Eduline
അറിയാം പ്രമുഖ റിസർച്ച് ഫെലോഷിപ്പുകളും പദ്ധതികളും
2023 പ്രകാരം രൂപവത്കരിച്ച പരമോന്നത സ്ഥാപനമാണ് അനുസന്ധാൻ നാഷനൽ റിസർച്ച് ഫൗണ്ടേഷൻ (എ എൻ ആർ എഫ്).
കേന്ദ്ര ഗവൺമെന്റിന്റെ നാഷനൽ എജ്യൂക്കേഷൻ പോളിസിയുടെ (എൻ ഇ പി 2020) ഭാഗമായി, രാജ്യത്തെ സർവകലാശാലകളിലും ഉന്നത വിദ്യാഭ്യാസ- ഗവേഷണ സ്ഥാപനങ്ങളിലും ശാസ്ത്രീയ ഗവേഷണങ്ങളും ഇന്നൊവേഷനുകളും പ്രോത്സാഹിപ്പിക്കുന്നതിനായി പാർലിമെന്റ് പാസ്സാക്കിയ എ എൻ ആർ എഫ് ആക്ട് 2023 പ്രകാരം രൂപവത്കരിച്ച പരമോന്നത സ്ഥാപനമാണ് അനുസന്ധാൻ നാഷനൽ റിസർച്ച് ഫൗണ്ടേഷൻ (എ എൻ ആർ എഫ്).
ശാസ്ത്ര, സാങ്കേതിക, എൻജിനീയറിംഗ്, മെഡിക്കൽ മേഖലകളിൽ അത്യാധുനിക ഗവേഷണങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും അന്താരാഷ്ട്ര തലത്തിൽ ഇന്ത്യൻ ഗവേഷകരുടെ പ്രാതിനിധ്യം ഉറപ്പാക്കുന്നതിനുമായി എ എൻ ആർ എഫ് നൽകുന്ന പ്രമുഖ ധനസഹായ പദ്ധതികളുടെ വിശദാംശങ്ങൾ താഴെ നൽകുന്നു.
രാമാനുജൻ ഫെലോഷിപ്പ്
വിദേശരാജ്യങ്ങളിലെ പ്രമുഖ ഗവേഷണ സ്ഥാപനങ്ങളിലും സർവകലാശാലകളിലും സേവനമനുഷ്ഠിക്കുന്ന പ്രഗത്ഭരായ ഇന്ത്യൻ ശാസ്ത്രജ്ഞർക്കും എൻജിനീയർമാർക്കും മാതൃരാജ്യത്തേക്ക് മടങ്ങിയെത്തി ഗവേഷണങ്ങൾ തുടരുന്നതിനായുള്ള വിഖ്യാതമായ ഫെലോഷിപ്പ് പ്രോഗ്രാമാണിത്.
ലക്ഷ്യം: സ്വതന്ത്ര ഗവേഷണ താത്പര്യമുള്ള ശാസ്ത്രജ്ഞരെ ഇന്ത്യയിലെ പ്രമുഖ സ്ഥാപനങ്ങളിലേക്ക് ആകർഷിക്കുക.
