ഉന്നതങ്ങള്‍ കീഴടക്കാന്‍ സിവില്‍ സര്‍വ്വീസ്

Posted on: February 18, 2013 1:55 pm | Last updated: May 3, 2013 at 5:34 pm

IAS-Preparationഉയര്‍ന്ന ശമ്പളം പറ്റാവുന്ന ഒരുപാട് പുതുപുത്തന്‍ കോഴ്‌സുകള്‍ ഇന്ന് നിലവിലുണ്ടെങ്കിലും യുവ തലമുറ ഏറ്റവും കൂടുതല്‍ തിരഞ്ഞെടുക്കുന്ന കരിയര്‍ ഓപ്ഷനുകളില്‍ ഒന്നാം സ്ഥാനത്താണ് ഇന്ത്യന്‍ സിവില്‍ സര്‍വ്വീസ്. സമൂഹത്തില്‍ ലഭിക്കുന്ന ഉന്നതമായ പദവിയും ജോലി നല്‍കുന്ന വിശാലമായ അധികാരവുമെല്ലാമാണ് യുവതയെ സിവില്‍ സര്‍വ്വീസിലേക്ക് ആകര്‍ഷിക്കുന്നത്. കഠിനമായ പരിശ്രമവും അതിയായ ആഗ്രഹവുമുണ്ടെങ്കില്‍ ഏതൊരാള്‍ക്കും നേടാവുന്നതാണ് സിവില്‍ സര്‍വ്വീസ്. യൂണിയന്‍ പബ്ലിക് സര്‍വ്വീസ് കമ്മീഷനാണ് സിവില്‍ സര്‍വ്വീസ് പരീക്ഷ നടത്തുന്നത്. ഐ.എ.എസ്,  ഐ.പി.എസ്, ഐ.എഫ്. എസ്  തുടങ്ങി 24 സര്‍വ്വീസുകളിലേക്കാണ് സിവില്‍ സര്‍വ്വീസ് പരീക്ഷയിലൂടെ നിയമനം നടത്തുന്നത്.

