Kerala
യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ച കേസ്; പ്രതികള്‍ അറസ്റ്റില്‍
പിടിയിലായവര്‍ നിരവധി ക്രിമിനല്‍ കേസുകളിലും പ്രതികളാണ്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു.
പന്തളം | ക്രിമിനല്‍ സംഘത്തിലെ പ്രധാനിയുടെ ഭാര്യയോട് മോശമായി സംസാരിച്ചെന്ന് ആരോപിച്ച് യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ച കേസിലെ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. ഇലവുംതിട്ട മുട്ടത്തുകോണം രാമന്‍ചിറ തടത്തിവിളയില്‍ വീട്ടില്‍ ദീപക് ജോയ് (25), പക്കാനം ചെന്നീര്‍ക്കര കാഞ്ഞിരം നില്‍ക്കുന്നതില്‍ വീട്ടില്‍ സജു സജി (24), പ്രക്കാനം കൈപ്പിലാല്‍ പാറമേലേതില്‍ ജോമോന്‍ മാത്യു (30), ഇലവുംതിട്ട നെടിയകാല കോട്ടൂര്‍ പാറ തടത്തില്‍ വീട്ടില്‍ അഭിജിത്ത് സജി (21) എന്നിവരെയാണ് പന്തളം പോലീസ് അതിസാഹസികമായി പിടികൂടിയത്.
തുമ്പമണ്‍ സ്വദേശി അജയനെയാണ് കഴിഞ്ഞമാസം 26ന് രാത്രി വീട്ടില്‍ നിന്നും വിളിച്ചിറക്കി ബൈക്കില്‍ കയറ്റിക്കൊണ്ടുപോയി പ്രതികള്‍ സംഘം ചേര്‍ന്ന് മര്‍ദിച്ചത്. അജയനെ ഒന്നാം പ്രതിയുടെ വീട്ടിലെത്തിച്ച് വെള്ളം നിറച്ച സിറിഞ്ചുകള്‍ ശരീരത്തില്‍ കുത്തിയിറക്കുകയും മാരകായുധങ്ങള്‍ ഉപയോഗിച്ച് തല്ലിച്ചതക്കുകയും ചെയ്തു. മണിക്കൂറുകളോളം ഇവര്‍ യുവാവിനെ മര്‍ദിച്ചു. ക്രൂര മര്‍ദനത്തിനു ശേഷം, പ്രതിയായ ദീപക്കിന്റെ വീട്ടില്‍ അജയന്‍ രാത്രി അതിക്രമിച്ചു കയറിയ രീതിയില്‍ വീഡിയോ ചിത്രീകരിക്കുകയും ചെയ്തു. തുടര്‍ന്ന് അവശനിലയിലായ യുവാവിനെ ഇവര്‍ വഴിയില്‍ ഉപേക്ഷിച്ചു.
യുവാവിന്റെ പരാതിയില്‍ അന്വേഷണം നടത്തുന്നതിനായി പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആര്‍ ആനന്ദിന്റെ നിര്‍ദേശപ്രകാരം എസ് ഐ ടി രൂപവത്കരിച്ചിരുന്നു. പന്തളം സി ഐ. ബാബു കുറുപ്പിന്റെ മേല്‍നോട്ടത്തില്‍ എസ് എച്ച് ഒ. എബിന്‍ പ്രസാദ്, സി പി ഒമാരായ എസ് അന്‍വര്‍ഷ, കൃഷ്ണലാല്‍, ബി അരുണ്‍, ഒ അഖില്‍, വിജയ്, അനുപ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇടുക്കി ചെറുതോണിയില്‍ ഒളിവില്‍ കഴിയുകയായിരുന്ന ദീപക്കിനെ അവിടെയെത്തി അതിസാഹസികമായി കീഴടക്കുകയായിരുന്നു. പിടിയിലായവര്‍ നിരവധി ക്രിമിനല്‍ കേസുകളിലും പ്രതികളാണ്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു.
Content Highlights:
Police have arrested the accused involved in the abduction and severe assault of a young man. The investigation was launched following a complaint filed by the victim. Further legal proceedings and interrogation of the arrested individuals are currently underway.