യോഗ്യത
അപേക്ഷിക്കുന്ന സമയത്ത് വിദേശത്ത് ജോലി ചെയ്യുന്നവരും 40 വയസ്സ് കവിയാത്തവരുമായ ശാസ്ത്രജ്ഞർക്കും ഗവേഷകർക്കുമാണ് ഈ ഫെലോഷിപ്പിന് അർഹതയുള്ളത്. സയൻസ് അല്ലെങ്കിൽ എൻജിനീയറിംഗ് വിഷയങ്ങളിൽ പി എച്ച് ഡി, അല്ലെങ്കിൽ എം ഇ, എം ടെക്, എം ഡി തുടങ്ങിയ ഉയർന്ന ബിരുദവും ആവശ്യത്തിന് പ്രൊഫഷനൽ പരിചയവും അപേക്ഷകർക്ക് ഉണ്ടായിരിക്കണം. കൂടാതെ, അന്താരാഷ്ട്ര ജേർണലുകളിൽ പ്രസിദ്ധീകരിച്ച മികച്ച ഗവേഷണ പ്രബന്ധങ്ങളും അംഗീകാരങ്ങളും വഴി ശാസ്ത്രീയ രംഗത്ത് മികച്ച ട്രാക്ക് റെക്കോർഡ് തെളിയിച്ചവർക്ക് മാത്രമേ അപേക്ഷിക്കാൻ സാധിക്കുകയുള്ളൂ. ശാസ്ത്രത്തിലെ എല്ലാ മേഖലകളിൽ നിന്നുമുള്ള ഗവേഷണ പ്രൊപ്പോസലുകളും പരിഗണിക്കും.
ഈ പദ്ധതിയിലേക്ക് അപേക്ഷിക്കുമ്പോൾ ചില പ്രത്യേക നിബന്ധനകൾ പാലിക്കേണ്ടതുണ്ട്. നിലവിൽ ഇന്ത്യയിലെ ഏതെങ്കിലും സ്ഥാപനങ്ങളിൽ സ്ഥിരമായോ, കരാർ അടിസ്ഥാനത്തിലോ ജോലി ചെയ്യുന്നവർക്ക് ഈ ഫെലോഷിപ്പിന് അപേക്ഷിക്കാൻ അർഹതയുണ്ടായിരിക്കില്ല. കൂടാതെ, ഗവേഷണ ശേഷിയും സാധ്യതകളും വിപുലീകരിക്കുന്നതിന്റെ ഭാഗമായി അപേക്ഷകർ തങ്ങളുടെ പി എച്ച് ഡി ബിരുദം നേടിയ സ്ഥാപനങ്ങളിലേക്കോ ഗൈഡ് പ്രവർത്തിക്കുന്ന ലാബുകളിലേക്കോ അപേക്ഷിക്കാൻ പാടില്ലാത്തതും പുതിയ പഠനമേഖലകളും ലാബുകളും മാത്രം തിരഞ്ഞെടുക്കേണ്ടതുമാണ്. ഫെലോഷിപ്പ് കാലയളവിൽ ഇന്ത്യയിലെ ഏതെങ്കിലും സ്ഥാപനത്തിൽ സ്ഥിര നിയമനമോ ശമ്പളത്തോടുകൂടിയ തസ്തികയോ ലഭിക്കുകയാണെങ്കിൽ, രാമാനുജൻ ഫെലോഷിപ്പും ഗവേഷണ ഗ്രാന്റും പൂർണമായി ഉപേക്ഷിക്കേണ്ടതാണ്.
സാമ്പത്തിക സഹായം
രാമാനുജൻ ഫെലോഷിപ്പിന് തിരഞ്ഞെടുക്കപ്പെടുന്ന ഗവേഷകർക്ക് ഹൗസ് റെന്റ് അലവൻസ് ഉൾപ്പെടെ പ്രതിമാസം 1,35,000 ഫിക്സഡ് ഫെലോഷിപ്പായി ലഭിക്കും. ഇതിനുപുറമേ, അവരുടെ ഗവേഷണ പ്രവർത്തനങ്ങൾക്കായി പ്രതിവർഷം ഏഴ് ലക്ഷം രൂപ റിസർച്ച് ഗ്രാന്റായും പദ്ധതിക്ക് ആവശ്യമായ ഭരണപരമായ സൗകര്യങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുന്ന ഹോസ്റ്റ് സ്ഥാപനത്തിന് പ്രതിവർഷം 60,000 ഓവർഹെഡ് തുകയായും അനുവദിക്കുന്നതാണ്. കാലയളവ്: അഞ്ച് വർഷം (നീട്ടി നൽകില്ല). അവസാന തീയതി: ഡിസംബർ 31ന് വൈകിട്ട് അഞ്ച് വരെ.
