചു സംസാരിക്കുമ്പോള്‍ ‘നാരേ രിസാല’ എന്നൊരാള്‍ വിളിച്ചു പറയും. അത് കേള്‍ക്കുമ്പോള്‍ മറ്റുള്ളവര്‍ നബിയുടെ പേരില്‍ അത്യുച്ചത്തില്‍ സലാത്ത് ചൊല്ലും. പ്രഭാഷണ പരിപാടികള്‍ തുടങ്ങുന്നതിന് മുമ്പ് ഒരു അനൗണ്‍സര്‍ അല്‍പനേരം സലാത്തുകള്‍ ചൊല്ലുകയും സദസ്യരെ കൊണ്ട് ഏറ്റു ചൊല്ലിപ്പിക്കുകയും ചെയ്യും.

ആദരണീയ വ്യക്തിത്വങ്ങളെയും വസ്തുക്കളെയും ബഹുമാനിക്കുന്നതിലും നമ്മേക്കാള്‍ മുമ്പിലാണ് ഉത്തരേന്ത്യക്കാര്‍. ഒരാളുടെ പിന്നിലിരുന്ന് മുസ്ഹഫ് നിവര്‍ത്തി വെച്ച് ഓതുന്നത് അനാദരവായാണ് അവര്‍ കാണുന്നത്. അങ്ങനെ ഓതുന്നത് കണ്ടാല്‍ രോഷത്തോടെ കയര്‍ക്കും. ഖുര്‍ആന്‍ സമൂഹ പാരായണം വേണ്ടി വരുമ്പോള്‍ വട്ടമിട്ടാണ് അവര്‍ ഇരിക്കുക. എങ്കില്‍ ഖുര്‍ആന്‍ ഒരാളുടെ പിന്നിലാകുന്നത് ഒഴിവാക്കാനാകുമല്ലോ.
മതപഠനത്തിന് വരുന്ന വിദ്യാര്‍ഥികള്‍ ബഹുമാന പുരസ്സരം ഉസ്താദിന്റെ കൈ പിടിച്ചു (ചിലപ്പോള്‍ കാലും)ചുംബിച്ച ശേഷമാണ് കിതാബ് തുറക്കുക. ക്ലാസ് കഴിഞ്ഞു പോകുമ്പോഴും ഹസ്രത്തി(അങ്ങനെയാണവര്‍ ഉസ്താദിനെ വിളിക്കുന്നത്)നോട് ഈ വിധം ബഹുമാനം പ്രകടിപ്പിക്കും. ഖിബ്‌ലക്ക് നേരെ കാല്‍ നീട്ടിയിരിക്കുന്നത് അവരെ സംബന്ധിച്ചിടത്തോളം ‘സബ്ഉല്‍ മൂബിഖാത്തി’ന്(വന്‍ദോഷങ്ങള്‍) തുല്യമാണ്. ഉത്തരേന്ത്യയിലെ ‘മസാറു’കളില്‍ പലപ്പോഴും ഈ ബഹുമാനം അതിര് കടക്കുന്നതായി അനുഭവപ്പെടാറുണ്ട്.
കൊടിവീശലും നഅ്‌റ(മുദ്രാവാക്യം) മുഴക്കലുമൊക്കെയാണ് ഉത്തരേന്ത്യക്കാരുടെ മുഖ്യ ഇസ്‌ലാമിയ്യത്ത്. ഖുര്‍ആന്‍ ഓതാന്‍ പലര്‍ക്കുമറിയില്ല. അറിയുന്നവര്‍ ഹാഫിളു(ഖുര്‍ആന്‍ പൂര്‍ണ്ണമായി മനഃപാഠമാക്കിയവര്‍) കളുമായിരിക്കും. പക്ഷേ മിക്കവരുടെയും ഖിറാഅത്തിന് തജ്‌വീദുമായി ബന്ധമുണ്ടാകില്ല. ഇത്തരം ഹാഫിളുകളാണ് പള്ളികളില്‍ തറാവീഹിന് നേതൃത്വം നല്‍കുക. ലൈലത്തുല്‍ ഖദര്‍ അഥവാ റമളാന്‍ ഇരുപത്തേഴാം രാവ് സമുചിതമായി തന്നെ ആഘോഷിക്കും. അന്ന് വിശുദ്ധ ഖുര്‍ആന്‍ ‘ഖത്മ്’ ചെയ്യും. അതോടനുബന്ധിച്ചു പള്ളികള്‍ തോരണങ്ങള്‍ കൊണ്ടലങ്കരിക്കും.
ഖുര്‍ആന്‍ ഓതാനറിയാത്തവര്‍ വിശുദ്ധ ഖുര്‍ആന്‍ തുറന്നു പിടിച്ചു ഓരോ വരികള്‍ക്കിടയിലൂടെയും ബഹുമാന പൂര്‍വം കൈവിരലോടിക്കുന്നത് കാണാം. ഇങ്ങനെ കൈവിരല്‍ ഓടിച്ചു ഖതം തീര്‍ക്കുന്നവരും അതില്‍ അഭിമാനം കൊള്ളുന്നവരുമുണ്ട്.

