Eduline
ജൂനിയർ ഡിപ്ലോമ ഇൻ കോ- ഓപറേഷൻ കോഴ്‌സിന് അപേക്ഷിക്കാം
അടുത്ത മാസം 18 വരെ ഓൺലൈനിൽ അപേക്ഷിക്കാം.
സംസ്ഥാന സഹകരണ യൂനിയൻ ജൂനിയർ ഡിപ്ലോമ ഇൻ കോ- ഓപറേഷൻ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. പത്ത് മാസമാണ് കോഴ്‌സ് ദൈർഘ്യം. സഹകരണ വകുപ്പുകളിലെയും സ്ഥാപനങ്ങളിലെയും ജൂനിയർ ക്ലാർക്ക് മുതലുള്ള നിയമനങ്ങൾക്ക് അവശ്യ യോഗ്യതയായി അംഗീകരിച്ചതിൽ ഈ ഡിപ്ലോമയും ഉൾപ്പെടും. അടുത്ത മാസം 18 വരെ ഓൺലൈനിൽ അപേക്ഷിക്കാം.
യോഗ്യത
എസ് എസ് എൽ സി/ തത്തുല്യ പരീക്ഷ ജയിച്ചവർക്ക് അപേക്ഷിക്കാം. പരീക്ഷ ഗ്രേഡിംഗ് രീതിയിലാണെങ്കിൽ ഡി പ്ലസ്സ് ഗ്രേഡെങ്കിലും നേടി ജയിച്ചിരിക്കണം.
അപേക്ഷകർ
ജനറൽ വിഭാഗത്തിലുള്ള അപേക്ഷകർ 16നും 40നും ഇടയിൽ പ്രായമുള്ളവരായിരിക്കണം. പട്ടിക വിഭാഗക്കാർക്കും പിന്നാക്കക്കാർക്കും ഉയർന്ന പ്രായപരിധിയിൽ ഇളവുണ്ട്. സഹകരണ ജീവനക്കാർക്ക് 18 വയസ്സ് പൂർത്തിയാകണം. ഉയർന്ന പ്രായപരിധി ബാധകമല്ല.
സ്ഥാപനങ്ങൾ
കോഴ്‌സ് പഠിക്കാൻ കേരളത്തിലെ എല്ലാ ജില്ലകളിലുമായി 16 സ്ഥാപനങ്ങളുണ്ട്. കോട്ടയം, കണ്ണൂർ ജില്ലകളിൽ രണ്ട് സ്ഥാപനങ്ങളും. ഓരോ പഠന കേന്ദ്രത്തിലെയും ആകെയുള്ള സീറ്റുകളിൽ പൊതുവിഭാഗം 50 ശതമാനം, സഹകരണ സംഘങ്ങളിലെ സ്ഥിരം ജീവനക്കാർ 35 ശതമാനം, വ്യവസായം, സഹകരണം, ഫിഷറീസ്, കയർ, ക്ഷീര വകുപ്പുകളിലെ ജീവനക്കാർ 15 ശതമാനം എന്നിങ്ങനെ വിഭജനമുണ്ട്. പട്ടിക വിഭാഗത്തിൽപ്പെട്ടവർക്ക് പത്ത് ശതമാനം, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുന്നാക്ക സമുദായത്തിൽപ്പെട്ടവർക്ക് പത്ത് ശതമാനം, മറ്റു പിന്നാക്കക്കാർക്ക് അഞ്ച് ശതമാനം, ഭിന്നശേഷിക്കാർ അഞ്ച് ശതമാനം, വിമുക്തഭടന്മാർ/ ആശ്രിതർ അഞ്ച് ശതമാനം എന്നിങ്ങനെയും സംവരണമുണ്ട്. എല്ലാ സെന്ററുകളിലും സ്‌പോർട്‌സ് ക്വോട്ടയിൽ ഒരു സീറ്റുണ്ട്.
പട്ടിക വിഭാഗത്തിൽപെട്ട അപേക്ഷകർക്ക് കൊട്ടാരക്കര, ചേർത്തല, കണ്ണൂർ, വയനാട് എന്നിവിടങ്ങളിലെ സ്ഥാപനങ്ങളിൽ പ്രത്യേകം ബാച്ചുകളുണ്ട്. 80 സീറ്റുകളാണ് ഇങ്ങനെ നീക്കിവെച്ചിട്ടുള്ളത്. അതിനാൽ ഈ വിഭാഗത്തിലുള്ള പഠിതാക്കൾക്ക് പ്രത്യേക ബാച്ചുകളിലേക്കും ജില്ലാ അടിസ്ഥാനത്തിൽ പ്രവേശനത്തിന് അതത് സ്ഥലത്ത് വേറെയും അപേക്ഷ നൽകാം. പട്ടികവിഭാഗത്തിൽപ്പെട്ട സഹകരണ ജീവനക്കാർക്കും ഇതുപോലെ അവസരമുണ്ട്.
പഠന കാലയളവ്
ജൂൺ ഒന്ന് മുതൽ 2027 മാർച്ച് 31 വരെയാണ് പഠന കാലയളവ്. ഇതിൽ 15 ദിവസം വീതം രണ്ട് ഘട്ടങ്ങളിലായി പ്രായോഗികപരിശീലനവും ഉണ്ടാകും. കോഴ്‌സ് ഫീസ് (പരീക്ഷാഫീസ്, ടെക്സ്റ്റ് ബുക്കുകൾ, കോഷൻ ഡിപ്പോസിറ്റ് ഉൾപ്പെടെ) 20,185 രൂപ. വിവരങ്ങൾക്ക്: www.scu. kerala.gov.in ഫോൺ: 0471-2320420, 2331072, ഇ- മെയിൽ: scukerala@gmail.com