സെമിനാർ/സിമ്പോസിയ സാമ്പത്തിക സഹായ പദ്ധതി
ശാസ്ത്ര സമൂഹത്തിൽ വിജ്ഞാന വ്യാപനവും ഗവേഷണ കൂട്ടായ്മകളും സാധ്യമാക്കുന്ന ദേശീയ-അന്തർദേശീയ സെമിനാറുകൾ, കോൺഫറൻസുകൾ, അത്യാധുനിക ലാബ് പരിശീലനങ്ങൾ എന്നിവ സംഘടിപ്പിക്കുന്നതിനായി അക്കാദമിക്/ഗവേഷണ സ്ഥാപനങ്ങൾക്കും സൊസൈറ്റികൾക്കും എ എൻ ആർ എഫ് ധനസഹായം നൽകുന്നു.അക്കാദമിക് മീറ്റിംഗുകൾ, റിസർച്ച് ഗ്രാന്റ് റൈറ്റിംഗ് വർക്ക്ഷോപ്പുകൾ, അത്യാധുനിക പ്രായോഗിക പരിശീലനങ്ങൾ എന്നീ മേഖലകൾക്കാണ് പ്രധാനമായും ഈ പദ്ധതി വഴി സഹായം ലഭ്യമാക്കുന്നത്.
അപേക്ഷാ യോഗ്യതകളും നിബന്ധനകളും
അപേക്ഷകർ ഇന്ത്യയിൽ സ്ഥിരതാമസമാക്കിയ ഇന്ത്യൻ പൗരന്മാരായിരിക്കണം. അംഗീകൃത അക്കാദമിക് സ്ഥാപനങ്ങളിലോ ദേശീയ ലബോറട്ടറികളിലോ അംഗീകൃത ആർ & ഡി സ്ഥാപനങ്ങളിലോ സ്ഥിരം തസ്തികയിൽ ജോലി ചെയ്യുന്ന അധ്യാപകർക്കും ശാസ്ത്രജ്ഞർക്കും, പ്രൊഫഷനൽ സൊസൈറ്റികൾക്കും അപേക്ഷിക്കാം.
റിസർച്ച് കപ്പാസിറ്റി വർക്ക്ഷോപ്പുകൾ സംഘടിപ്പിക്കുന്ന വിഭാഗത്തിൽ അപേക്ഷിക്കാൻ സയൻസ് അക്കാദമി ഫെലോഷിപ്പുകളോ മറ്റ് ദേശീയ-അന്തർദേശീയ അംഗീകാരങ്ങളോ ഉൾപ്പെടെ മികച്ച ട്രാക്ക് റെക്കോർഡുള്ള പ്രൊഫസർമാർക്കും ശാസ്ത്രജ്ഞർക്കും അർഹതയുണ്ടായിരിക്കും.
ഒരു അപേക്ഷകന് ഒരു കലൻഡർ വർഷത്തിൽ പരമാവധി രണ്ട് പരിപാടികൾക്ക് മാത്രമേ ഈ പദ്ധതി വഴി സാമ്പത്തിക സഹായം ലഭിക്കുകയുള്ളൂ.