*** ***
എന്നാണ് ഉത്തരേന്ത്യയില്‍ ഇസ്‌ലാം എത്തിയത്? ചരിത്ര പണ്ഡിതര്‍ക്കിടയില്‍ ഇക്കാര്യത്തില്‍ അഭിപ്രായ ഭിന്നതയുണ്ട്. ഇസ്‌ലാമിന്റെ ആദ്യനൂറ്റാണ്ടില്‍ സിന്ധില്‍ നിന്നെത്തിയ മുഹമ്മദ് ബ്‌നു ഖാസിം എന്ന താബിഇലൂടെയാണ് അവിടെ ഇസ്‌ലാം കടന്നു വന്നതെന്ന അഭിപ്രായമാണ് പ്രബലം. പിന്നീട് നബിതിരുമേനിയുടെ ആത്മീയ നിര്‍ദേശ പ്രകാരം ഇന്ത്യയില്‍ മതപ്രചാരണത്തിനെത്തിയ സുല്‍ത്താനുല്‍ ഹിന്ദ് ഖാജാ മുഈനുദ്ദീന്‍ ചിശ്തിയെ പോലുള്ള നിരവധി ഔലിയാക്കളും സൂഫികളും അവിടുത്തെ ഇസ്‌ലാമിക വളര്‍ച്ചയില്‍ ഗണ്യമായ പങ്ക് വഹിച്ചു. സൂഫികളിലൂടെയാണ് മതത്തെ അടുത്തറിഞ്ഞത് എന്നത് കൊണ്ടായിരിക്കണം അവര്‍ക്കു ഔലിയാക്കളോടും മഹാന്മാരോടും ഇത്രയും ബഹുമാനം.

*** ***
‘ഉര്‍ദു അറിയാതെ പിന്നെ താങ്കളെന്ത് മുസ്‌ലിം?’ മുംബൈയില്‍ എത്തുന്ന പല മലയാളി സുഹൃത്തുക്കളും ഉത്തരേന്ത്യക്കാരില്‍ നിന്ന് ഈ ചോദ്യം അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. ഉര്‍ദു ഉത്തരേന്ത്യന്‍ മുസ്‌ലിംകള്‍ക്കു സംസാര ഭാഷ മാത്രമല്ല, മതകീയ ഭാഷ കൂടിയാണ്. മുസ്‌ലിമാണോ, എങ്കില്‍ ഉര്‍ദു അറിഞ്ഞിരിക്കണമെന്നതാണ് അവരുടെ നിലപാട്. മുസ്‌ലിം ഇന്ത്യയുടെ ഭാഷയായി ഉര്‍ദുവിനെ അവര്‍ ഗണിക്കുന്നു. എന്നാല്‍ കേരളക്കാരില്‍ ഉര്‍ദു അറിയുന്നവര്‍ വിരളം. ഇക്കാരണം കൊണ്ട് തന്നെ ഇന്ത്യയിലെ മൊത്തം മുസ്‌ലിം സമൂഹത്തില്‍ നിന്ന് കേരളീയര്‍ വേറിട്ടു നില്‍ക്കുകയും ചെയ്യുന്നു. കേരളത്തിലെ ഇസ്‌ലാമിക ഉണര്‍വും സജീവതയും ഇതര സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിന് ഭാഷാപരമായ ഈ വിടവാണ് കാര്യമായ തടസ്സം. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമായുടെയും, സുന്നി വിദ്യാഭ്യാസ ബോര്‍ഡിന്റെയും മറ്റും പ്രവര്‍ത്തന ഫലമായി കുറെയൊക്കെ മാറ്റങ്ങള്‍ വരുത്താന്‍ സാധിച്ചിട്ടുണ്ടെങ്കിലും, ചെയ്തതിലേറെ ചെയ്യാന്‍ ബാക്കിയുണ്ടെന്ന കാര്യം നമ്മെ കര്‍മ്മബദ്ധരാക്കേണ്ടിയിരിക്കുന്നു.

