അപാകങ്ങളുള്ള ബി പി എല്‍ പട്ടികക്ക് അംഗീകാരം നല്‍കാന്‍ സര്‍ക്കാര്‍ നീക്കം

Posted on: February 18, 2013 12:33 pm | Last updated: February 18, 2013 at 12:33 pm

ആലപ്പുഴ:അപാകങ്ങളുടെ പേരില്‍ തടഞ്ഞുവെക്കപ്പെട്ട ബി പി എല്‍ പട്ടികക്ക് അംഗീകാരം നല്‍കാന്‍ സര്‍ക്കാര്‍ നീക്കം. അനര്‍ഹര്‍ കടന്നുകൂടുകയും അര്‍ഹരായ ഒട്ടേറെപ്പേര്‍ ഒഴിവാക്കപ്പെടുകയും ചെയ്തതായി ബോധ്യപ്പെട്ടതിന്റെ പേരില്‍ കഴിഞ്ഞ സര്‍ക്കാര്‍ പ്രാബല്യത്തില്‍ വരുത്താതിരുന്ന 2009ലെ ബി പി എല്‍ പട്ടിക അടുത്തിടെ വരെ യു ഡി എഫ് സര്‍ക്കാറും തടഞ്ഞുവെച്ചിരിക്കുകയായിരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടികളുടെ തുടക്കത്തില്‍ ഏറ്റവുമധികം ലഭിച്ചത് ബി പി എല്‍ പട്ടികയുമായി ബന്ധപ്പെട്ട പരാതികളായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട മുഖ്യമന്ത്രി തന്നെ ഇത്തരം അപേക്ഷകള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് പരിഹരിക്കാമെന്നും ജനസമ്പര്‍ക്ക പരിപാടികളിലേക്ക് ഇതിനുള്ള അപേക്ഷകള്‍ സ്വീകരിക്കേണ്ടെന്നും ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു.

ബി പി എല്‍ റേഷന്‍ കാര്‍ഡുടമകളില്‍ അനര്‍ഹരെ കണ്ടെത്തി ഒഴിവാക്കാന്‍ നടപടി ആരംഭിക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായാണ് ബി പി എല്‍ പട്ടികയില്‍ കടന്നുകൂടിയ സര്‍ക്കാര്‍ ജീവനക്കാരോട് കാര്‍ഡുകള്‍ തിരികെ ഏല്‍പ്പിക്കാന്‍ ആവശ്യപ്പെട്ടത്. കാല്‍ ലക്ഷത്തോളം സര്‍ക്കാര്‍ ജീവനക്കാര്‍ തങ്ങളുടെ ബി പി എല്‍ റേഷന്‍ കാര്‍ഡുകള്‍ സറണ്ടര്‍ ചെയ്ത് എ പി എല്ലാക്കി. എന്നിട്ടും അപാകങ്ങള്‍ നിറഞ്ഞ 2009ലെ ബി പി എല്‍ പട്ടിക അനര്‍ഹരെ ഒഴിവാക്കിയും അര്‍ഹരെ ഉള്‍പ്പെടുത്തിയും പരിഷ്‌കരിക്കുന്നതിനുള്ള ഒരു നടപടിയും ഇത് വരെയായി സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല.
സര്‍വേ ജോലികള്‍ക്കായി അധ്യാപകരുടെ സേവനം ലഭിക്കുന്നില്ലെന്നാണ് ആദ്യമൊക്കെ സര്‍ക്കാര്‍ പറഞ്ഞൊഴിഞ്ഞിരുന്നത്. നാല് വര്‍ഷം പിന്നിട്ടിട്ടും ഇതേ കാരണം പറഞ്ഞ് ബി പി എല്‍ പട്ടികയിലെ അപാകങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കാത്ത സര്‍ക്കാര്‍ ഒടുവില്‍ നിലവിലെ പട്ടിക തന്നെ അംഗീകൃതമാക്കിയെടുക്കാനുള്ള നീക്കത്തിലാണ്. ഇതിന്റെ ഭാഗമായി ഇതിനകം ഒന്നിലധികം വിഷയങ്ങളില്‍ സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് പ്രകാരം 2009ലെ ബി പി എല്‍ പട്ടികക്ക് അംഗീകാരം നല്‍കിക്കഴിഞ്ഞു. ഏറ്റവുമൊടുവില്‍ വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ച റേഷനരി, വിലക്കുറവില്‍ കൂടുതല്‍ അളവില്‍ നല്‍കുന്ന പദ്ധതി നടപ്പാക്കാന്‍ 2009ലെ ബി പി എല്‍ പട്ടികക്ക് അംഗീകാരം നല്‍കിയിരിക്കുകയാണ്. നിലവില്‍ എ പി എല്‍ കാര്‍ഡുള്ളവരും 2009ലെ ബി പി എല്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളവരുമായ റേഷന്‍ കാര്‍ഡുടമകള്‍ക്കുകൂടി വിലക്കുറവുള്ള അരി ലഭ്യമാക്കുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനായി 2009ലെ പട്ടികയിലുള്‍പ്പെട്ടിട്ടുണ്ടെന്ന് തദ്ദേശ സ്ഥാപനങ്ങളുടെ സാക്ഷ്യപത്രം ഹാജരാക്കിയാല്‍ മതിയെന്നാണ് സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവിലുള്ളത്.
ന്യൂനതകള്‍ നിറഞ്ഞതെന്ന കാരണത്താല്‍ മുന്‍ സര്‍ക്കാറും ഇപ്പോഴത്തെ സര്‍ക്കാര്‍ തുടക്കത്തിലും മാറ്റിവെച്ചിരുന്ന പട്ടികക്ക് ഇതോടെ ഏറെക്കുറെ അംഗീകാരം ലഭിച്ചിരിക്കുകയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇതിനും പുറമെ വിദ്യാഭ്യാസ വായ്പയുടെ പലിശ എഴുതിത്തള്ളുന്നതുമായി ബന്ധപ്പെട്ട് ഏതാനും മാസം മുമ്പ് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവിലും 2009ലെ അപാകങ്ങള്‍ നിറഞ്ഞ ബി പി എല്‍ പട്ടികക്ക് അംഗീകാരം നല്‍കിയിരുന്നു.
2009ലെ ബി പി എല്‍ പട്ടിക മാനദണ്ഡമാക്കിയാണ് പലിശയിളവ് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളതെന്നതും ഇതിനുള്ള അംഗീകാരമാണ്. അപാകങ്ങള്‍ നിറഞ്ഞ ബി പി എല്‍ പട്ടിക സര്‍ക്കാര്‍ വെബ്‌സൈറ്റുകളില്‍ അപ്‌ലോഡ് ചെയ്തുകഴിഞ്ഞു. അപാകങ്ങള്‍ പരിഹരിച്ച് മാര്‍ച്ച് 31ന് മുമ്പ് ബി പി എല്‍ പട്ടിക പ്രസിദ്ധീകരിക്കുമെന്ന് മന്ത്രി കെ സി ജോസഫ് നിയമസഭയില്‍ പറഞ്ഞെങ്കിലും അതിന് മുമ്പ് തന്നെ സര്‍ക്കാര്‍ വെബ്‌സൈറ്റുകളില്‍ ലിസ്റ്റ് സ്ഥാനം പിടിച്ചത് ഇനിയൊരു പരിഷ്‌കരണം ഉണ്ടാകില്ലെന്ന സൂചനയാണ് നല്‍കുന്നത്.