ധനസഹായ ഘടന
സെമിനാറുകളുടെയും കോൺഫറൻസുകളുടെയും സ്വഭാവമനുസരിച്ച് മൂന്ന് വിഭാഗങ്ങളിലായാണ് സാമ്പത്തിക സഹായം അനുവദിക്കുന്നത്. ഉയർന്ന സ്വാധീനമുള്ള വൻകിട അന്താരാഷ്ട്ര കോൺഫറൻസുകൾക്കും പ്രത്യേക പരിശീലനങ്ങൾക്കുമായി അഞ്ച് ലക്ഷം മുതൽ പത്ത് ലക്ഷം വരെയും (പ്രത്യേക പരിപാടികൾക്ക് 20 ലക്ഷം വരെയും) നൽകുന്ന “ടൈപ്പ് എ’, സാധാരണ വർക്ക്ഷോപ്പുകൾക്കും സെമിനാറുകൾക്കുമായി രണ്ട് ലക്ഷം മുതൽ അഞ്ച് ലക്ഷം വരെ അനുവദിക്കുന്ന “ടൈപ്പ് ബി’, നിർദിഷ്ട വിഷയ കേന്ദ്രീകൃത മീറ്റിംഗുകൾക്കും വെബിനാറുകൾക്കുമായി ഒരു ലക്ഷം മുതൽ രണ്ട് ലക്ഷം വരെ ലഭിക്കുന്ന “ടൈപ്പ് സി’ എന്നിങ്ങനെയാണ് സാമ്പത്തിക സഹായ വിഭാഗങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. പരിപാടി ആരംഭിക്കുന്നതിന് 30 ദിവസം മുതൽ 150 ദിവസം മുന്പ് അപേക്ഷിക്കണം.
ഇന്റർനാഷനൽ ട്രാവൽ സപ്പോർട്ട് (ഐ ടി എസ്) സ്കീം
വിദേശരാജ്യങ്ങളിൽ നടക്കുന്ന പ്രമുഖ അന്താരാഷ്ട്ര ശാസ്ത്ര കോൺഫറൻസുകൾ, സെമിനാറുകൾ, സിമ്പോസിയങ്ങൾ എന്നിവയിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കുന്നതിനും പരിശീലന പരിപാടികളിൽ പങ്കെടുക്കുന്നതിനുമായി നൽകുന്ന യാത്രാ ധനസഹായ പദ്ധതി.
ലക്ഷ്യം: അന്താരാഷ്ട്ര ശാസ്ത്ര സമൂഹത്തിൽ ഇന്ത്യൻ ഗവേഷകരുടെയും യുവ ശാസ്ത്രജ്ഞരുടെയും പങ്കാളിത്തം ഉറപ്പാക്കുക.
യോഗ്യത
ഇന്ത്യയിലെ അംഗീകൃത സർവകലാശാലകളിൽ നിന്നോ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നോ സയൻസിൽ ബിരുദാനന്തര ബിരുദമോ പ്രൊഫഷനൽ കോഴ്സുകളിൽ ബിരുദമോ പൂർത്തിയാക്കി, ഗവേഷണ-ശാസ്ത്ര പ്രവർത്തനങ്ങളിൽ (ആർ&ഡി) സജീവമായി ഏർപ്പെട്ടിരിക്കുന്ന ഗവേഷകർക്കാണ് ഈ പദ്ധതിയിലേക്ക് അപേക്ഷിക്കാൻ അർഹതയുള്ളത്.
വിദേശത്ത് നടക്കുന്ന അന്താരാഷ്ട്ര ശാസ്ത്ര കോൺഫറൻസുകളിൽ സ്വന്തമായി തയ്യാറാക്കിയ പേപ്പർ അവതരിപ്പിക്കാൻ സംഘാടകരിൽ നിന്നുള്ള ഔദ്യോഗിക ക്ഷണക്കത്ത് ഉണ്ടായിരിക്കണം. 35 വയസ്സിൽ താഴെയുള്ള യുവ ശാസ്ത്രജ്ഞർക്ക് വിദേശത്ത് നടക്കുന്ന ഹ്രസ്വകാല കോഴ്സുകളിലോ വർക്ക്ഷോപ്പുകളിലോ (പരമാവധി 21 ദിവസം വരെ) പങ്കെടുക്കാൻ ക്ഷണക്കത്ത് ലഭിച്ചിട്ടുണ്ടെങ്കിലും അപേക്ഷിക്കാവുന്നതാണ്.
