Connect with us

Story

സാവേരിയുടെ സ്വാതന്ത്ര്യം

താൻ അനുഭവിക്കുന്ന അവസ്ഥ സത്യമാണെന്ന് വിശ്വസിക്കാൻ വേണ്ടിത്തന്നെ അവൾ തന്റെ ചലനമറ്റ കാലുകളെ കുറെ നേരം നോക്കിയിരുന്നു.

Published

|

Last Updated

കണ്ണ് തുറന്നപ്പോൾ സാവേരി ആദ്യം കണ്ടത് വെളുത്ത കർട്ടൻ പാതി മാറി കിടന്ന ഐ സി യുവിന് പുറത്തെ ചില്ല് മറയ്ക്ക് മേൽ ഭൂമി കരയുന്നതായിരുന്നു.
ഉടലോളം നീല വീഴുങ്ങിയ പി പി ഇ കിറ്റിനുള്ളിൽ രണ്ട് മൂന്ന് രൂപങ്ങൾ തനിക്കരികെ വേഗത്തിൽ ചലിച്ചുകൊണ്ടിരിക്കുന്നത് സാവേരി കണ്ടു.
കഴിഞ്ഞുപോയത് സ്വപ്നമായിരുന്നോ ജീവിതമായിരുന്നോ എന്ന് തിരിച്ചറിയുന്നതിന് വേണ്ടി മാത്രം സാവേരി അടുത്ത് നിന്നിരുന്ന നഴ്സിനെ വിളിക്കാൻ ശ്രമിച്ചു.
പക്ഷേ, സ്വരത്തിന് പകരം തൊണ്ട കരിഞ്ഞ് ഒരു വേളൽ മാത്രമാണ് ട്യൂബ് വഴി പുറത്തേക്ക് വന്നത്. ചുണ്ടിന്റെ വലത്തേ കോണോട് ചേർത്ത് ഘടിപ്പിച്ചിരിക്കുന്ന ട്യൂബിൽ തന്റെ നിലവിളി അടക്കം ചെയ്യപ്പെട്ടിരിക്കുന്നത് സാവേരി അറിഞ്ഞു. ആ ഒരു നിമിഷം അമ്മേയെന്നും അച്ഛായെന്നും വിളിച്ചലറാൻ അവൾ അതിയായ് ആഗ്രഹിച്ചു.
എന്തോ ഒരു മൂളൽ കേട്ടിട്ടാകണം അടുത്ത് നിന്നിരുന്ന നീല മാലാഖ കണ്ണിലേക്കുറ്റ് നോക്കി ചോദിച്ചു. ആർ യു ഒ കെ?

വിഷാദം മാത്രം പ്രസരിപ്പിക്കുന്ന ഐ സി യുവിലെ ചില്ലു വെളിച്ചങ്ങളെ നോക്കി സാവേരി ഓർമകളിലേക്ക് സഞ്ചരിച്ചു.
ഓ.. വിശ്വസിക്കാൻ പറ്റുന്നില്ല. ഉച്ചകഴിഞ്ഞുള്ള കറക്കം. ഷോപ്പിംഗ് പെഡിഗ്രീ കിറ്റ്. കോഴികൾക്കുള്ള ഫുഡ് ഗ്രെയിൻസ്.
ഡ്രൈവിനിടയിൽ എപ്പോഴാണ് മാസ്കിനും ഹെൽമെറ്റിനും ഇടയിലിരുന്ന് നാസാരന്ധ്രങ്ങൾ ചൂട് പിടിച്ചത്?

