ചില്ലറ വ്യാപാര തന്ത്രങ്ങള്‍ പഠിപ്പിക്കാന്‍ ത്രിവേണി ഇന്‍സ്റ്റിറ്റിയൂട്ട്

Posted on: February 18, 2013 12:46 pm | Last updated: February 18, 2013 at 1:38 pm

തിരുവനന്തപുരം: കേരളത്തിലെ പരമ്പരാഗത ചെറുകിട വ്യാപാര സംവിധാനത്തെ ശക്തിപ്പെടുത്തുന്നതോടൊപ്പം ചില്ലറ വ്യാപാര തന്ത്രങ്ങള്‍ വ്യാപാരികളെ പഠിപ്പിക്കുന്നതിനായി കണ്‍സ്യൂമര്‍ ഫെഡ് ത്രിവേണി ഇന്‍സ്റ്റിറ്റിയൂട്ട് ആരംഭിക്കുന്നു. ചെറുകിട വ്യാപാര മേഖലയിലെ വിദേശ നിക്ഷേപത്തിനെതിരെ വന്‍പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണ് കേരളത്തിലെ ഏറ്റവും വലിയ പൊതുമേഖലാ ചില്ലറ വില്‍പ്പന ശൃംഖലയായ കണ്‍സ്യൂമര്‍ഫെഡ് ചെറുകിട വ്യാപാര മേഖലയിലെ ആള്‍ശേഷി വര്‍ധന ലക്ഷ്യമിട്ട് ഇത്തരമൊരു പരിശീലന സ്ഥാപനം തുടങ്ങുന്നത്.

3000 ചെറുകിട വില്‍പ്പന കേന്ദ്രങ്ങളുള്ള ഉപഭോക്തൃസഹകരണ മേഖലയിലെ അപ്പെക്‌സ് ബോഡിയായ കണ്‍സ്യൂമര്‍ഫെഡിനു കീഴില്‍ ഇടുക്കി ജില്ലയിലെ ചെറുതോണിയില്‍ വൈദ്യുതി ബോര്‍ഡിന്റെ കൈവശമുള്ള സ്ഥലത്താണ് ത്രിവേണി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് റീട്ടെയ്ല്‍ മാനേജ്‌മെന്റ് ആരംഭിക്കുന്നത്. ആറ് മാസത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സും ഒരു വര്‍ഷത്തെ ഡിപ്ലോമ കോഴ്‌സുമാണ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ ആദ്യ ഘട്ടം തുടങ്ങുകയെന്ന് പ്രസിഡന്റ് അഡ്വ. ജോയ് തോമസ് പറഞ്ഞു. തുടര്‍ന്ന് റീട്ടെയ്ല്‍ മാനേജ്‌മെന്റില്‍ എം ബി എ കോഴ്‌സും ആരംഭിക്കും.

സ്ഥാപനത്തില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ഥികള്‍ക്ക് കണ്‍സ്യൂമര്‍ഫെഡിന്റെ ചില്ലറ വില്‍പ്പനശാലകളില്‍ സൂപ്പര്‍വൈസര്‍മാരായും ഫ്‌ളോര്‍ മാനേജര്‍മാരായും ജോലിയില്‍ പ്രവേശിക്കാനുള്ള സംവിധാനവുമൊരുക്കിയിട്ടുണ്ട്. കെമിസ്റ്റുമാരെ പരിശീലിപ്പിച്ചെടുക്കാനായി റെഗുലര്‍ കോളജും അതോടൊപ്പം ഫുഡ് പ്രോസസിംഗ് കോഴ്‌സുകളുള്ള ഇന്‍സ്റ്റിറ്റിയൂട്ടും അടുത്ത വര്‍ഷം ആരംഭിക്കും. ഫാര്‍മസി കോഴ്‌സുകളുമായി തൃശൂരിലാണ് ത്രിവേണി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫാര്‍മസി അടുത്ത വിദ്യാഭ്യാസ വര്‍ഷത്തില്‍ ആരംഭിക്കുക. 60 കുട്ടികളുടെ ഡി ഫാം ബാച്ചാണ് ഇവിടെയുണ്ടാകുക. അതോടൊപ്പം നാല് വര്‍ഷത്തെ ബി ഫാം കോഴ്‌സും വൈകാതെ തുടങ്ങും. ആറ് മാസം മുമ്പ് കേച്ചേരിയില്‍ ഏഴ് കോടി രൂപക്ക് കണ്‍സ്യൂമര്‍ഫെഡ് വാങ്ങിയ സ്ഥലത്ത് സ്ഥാപനം തുടങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ 50 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്ന് കണ്‍സ്യൂമര്‍ഫെഡ് എം ഡി ഡോ. റിജി ജി നായര്‍ പറഞ്ഞു.
ചക്ക, തേങ്ങ, മാങ്ങ തുടങ്ങിയവയില്‍ നിന്ന് കൂടുതല്‍ മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ ഉണ്ടാക്കാന്‍ ഉപയുക്തമാകും വിധം വൊക്കേഷനല്‍ കോഴ്‌സുകള്‍ നടത്തുന്ന ത്രിവേണി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫുഡ് പ്രൊസസിംഗ് (ടിഫ്‌പ്രോ) ആണ് കണ്‍സ്യൂമര്‍ഫെഡിന്റെ മറ്റൊരു പദ്ധതി. തൃശൂര്‍ ജില്ലയിലെ വടക്കാഞ്ചേരിയില്‍ കേന്ദ്ര സര്‍ക്കാറിന്റെ സഹായത്തോടെ തുടങ്ങുന്ന സ്ഥാപനത്തില്‍ അടുത്ത വര്‍ഷം ആറ് മാസ ഡിപ്ലോമ കോഴ്‌സാണ് ആരംഭിക്കുന്നത്. സ്വയംതൊഴില്‍ മേഖലയില്‍ ജാം, അച്ചാര്‍ തുടങ്ങിയവ ഉണ്ടാക്കാനും സ്ത്രീകളുടെ സ്വയംസഹായ സംഘങ്ങളിലൂടെ അവയുടെ വിതരണം കാര്യക്ഷമമായി നടത്താനുമുതകുന്ന പദ്ധതികളാണ് ഇന്‍സ്‌റിറ്റിയൂട്ടിന്റെത്. മൂന്ന് ഇന്‍സ്റ്റിറ്റിയൂട്ടുകളിലും സ്ഥിരം അധ്യാപകര്‍ക്കൊപ്പം വിദഗ്ധരായ ഗസ്റ്റ് അധ്യാപകരുടെ സേവനവുമുണ്ടാകുമെന്ന് ഡോ. റിജി ജി നായര്‍ പറഞ്ഞു.