ഈ ധനസഹായത്തിന് ചില പ്രധാന നിബന്ധനകളുണ്ട്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഈ സ്കീം വഴി സാമ്പത്തിക സഹായം ലഭിച്ചവർക്ക് വീണ്ടും അപേക്ഷിക്കാൻ അർഹതയുണ്ടായിരിക്കില്ല. കൂടാതെ, വിദേശ സ്ഥാപനങ്ങളിലെ പോസ്റ്റ് ഡോക്ടറൽ പഠനം, വ്യക്തിഗത സന്ദർശനം, ഇന്റേൺഷിപ്പ്, ഇൻഫോർമൽ ട്രെയിനിംഗ് എന്നിവക്കായി ഈ തുക അനുവദിക്കുന്നതല്ല. ഏതെങ്കിലും നിശ്ചിത കോൺഫറൻസിനായി അനുവദിക്കുന്ന തുക മറ്റേതെങ്കിലും യാത്രകൾക്കോ മറ്റ് സമ്മേളനങ്ങൾക്കോ ആയി വിനിയോഗിക്കാനും പാടില്ല.
സാമ്പത്തിക സഹായം
തിരഞ്ഞെടുക്കപ്പെടുന്ന ഗവേഷകർക്ക് ഏറ്റവും കുറഞ്ഞ ദൂരത്തിലുള്ള റിട്ടേൺ എക്കണോമി ക്ലാസ്സ് എയർ ടിക്കറ്റ് നിരക്ക്, വിസ ഫീസ്, എയർപോർട്ട് ടാക്സ് എന്നിവ പൂർണമായും റീഇംബേഴ്സ് ചെയ്തു നൽകും.കൂടാതെ, 35 വയസ്സിൽ താഴെയുള്ള യുവ ശാസ്ത്രജ്ഞർക്ക് കോൺഫറൻസുകളുടെയോ പരിശീലന പരിപാടികളുടെയോ യഥാർഥ രജിസ്ട്രേഷൻ ഫീസ് അല്ലെങ്കിൽ പരമാവധി 50,000 വരെ അധിക സാമ്പത്തിക സഹായമായി ലഭിക്കുന്നതാണ്.
അപേക്ഷിക്കേണ്ട സമയം: പരിപാടി ആരംഭിക്കുന്ന തീയതിക്ക് 60 മുതൽ 90 ദിവസം മുന്പ് അപേക്ഷ സമർപ്പിക്കണം.
ഇൻക്ലൂസീവിറ്റി റിസർച്ച് ഗ്രാന്റ് (ഐ ആർ ജി)
രാജ്യത്തെ ശാസ്ത്ര- സാങ്കേതിക, എൻജിനീയറിംഗ് മേഖലകളിൽ പട്ടികജാതി/പട്ടികവർഗ വിഭാഗത്തിൽപ്പെട്ട ഗവേഷകരുടെ പങ്കാളിത്തം ഉറപ്പാക്കാനും സ്വതന്ത്ര ഗവേഷണങ്ങൾക്ക് സാമ്പത്തിക പിന്തുണ നൽകാനുമായി എ എൻ ആർ എഫ് നടപ്പാക്കുന്ന പുതിയ പദ്ധതിയാണിത്. മുന്പുണ്ടായിരുന്ന “ഇ എം ഇ ക്യു’ (എംപവർമെന്റ്ആൻഡ് ഇക്വിറ്റി ഓപ്പർച്യൂണിറ്റീസ് ഫോർ എക്സലൻസ് ഇൻ സയൻസ്) സ്കീം സമഗ്രമായി പരിഷ്കരിച്ച് രൂപവത്കരിച്ച ഈ പദ്ധതിയിലൂടെ എസ് സി/എസ് ടി വിഭാഗക്കാരായ അധ്യാപകർക്കും ശാസ്ത്രജ്ഞർക്കും അത്യാധുനിക അടിസ്ഥാന സൗകര്യങ്ങളും ഗവേഷണ ഫണ്ടും ലഭ്യമാക്കുന്നു.
