സുധാകരന്റെ പരാമര്‍ശം സംസ്‌കാരശൂന്യം: വി എസ്

Posted on: February 18, 2013 1:00 pm | Last updated: February 18, 2013 at 1:11 pm

തിരുവനന്തപുരം: സൂര്യനെല്ലി പെണ്‍കുട്ടിയെക്കുറിച്ച് കെ സുധാകരന്‍ എം പി നടത്തിയ പരാമര്‍ശം നീചവും സംസ്‌കാരശൂന്യവുമാണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. സൂര്യനെല്ലി കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം മസ്‌കത്തില്‍ കെ സുധാകരന്‍ എം പി നടത്തിയ പ്രസ്താവനയെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പെണ്‍മക്കളില്ലാത്തതിനാലാണ് അദ്ദേഹം അത്തരമൊരു പരാമര്‍ശം നടത്തിയത്. പാര്‍ലിമെന്റ് അംഗമെന്ന നിലയില്‍ ഇത്തരം പ്രസ്താവനകള്‍ നടത്തുന്നത് ശരിയാണോയെന്ന് പരിശോധിക്കണം. ഒരു സംസ്‌കാരശൂന്യന്റെ പ്രസ്താവനയായിട്ടല്ലാതെ ഇതിനെ കാണാന്‍ കഴിയില്ല. സമൂഹത്തോട് പ്രത്യേകിച്ച് പെണ്‍കുട്ടികളോട് ഹീനവും വൃത്തികെട്ടതുമായ പ്രസ്താവനയാണ് സുധാകരന്‍ നടത്തിയിരിക്കുന്നത്. നേതൃസ്ഥാനത്തിന് നിരക്കാത്ത പ്രസ്താവനയാണെന്നും സ്വയം നേതാവെന്ന് വിശേഷിപ്പിക്കുന്ന ആള്‍ പറയാന്‍ പാടില്ലാത്തതാണിതെന്നും വി എസ് അച്യുതാനന്ദന്‍ കൂട്ടിച്ചേര്‍ത്തു.