Connect with us

International

മലേഷ്യയില്‍ നിന്ന് ഈ വര്‍ഷം 10,000 കുടിയേറ്റക്കാരെ തിരിച്ചെത്തിച്ചതായി മ്യാന്‍മര്‍

യുദ്ധഭൂമിയായ മ്യാന്‍മറിലേക്കുള്ള കുടിയേറ്റക്കാരുടെ സുരക്ഷിത മടക്കം ഉറപ്പുനല്‍കാന്‍ മലേഷ്യക്ക് കഴിയാത്തതിനെ രൂക്ഷമായി വിമര്‍ശിച്ച് ഐക്യരാഷ്ട്രസഭ

Published

|

Last Updated

യാംഗോണ്‍ | മലേഷ്യയില്‍ നിന്ന് ഈ വര്‍ഷം ഏകദേശം 10,000 കുടിയേറ്റക്കാരെ തിരിച്ചെത്തിച്ചതായി മ്യാന്‍മര്‍. രാജ്യത്തെ ഔദ്യോഗിക മാധ്യമങ്ങള്‍ അറിയിച്ചതാണ് ഇക്കാര്യം. ഏകദേശം 1,500 പൗരന്മാരെ വഹിച്ചുള്ള കപ്പല്‍ കഴിഞ്ഞ ദിവസം മ്യാന്‍മറില്‍ എത്തിയിരുന്നു. വിമാന മാര്‍ഗവും വലിയ തോതിലുള്ള തിരിച്ചെത്തിക്കല്‍ നടപടികള്‍ നടക്കുന്നുണ്ടെന്ന് മ്യാന്‍മര്‍ വെളിപ്പെടുത്തി. ഈ വര്‍ഷം ജനുവരിക്കും ആഗസ്റ്റിനും ഇടയില്‍ ‘8,041 പൗരന്മാരെ വിമാന മാര്‍ഗം തിരിച്ചെത്തിച്ചുവെന്ന് ഔദ്യോഗിക പത്രമായ ‘ദി ഗ്ലോബല്‍ ന്യൂ ലൈറ്റ് ഓഫ് മ്യാന്‍മര്‍’ റിപോര്‍ട്ട് ചെയ്തു.

ക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയായിട്ടുള്ള റോഹിങ്ക്യന്‍ ന്യൂനപക്ഷ വിഭാഗത്തില്‍ പെട്ടവരെയും മ്യാന്‍മറിലേക്ക് തിരിച്ചയച്ചേക്കാമെന്ന ആശങ്ക മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പ്രകടിപ്പിക്കുന്നുണ്ടെങ്കിലും, തിരിച്ചെത്തിയവരുടെ വംശീയ പശ്ചാത്തലത്തെക്കുറിച്ച് മലേഷ്യ പ്രതികരിച്ചിട്ടില്ല. മ്യാന്‍മറിലേക്ക് പൗരന്മാരുടെ സുരക്ഷിതമായ മടക്കം ഉറപ്പുനല്‍കാന്‍ കഴിയാത്തതില്‍ മലേഷ്യയെ ഐക്യരാഷ്ട്രസഭ രൂക്ഷമായി വിമര്‍ശിച്ചു. സുതാര്യമല്ലാത്ത ഒരു പദ്ധതിയിലൂടെ കുടിയേറ്റക്കാരെ തിരിച്ചയക്കാനുള്ള മലേഷ്യയുടെ നീക്കവും യു എന്നിന്റെ വിമര്‍ശനത്തിന് വിധേയമായി.

2021-ല്‍ നടന്ന സൈനിക അട്ടിമറിയെ തുടര്‍ന്ന് ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെട്ടതിനു ശേഷം മ്യാന്‍മറില്‍ ഒരു ലക്ഷത്തിലധികം ആളുകള്‍ കൊല്ലപ്പെട്ടതായി നിരീക്ഷണ സംഘടനയായ ACLED കണക്കാക്കുന്നു. അതിനുമുമ്പ് തന്നെ, 2017-ല്‍ ആരംഭിച്ച സൈനിക നടപടികളില്‍ നിന്ന് രക്ഷപ്പെടാനായി റോഹിങ്ക്യകള്‍ കൂട്ടത്തോടെ മലേഷ്യയിലേക്ക് പലായനം ചെയ്യാന്‍ തുടങ്ങിയിരുന്നു. മനുഷ്യാവകാശ സംഘടനകള്‍ വംശഹത്യയായി വിശേഷിപ്പിച്ച ഈ നടപടികളെക്കുറിച്ച് സൈന്യം എപ്പോഴും നിഷേധ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ഐക്യരാഷ്ട്ര സഭയുടെ കണക്കുകള്‍ പ്രകാരം, മലേഷ്യയിലുള്ള 1,90,000 മ്യാന്‍മര്‍ അഭയാര്‍ഥികളില്‍ മൂന്നില്‍ രണ്ട് ഭാഗവും റോഹിങ്ക്യകളാണ്.

Content Highlights: Myanmar state media announced the repatriation of nearly 10,000 migrants from Malaysia this year. The latest batch of almost 1,500 returnees arrived in Myanmar aboard a special vessel on Sunday. Authorities are making necessary arrangements to safely reunite all returnees with their families.

---- facebook comment plugin here -----

Latest