പരീക്ഷാ രീതി:
പ്രിലിമിനറി, മെയിന്‍, ഇന്റര്‍വ്യൂ എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായി ഒരു വര്‍ഷം നീണ്ട് നില്‍ക്കുന്ന പരീക്ഷയാണ് സിവില്‍ സര്‍വ്വീസ് പരീക്ഷ. മെയ് മാസത്തിലാണ് പ്രിലിമിനറി പരീക്ഷ നടക്കാറുള്ളത്. 200 മാര്‍ക്ക് വീതമുള്ള രണ്ട് പേപ്പറുകളാണ് പ്രിലിമിനറി പരീക്ഷക്ക് ഉണ്ടാവുക. പ്രിലിമിനറി പരീക്ഷ ഒരു യോഗ്യതാ പരീക്ഷ മാത്രമാണ്. ഇതില്‍ കിട്ടുന്ന മാര്‍ക്ക് അന്തിമ റിസല്‍ട്ടില്‍ പരിഗണിക്കില്ല. പ്രിലിമിനറിയുടെ ഫലം ആഗസ്ത് ആദ്യ വാരം പുറത്ത് വരും. രണ്ടാം ഘട്ടമായ മെയിന്‍ പരീക്ഷ ഒക്‌ടോബര്‍-നവംബര്‍ മാസത്തിലാണ് നടക്കുക. 200 മാര്‍ക്കിന്റെ ഉപന്യാസം, 300 മാര്‍ക്ക് വീതമുള്ള രണ്ട് ജനറല്‍ സ്റ്റഡീസ് പേപ്പറുകള്‍, രണ്ട് ഐച്ഛിക വിഷയങ്ങള്‍(ഓരോ വിഷയത്തിനും 300 മാര്‍ക്ക് വീതമുള്ള രണ്ട് പേപ്പറുകള്‍) എന്നിങ്ങനെ മൊത്തം 2000 മാര്‍ക്കാണ് മെയിന്‍ പരീക്ഷക്കുള്ളത്. ഇതിന് പുറമേ ഇംഗ്ലീഷിലും പ്രാദേശിക ‘ഭാഷയിലുമുള്ള രണ്ട് പേപ്പറുകളുണ്ട്. ഇതില്‍ മിനിമം യോഗ്യത നേടിയാല്‍ മതി. മെയിന്‍ പരീക്ഷയുടെ ഫലം മാര്‍ച്ചില്‍ വരും. തുടര്‍ന്ന് മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ ഇന്‍ര്‍വ്യൂ നടക്കും. ഇന്റര്‍വ്യൂവിന് 300 മാര്‍ക്കാണ് ഉള്ളത്. മെയിനിന്റെയും ഇന്റര്‍വ്യൂവിന്റെയും ആകെ മാര്‍ക്കാണ്(2300) അവസാന ഫലം നിര്‍ണ്ണയിക്കുന്നത്. പ്രിലിമിനറിക്കും മെയിനിനും ഇന്ത്യയൊട്ടുക്കും പരീക്ഷാ കേന്ദ്രങ്ങളുണ്ട്. ഇന്റര്‍വ്യൂ ഡല്‍ഹിയിലെ യു.പി.എസ്.സി. ആസ്ഥാനത്താണ് നടക്കുക.
ഒന്നര വര്‍ഷത്തോളം നീണ്ട് നില്‍ക്കുന്ന പരീക്ഷയാണ് സിവില്‍ സര്‍വ്വീസ് പരീക്ഷ. കഠിനമായ പരിശ്രമം ഇതിനാവശ്യമാണ്. ദീര്‍ഘ നേരം ഇരുന്ന് വായിക്കാന്‍ ശീലിക്കണം. മുന്‍ വര്‍ഷത്തെ ചോദ്യപ്പേപ്പറുകള്‍ ആഴത്തില്‍ വിശകലനം ചെയ്ത് നോട്ട് തയ്യാറാക്കുക എന്നതാണ് സിവില്‍ സര്‍വ്വീസിന് തയ്യാറെടുക്കുന്നവര്‍ ആദ്യം ചെയ്യേണ്ടത്. വിശാലമായ സിലബസാണ് സിവില്‍ സര്‍വ്വീസിന്റേത്. അത് പൂര്‍ണ്ണമായും പഠിച്ച് തീര്‍ക്കുക എന്നത് അപ്രായോഗികമാണ്. ഓരോ വിഷയത്തിലും ഏത് ‘ഭാഗത്ത് നിന്നാണ് കൂടുതല്‍ ചോദ്യങ്ങള്‍ വരിക എന്ന് മനസ്സിലാക്കാന്‍ ചോദ്യപ്പേപ്പര്‍ വിശകലനം സഹായിക്കും. ആനുകാലിക സംഭവങ്ങളെ കുറിച്ച് മനസ്സിലാക്കാനും പൊതുവിജ്ഞാനം വര്‍ധിപ്പിക്കാനും ഇന്ത്യാ ഇയര്‍ബുക്ക്, ഫ്രണ്ട് ലൈന്‍ മാഗസിന്‍, ഹിന്ദു ദിനപ്പത്രം തുടങ്ങിയവയെ ആശ്രയിക്കാവുന്നതാണ്. മറ്റ് വിഷയങ്ങള്‍ക്ക് എന്‍.സി.ഇ.ആര്‍.ടി. യുടെ പ്ലസ് ടു ക്ലാസുകളിലെ പാഠപുസ്തകങ്ങള്‍ ഉപയോഗിക്കാവുന്നതാണ്.
സിവില്‍ സര്‍വ്വീസില്‍ ഉന്നത വിജയം നേടിയവരുടെ അനുഭവങ്ങള്‍ പറയുന്ന പുസ്തകങ്ങള്‍ വിപണിയിലുണ്ട്. ഇത്തരം പുസ്തകങ്ങള്‍ വായിക്കുന്നത് പരീക്ഷക്ക് തയ്യാറെടുക്കുന്നതിനെ കുറിച്ച് കൂടുതല്‍ മനസ്സിലാക്കുന്നതിനും പ്രചോദനം ലഭിക്കുന്നതിനും സഹായിക്കും. വിവരങ്ങള്‍ക്ക് www.upsc.gov.in