*** ***
ഉത്തരേന്ത്യയില്‍ കൂടുതലും ഹനഫി മദ്ഹബുകാരാണ.്എങ്കിലും വിശ്വാസപരമായി ബഹുഭുൂരിഭാഗവും കേരള മുസ്‌ലിംകളോട് പൂര്‍ണ്ണമായും സാമ്യത പുലര്‍ത്തുന്നു. കേരളത്തില്‍ മൗലിദുകളും നബികീര്‍ത്തനങ്ങളും അറബിയിലും അറബി മലയാളത്തിലുമാണ് പാരായണം ചെയ്യുന്നതെങ്കില്‍, ഉത്തരേന്ത്യയില്‍ അത് ഉര്‍ദുവിലാണെന്ന് മാത്രം. നമ്മുടെ മുഹ്‌യിദ്ദീന്‍ മാലയോടും ഖസീദത്തുല്‍ ബുര്‍ദയോടും സാമ്യതയുള്ള നിരവധി കവിതകള്‍ അവിടെ ആലപ്പിക്കപ്പെടുന്നുണ്ട്. ലോകം മുഴുക്കെയുള്ള സുന്നി മദ്രസകളിലെ ക്ലാസുകളും സമ്മേളനങ്ങളും ഇസ്‌ലാമിക സദസ്സുകളും സമാപിക്കുന്നത് സ്വലാത്ത് കൊണ്ടാണല്ലോ. എന്നാല്‍ ഉര്‍ദു സംസാരിക്കുന്ന മിക്കവാറും പ്രദേശങ്ങളിലും ഉര്‍ദുവിലുള്ള പ്രവാചക പ്രകീര്‍ത്തന കാവ്യങ്ങളില്‍ നിന്നല്‍പം ചൊല്ലിക്കൊണ്ടാണ് പരിപാടികളുടെ സമാപനം. ജുമുഅ നിസ്‌കാരാനന്തരവും സുബ്ഹി നിസ്‌കാരത്തിന് ശേഷവും അവര്‍ നഅ്ത് ആലപിക്കാറുണ്ട്.

*** ***
‘ജിസ് വഖ്ത് സമൂസാ മേം ആലൂ രഹേഗാ ഉസ് വഖ്ത് ബീഹാര്‍ മേം ലാലൂ രഹേഗാ'(സമൂസയില്‍ ഉരുളക്കിഴങ്ങ് ഉള്ളിടത്തോളം കാലം ബീഹാറില്‍ ലാലുവുമുണ്ടാകും). ബീഹാറിന്റെ തലസ്ഥാനമായ ‘പാട്‌ന’യിലെ ഒരു തിരഞ്ഞെടുപ്പ് പ്രചാരണയോഗത്തില്‍ രാഷ്ട്രീയ ജനതാ ദള്‍ നേതാവ് ലാലു പ്രസാദ് യാദവ് നടത്തിയ പ്രസംഗത്തിലെ ഈ വരികള്‍ ഉത്തരേന്ത്യക്കാരുടെ ഭക്ഷണരീതിയിലേക്ക് വിരല്‍ ചുണ്ടുന്നുണ്ട്. ആലു, ദാല്‍(ഉരുളക്കിഴങ്ങ്, പരിപ്പ്) എന്നിവ ഉത്തരേന്ത്യക്കാരുടെ പ്രധാനപ്പെട്ട രണ്ടു ഭക്ഷ്യ വസ്തുക്കളാണ്. ഇവ കൂടാതെ അവര്‍ക്കു പലഹാരങ്ങളും സദ്യകളുമില്ല. ഉത്തരേന്ത്യന്‍ തെരുവുകളിലെ ഏത് ചായക്കടയില്‍ കയറി പലഹാരം കഴിച്ചാലും ഉള്ളില്‍ ‘ആലു’ ഇല്ലാതിരിക്കില്ല. കറിയില്‍ പരിപ്പും. തെരഞ്ഞടുപ്പ് ഫലങ്ങളെ വരെ ഇവയുടെ വിലക്കുറവും വിലവര്‍ധനയും സ്വാധീനിക്കാറുണ്ട്.
കേരളീയരെപ്പോലെ ദിനേന നാലും അഞ്ചും നേരം വയറ് നിറച്ചു ഭക്ഷണം കഴിക്കുന്ന സ്വഭാവം പൊതുവെ ഉത്തരേന്ത്യക്കാര്‍ക്കില്ല. സുബ്ഹിക്കു ശേഷം ഒരു ചായയും ലഘുകടിയും കഴിഞ്ഞാല്‍ ഉച്ചക്ക് പന്ത്രണ്ട് മണിക്ക് ഊണേയുള്ളു. അതും പച്ചരിച്ചോറ്. പിന്നീട് മഗ്‌രിബിന് ശേഷം ചപ്പാത്തിയും പരിപ്പ് കറിയും. കേരളീയരെ അപേക്ഷിച്ചു അവര്‍ക്കു രേഗങ്ങള്‍ കുറഞ്ഞു കാണുന്നതിന്റെ രഹസ്യം ഈ മിതഭക്ഷണ രീതിയായിരിക്കുമോ?