2171 സ്ഥാനാര്‍ഥികള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്ക്‌

Posted on: February 18, 2013 1:39 pm | Last updated: February 18, 2013 at 2:32 pm

366712.electioncommissionന്യൂഡല്‍ഹി: ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ച 2171 സ്ഥാനാര്‍ഥികളെ വീണ്ടും മത്സരിക്കുന്നതില്‍ നിന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കി. തിരഞ്ഞെടുപ്പിന്റെ വരവുചെലവ് കണക്കുകള്‍ ഹാജരാക്കുന്നതില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്നാണ് നടപടി. ഇവര്‍ക്ക് മൂന്ന് വര്‍ഷത്തെ വിലക്ക് നേരിടേണ്ടി വരും. 2016 ജനുവരി വരെ വിലക്ക് നിലവിലുണ്ടാകും.
തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളില്‍ സാമ്പത്തിക സുതാര്യത ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായാണ് നീക്കം. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ (260) വിലക്ക് നേരിടുന്നത്. തൊട്ടുപിന്നില്‍ ഛത്തീസ്ഗഢുമുണ്ട് (259). ഹരിയാനയില്‍ 197 സ്ഥാനാര്‍ഥികളും ഒഡീഷയില്‍ 188 പേരും മധ്യപ്രദേശില്‍ 179 പേരും വിലക്ക് നേരിടും. ഉത്തര്‍പ്രദേശില്‍ 159 സ്ഥാനാര്‍ഥികളും ഝാര്‍ഖണ്ഡില്‍ 118 പേരും തമിഴ്‌നാട്ടില്‍ 79 പേരും വിലക്ക് നേരിടും.
പാര്‍ലിമെന്റ് മണ്ഡലങ്ങളില്‍ 158 പേര്‍ക്ക് വിലക്കേര്‍പ്പെടുത്തിയ ഉത്തര്‍പ്രദേശാണ് മുന്നില്‍. നിയമസഭാ മണ്ഡലങ്ങളില്‍ ഛത്തീസ്ഗഢില്‍ (240) ആണ് കൂടുതല്‍ പേര്‍ക്ക് വിലക്കുള്ളത്.
ഫലപ്രഖ്യാപനത്തിന് ശേഷം മുപ്പത് ദിവസത്തിനുള്ളില്‍ വരവ് ചെലവ് കണക്കുകള്‍ സമര്‍പ്പിക്കണമെന്നാണ് 1951 ലെ ജനപ്രാതിനിധ്യ നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നത്. ഇതില്‍ വീഴ്ച വരുത്തിയവര്‍ക്കാണ് ഇപ്പോള്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.
ഇവരുടെ പേരുവിവരങ്ങള്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ക്ക് അയച്ചുകൊടുത്തിട്ടുണ്ട്. 2009 സെപ്തംബറില്‍ 3,275 സ്ഥാനാര്‍ഥികള്‍ക്ക് ഇത്തരത്തില്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു.