Connect with us

International

ആലിപ്പഴ വർഷത്തിൽപെട്ട് യെമൻ വിമാനത്തിന് ഗുരുതര കേടുപാടുകൾ; അമ്മാനിൽ സുരക്ഷിത ലാൻഡിംഗ്‌

കനത്ത പ്രതികൂല സാഹചര്യത്തിലും പൈലറ്റിന്റെ അസാമാന്യ വൈദഗ്ധ്യം മൂലം വിമാനം സുരക്ഷിതമായി ഇറക്കാനായതിനാൽ വൻ ദുരന്തം ഒഴിവായി

Published

|

Last Updated

അമ്മാൻ|യെമൻ എയർലൈൻസ് വിമാനത്തിന് ആകാശത്തുവെച്ച് ശക്തമായ ആലിപ്പഴ വർഷത്തിലും മോശം കാലാവസ്ഥയിലും പെട്ട് ഗുരുതരമായ കേടുപാടുകൾ സംഭവിച്ചു. ജോർദാനിലെ അമ്മാനിലുള്ള ക്വീൻ ആലിയ ഇന്റർനാഷണൽ എയർപോർട്ടിൽ ലാൻഡ് ചെയ്യുന്നതിന് തൊട്ടുമുമ്പായിരുന്നു സംഭവം. കനത്ത പ്രതികൂല സാഹചര്യത്തിലും പൈലറ്റിന്റെ അസാമാന്യ വൈദഗ്ധ്യം മൂലം വിമാനം സുരക്ഷിതമായി ഇറക്കാനായതിനാൽ വൻ ദുരന്തം ഒഴിവായി.  യാത്രക്കാരും ക്രൂ അംഗങ്ങളും ഉൾപ്പെടെയുള്ളവർ സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.

ഒക്ടോബർ 26 തിങ്കളാഴ്ചയായിരുന്നു സംഭവം. യമനിലെ അദൻ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് അമ്മാനിലേക്ക് പറന്ന യെമൻ എയർലൈൻസിന്റെ IY648 എന്ന എയർബസ് A320ceo വിമാനമാണ് അപകടത്തിൽപ്പെട്ടത്. ലാൻഡിംഗിന് തൊട്ടുമുമ്പ് വിമാനം ശക്തമായ ആലിപ്പഴ വർഷത്തിൽ അകപ്പെടുകയായിരുന്നു. കനത്ത ആഘാതത്തിൽ വിമാനത്തിന്റെ മുൻഭാഗത്തെ നോസ് റാഡോമിന് വലിയ രീതിയിലുള്ള തകരാറുകൾ സംഭവിക്കുകയും രൂപഭേദം വരികയും ചെയ്തു. കൂടാതെ കോക്ക്പിറ്റിലെ പൈലറ്റിന്റെ വിൻഡ്ഷീൽഡ് പൂർണ്ണമായും തകർന്നു.

മുന്നോട്ടുള്ള കാഴ്ച പൂർണ്ണമായി തടസ്സപ്പെട്ടിട്ടും ക്യാപ്റ്റൻ ബാസിം ഫരീദിന്റെ നേതൃത്വത്തിലുള്ള ക്രൂ അംഗങ്ങൾ വിമാനം അമ്മാൻ വിമാനത്താവളത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്യിക്കുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന ആർക്കും പരിക്കേറ്റിട്ടില്ല. കേടുപാടുകൾ സംഭവിച്ച വിമാനം നിലവിൽ അമ്മാൻ എയർപോർട്ടിൽ സാങ്കേതിക പരിശോധനകൾക്കും അറ്റകുറ്റപ്പണികൾക്കുമായി നിർത്തിയിട്ടിരിക്കുകയാണ്. അമ്മാനിൽ നിന്ന് തിരികെ പോകേണ്ടിയിരുന്ന യാത്രക്കാർക്കായി യെമൻ എയർലൈൻസ് പകരം മറ്റൊരു വിമാനം ഏർപ്പെടുത്തിയതായി എയർലൈൻ അധികൃതർ വ്യക്തമാക്കി.

Content Highlights: A Yemenia Airlines Airbus A320 faced a severe hailstorm while approaching Amman, suffering significant damage to its nose and windshield. Thanks to the pilot’s exceptional skill, the flight landed safely with no injuries reported. Passengers were provided an alternative flight while technical inspections are underway.

---- facebook comment plugin here -----

Latest