കാഴ്ച മറഞ്ഞതും മുന്നിൽ കറുത്ത പുകച്ചുരുൾ ആണെന്ന് തോന്നി. പിന്നീട് വണ്ടി സ്വയം അതിന്റെ ചലനങ്ങളെ പീഡിപ്പിച്ചു വശത്തേക്ക് വീഴ്ത്തിയെന്ന് തോന്നുന്നു.
തന്നെ ആരാണ് ആശുപത്രിയിലെത്തിച്ചത്? അച്ഛനും അമ്മയും അറിഞ്ഞിട്ടുണ്ടാകുമോ? നേരം എത്രയായി? സാവേരി കൈയനക്കാൻ നോക്കി. സാധിക്കുന്നില്ല. അവ ബെഡ്ഡിനോട് ചേർത്ത് റിസ്ട്രെയിന്റ് ചെയ്തിരിക്കുന്നു. അരയ്ക്ക് കീഴേ എന്തെങ്കിലും ഉള്ളതായി തോന്നിയില്ല. കാൽ അവിടെത്തന്നെയുണ്ടോ എന്ന് ചോദിക്കണമെന്ന് തോന്നി. ഭാഗ്യം, ചിന്തകൾക്ക് വിലങ്ങ് വീണിട്ടില്ല. തനിക്ക് ബോധമുണ്ട്. താമസിയാതെ ഒന്ന് കൂടി ബോധ്യപ്പെട്ടു. തന്റെ ശരീരം കടുത്ത വേദന അനുഭവിക്കുന്നു.

ഐ സി യുവിൽ ഒറ്റക്കൊറ്റക്ക് നാല് തുണിച്ചുമരുകൾക്കിടയിൽ നിരോധിക്കപ്പെട്ട വികാരങ്ങളുമായി ട്യൂബുകൾ മാത്രം തരുന്ന ഭിക്ഷയിൽ കിടന്നപ്പോൾ അവൾക്ക് വീടിന്റെ ഇറക്കോണിൽ തൂക്കിയിട്ട ഇരുമ്പ് കൂടിനുള്ളിലെ “സാപ്പു’ എന്ന തത്തയെ ഓർമ വന്നു.
പറമ്പിനതിരിലേക്ക് മലമൂത്ര വിസർജനത്തിന് മാത്രമായി പുറത്തിറക്കി നടന്നും കളിച്ചും കൊതി തീരുംമുമ്പേ കൂട്ടിലേക്കിട്ട് താൻ തിരികെ ബന്ധിക്കുന്ന ചിന്നനെ ഓർമ വന്നു. അഴികൾക്കുള്ളിലാക്കി തിരിച്ചുപോരുമ്പം അവൻ വീണ്ടും കുരച്ചതെന്തിനായിരിക്കും?
അപ്പോഴേക്കും നീല മാലാഖമാരിൽ ഒരാൾ വന്ന് മൂക്കിൽ നിന്നും ഒരു ട്യൂബ് നെഞ്ചിന് മേലേക്ക് ഉയർത്തി അതിന്റെ അറ്റത്ത് വെളുത്ത ദ്രാവകം ഒഴിക്കുന്നത് കണ്ടു. നാവിലെ രുചിമുകുളങ്ങൾ പോലുമറിയാതെ അത് വിശപ്പിനുമേൽ അരിച്ചിറങ്ങി.

സാവേരി അപ്പോൾ താൻ വാങ്ങിയ ഫുഡ് ഗ്രെയിൻസിന്റെ കവറുകൾ എവിടെ എന്നോർത്തു. അവ റോഡിലേക്ക് പൊട്ടിയുതിർന്ന് വീണ് കാക്കകൾ കൊത്തിക്കൊറിച്ചിട്ടുണ്ടാകാം. ഓർമകൾ അധികം പുറകിലേക്ക് പോയില്ല. അപ്പോഴേയ്ക്കും വലത് കൈയ്യുടെ മേലെയിരുന്ന് സൂചി കരഞ്ഞു. മയക്കം എവിടെ നിന്നോ പാഞ്ഞെത്തി. സാവേരി ഉറക്കത്തിലേക്ക് പോകും വഴി വീടിന്റെ ഇറക്കോണിലെ ഇരുമ്പ് മറയ്ക്കുള്ളിലിരുന്ന് ഏതൊക്കെയോ പക്ഷികൾ ചിറകിട്ടടിച്ച് നിലവിളിച്ചു. ചിന്നൻ നിർത്താതെ കുരച്ചു.

……………………………………………………………………..

ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജായി
വീട്ടിലേക്കെത്തിയപ്പോഴാണ് അച്ഛൻ പുതിയ വീൽച്ചെയർ തന്റെ മുന്നിലേക്ക് എടുത്തുവെച്ചത്. അമ്മയുടെയും അച്ഛന്റെയും കൈകളിൽ താങ്ങി അതിലേക്ക് തന്റെ ശരീരം ഇരിപ്പുറപ്പിച്ചപ്പോൾ ചലനം നഷ്ടപ്പെട്ട കാലുകൾ ജീവനില്ലാത്ത വാഴക്കട്ടകൾ പോലെ അരയ്ക്ക് കീഴെ കിടന്നു. രണ്ട് കാലുകൾക്കും ഇടയിൽ ഞാന്നു കിടക്കുന്ന യൂറിൻ ട്യൂബ് അമ്മ ആരും കാണാതെ പാദം പുണർന്ന് കിടക്കുന്ന പാവാടയ്ക്കുള്ളിലേക്ക് ഒതുക്കി. തന്റെ അവയവങ്ങളിൽ പലതും താൻ ആഗ്രഹിക്കാതെ തന്നെ ജീവപര്യന്ത ശിക്ഷ അനുഭവിക്കുന്നു.
സ്വാതന്ത്ര്യമുള്ളവരുടെ ലോകത്തിന്റെ
ഏറ്റവും വലിയ പ്രത്യേകത അത്
ചലനാത്മകമായിരിക്കും
എന്നതാണെന്ന് സാവേരിക്ക് തോന്നി.

താൻ അനുഭവിക്കുന്ന അവസ്ഥ സത്യമാണെന്ന് വിശ്വസിക്കാൻ വേണ്ടിത്തന്നെ അവൾ തന്റെ ചലനമറ്റ കാലുകളെ കുറെ നേരം നോക്കിയിരുന്നു.
ഇല്ലാതാകാൻ തുടങ്ങുമ്പോഴാണ് എന്തും വീണ്ടും തിരികെ ലഭിക്കണമെന്ന് ആളുകൾക്ക് കൊതി. അല്ലേ അഛാ….
അവർ കണ്ണുകൾ നിറച്ച് മകളെ നോക്കി.

സാവേരിയുടെ ശബ്ദം കേട്ടിട്ടാകണം തീരെ ചെറിയ വാതിലിനടുക്കൽ വന്നിരുന്ന് സാപ്പു, ചിലച്ചു. അവളുടെ ചുവന്ന ചുണ്ട് വീണ്ടും ഇരുമ്പ് മറയെ കൊത്തിയടർത്താൻ നോക്കി. തലങ്ങും വിലങ്ങും കോർത്തു കെട്ടിയ വലയ്ക്കുള്ളിലിരുന്ന് കോഴികൾ കൊക്കു പിളർത്തി കലപില കൂട്ടി. ചിന്നൻ കൂട്ടിനുള്ളിൽ സഹിഷ്ണുതയോടു കൂടി മാത്രം മുരണ്ടു.
അവൾ സ്വന്തം കൈകൾ കൊണ്ട് വീൽചെയർ ചലിപ്പിച്ച് വീടിന്റെ വലത് വശത്തേയ്ക്ക് പോയി. പക്ഷികളെയും, ചിന്നനെയും നോക്കി. തനിക്കീയിടെ മാത്രം തുടങ്ങിയ ശീലത്തിന്റെ അതിനിന്ദ്യതയെക്കുറിച്ചോർത്തു. അഛന്റെ സഹായത്തോട് കൂടി സാവധാനം കൂടു തുറന്ന് സാപ്പുവിനെ പറത്തി.അത് തന്നെ തിരിഞ്ഞു പോലും നോക്കാതെ ആകാശത്തേക്ക് വിറളി പൂണ്ട് ഉയർന്നു പൊങ്ങി മറഞ്ഞു.വലക്കെട്ടഴിച്ചപ്പോൾ കോഴികൾ ഒച്ച വെച്ച് ചിറക് കുടഞ്ഞ് പറന്നകന്നു.
താൻ ഏറെ പരിലാളിച്ചിരുന്ന ചിന്നൻ പോലും തന്റെ ജാതിയെത്തേടി സ്വാതന്ത്ര്യത്തിന്റെ ലോകത്തേക്ക് യാത്രയാകുന്നത്, തിരിച്ചറിവിന്റെ പുതിയ ലോകത്തിരുന്ന് സാവേരി മൂകമായ് നോക്കിക്കണ്ടു.

നിഷ ആന്റണി
nishaantony2683@gmail.com

Latest