Kerala
ഹൈക്കോടതി ഇടപെടല്‍; എ കെ ജി സെന്ററിന്റെ ഭൂമി നാളെ അളക്കും
ഭൂമി സര്‍വേയില്‍ സര്‍വകലാശാലയുടെയും എകെജി സെന്ററിന്റെയും പ്രതിനിധികള്‍ ഹാജരാകണമെന്ന് കാണിച്ച് റവന്യൂ അധികൃതര്‍ സര്‍വകലാശാല രജിസ്ട്രാര്‍ക്കും സിപിഎം സംസ്ഥാന സെക്രട്ടറിക്കും നോട്ടീസ് നല്‍കി
തിരുവനന്തപുരം | സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്ററിന്റെ ഭൂമി നാളെ റവന്യു വകുപ്പ് അളന്ന് തിട്ടപ്പെടുത്തും. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഭൂമി അളക്കാന്‍ തിരുവനന്തപുരം തഹസില്‍ദാര്‍ക്ക് കോടതി നിര്‍ദേശം നല്‍കിയിരുന്നു. നാളെ രാവിലെ 10 മണിക്കാണ് അളക്കല്‍ നടക്കുക. ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമന്‍ സെന്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് ഭൂമി അളക്കാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയത്.
ഭൂമി സര്‍വേയില്‍ സര്‍വകലാശാലയുടെയും എകെജി സെന്ററിന്റെയും പ്രതിനിധികള്‍ ഹാജരാകണമെന്ന് കാണിച്ച് റവന്യൂ അധികൃതര്‍ സര്‍വകലാശാല രജിസ്ട്രാര്‍ക്കും സിപിഎം സംസ്ഥാന സെക്രട്ടറിക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്. സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി ചെയര്‍മാനും കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗവുമായ ആര്‍ എസ് ശശികുമാറിന് വേണ്ടി അഡ്വക്കേറ്റ് ജോര്‍ജ് പൂന്തോട്ടം നല്‍കിയ ഹരജിയിലാണ് ഹൈക്കോടതിയുടെ നടപടി
സംസ്ഥാന സര്‍ക്കാര്‍, സിപിഎം സംസ്ഥാന സെക്രട്ടറി, കേരള ഗവര്‍ണര്‍, കേരള സര്‍വകലാശാല, തിരുവനന്തപുരം കോര്‍പ്പറേഷന്‍ എന്നിവരാണ് ഹര്‍ജിയിലെ എതിര്‍കക്ഷികള്‍. 1977-ല്‍ അന്നത്തെ മുഖ്യമന്ത്രി എ കെ ആന്റണി, കേരള സര്‍വകലാശാലയുടെ ഭൂമി എകെജി പഠന ഗവേഷണ കേന്ദ്രത്തിന് വേണ്ടി അനുവദിച്ചിരുന്നു. എന്നാല്‍ അനുവദിച്ച ഭൂമിയില്‍ പഠന ഗവേഷണ കേന്ദ്രം ആരംഭിക്കാതെ, അത് സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റര്‍ ആയി പ്രവര്‍ത്തിക്കുന്നത് നിയമവിരുദ്ധമാണെന്നാണ് ഹരജിയില്‍ ആരോപിക്കുന്നത്.കേരള സര്‍വകലാശാല ഭൂമി അനധികൃതമായി കയ്യേറിയിട്ടുണ്ടെന്നും, എകെജി സെന്റര്‍ നിര്‍മ്മിച്ച ഭൂമി സര്‍വകലാശാലയ്ക്ക് തിരികെ നല്‍കണമെന്നുമാണ് ഹരജിക്കാരന്റെ ആവശ്യം.
Content Highlights: The Revenue Department will survey the land of CPM state headquarters AKG Centre following a Kerala High Court order. The High Court division bench headed by Chief Justice Soumen Sen directed the Thiruvananthapuram Tehsildar to conduct the measurement. Officials issued notices to CPM and university.