യോഗ്യത
രാജ്യത്തെ അംഗീകൃത ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർവകലാശാലകളിലും ദേശീയ ഗവേഷണ കേന്ദ്രങ്ങളിലും സേവനമനുഷ്ഠിക്കുന്ന പട്ടികജാതി/പട്ടികവർഗ വിഭാഗത്തിൽപ്പെട്ട അധ്യാപകർക്കും ശാസ്ത്രജ്ഞർക്കും ഗവേഷകർക്കുമാണ് ഈ പദ്ധതിയിലേക്ക് അപേക്ഷിക്കാൻ അർഹതയുള്ളത്.
സാമ്പത്തിക സഹായം, സവിശേഷതകൾ
ഈ പദ്ധതിക്ക് കീഴിൽ തിരഞ്ഞെടുക്കപ്പെടുന്ന ഗവേഷണ പ്രൊജക്ടുകൾക്ക് മൂന്ന് വർഷത്തേക്ക് പൊതുചെലവ് ചാർജുകൾ കൂടാതെ പരമാവധി 60 ലക്ഷം വരെ റിസർച്ച് ഗ്രാന്റായി ലഭിക്കും. മനുഷ്യവിഭവശേഷി നിയമനത്തിലും റിക്കറിംഗ് ഫണ്ട് വിനിയോഗത്തിലും അപേക്ഷകർക്ക് പ്രത്യേക ഇളവുകൾ അനുവദിച്ചിട്ടുണ്ട്. ഇതിനുപുറമേ, അന്താരാഷ്ട്ര യാത്രാ അനുമതി, ഗവേഷണ പ്രബന്ധങ്ങളുടെ ഓപൺ ആക്സസ് പബ്ലിക്കേഷൻ ചെലവുകൾ, പേറ്റന്റ് ഫയലിംഗ് ഫീസുകൾ എന്നിവക്കും ആവശ്യമായ സാമ്പത്തിക പിന്തുണ ഈ സ്കീമിലൂടെ ലഭ്യമാകും.
അവസാന തീയതി: നവംബർ മൂന്നിന് വൈകിട്ട് 04.59 വരെ.
പൊതുവായ വിവരങ്ങളും അപേക്ഷാ മാർഗരേഖയും
ഓൺലൈൻ അപേക്ഷാ സമർപ്പണം
എ എൻ ആർ എഫിന്റെ എല്ലാ പദ്ധതികളിലേക്കുമുള്ള അപേക്ഷകളും സാമ്പത്തിക ക്ലെയിമുകളും പൂർണമായും ഡിജിറ്റൽ പോർട്ടൽ വഴി ഓൺലൈനായി മാത്രമാണ് സ്വീകരിക്കുന്നത്. നേരിട്ടോ തപാൽ വഴിയോ മാത്രമുള്ള അപേക്ഷകൾ പരിഗണിക്കുന്നതല്ല.
സുതാര്യമായ തിരഞ്ഞെടുപ്പ്
ലഭിക്കുന്ന അപേക്ഷകൾ വിഷയ അധിഷ്ഠിതമായി പ്രത്യേക വിദഗ്ദ്ധ സമിതി വിലയിരുത്തിയാണ് യോഗ്യരായവരെ തിരഞ്ഞെടുക്കുന്നത്.
ഔദ്യോഗിക വെബ്സൈറ്റ്
അപേക്ഷാ ഫോമുകൾ, പ്രൊപ്പോസൽ ഫോർമാറ്റുകൾ, നിബന്ധനകൾ, മറ്റ് വിവരങ്ങൾ എന്നിവക്ക് www.anrfonline.in എന്ന പോർട്ടൽ സന്ദർശിക്കുക.
Content Highlights: The Anusandhan National Research Foundation (ANRF) has invited applications for various research grants, fellowships, and support schemes including the Ramanujan Fellowship, Seminar/Symposium financial assistance, International Travel Support (ITS), and Inclusivity Research Grants (IRG). Eligible researchers can apply online through the official ANRF digital portal with specific deadlines.



