Connect with us

Ongoing News

ലോകകപ്പ് രണ്ടാം റൗണ്ട് യോഗ്യത; ഇന്ത്യക്ക് ഗൾഫ് പരീക്ഷ

ഖത്വറിനും കുവൈത്തിനുമൊപ്പം ഗ്രൂപ്പ് എയിൽ

Published

|

Last Updated

ക്വാലാലംപൂർ | അമേരിക്കയും മെക്‌സിക്കോയും കാനഡയും വേദിയാകുന്ന 2026ലെ ഫിഫ ലോകകപ്പിനുള്ള രണ്ടാം റൗണ്ട് യോഗ്യതാ മത്സരങ്ങളിൽ ഇന്ത്യ കരുത്തർക്കൊപ്പം. ഗ്രൂപ്പ് എയിൽ ഗൾഫ് രാജ്യങ്ങളായ ഖത്വറിനും കുവൈത്തിനുമൊപ്പമാണ് ഇന്ത്യ. അഫ്ഗാനിസ്ഥാൻ- മംഗോളിയ പ്രിലിമിനറി മത്സരത്തിലെ വിജയികളും ഗ്രൂപ്പിലുണ്ടാകും.

ഖത്വർ ഇന്ത്യക്ക് ശക്തമായ വെല്ലുവിളി ഉയർത്തുമെങ്കിലും കുവൈത്തിനെ മറികടക്കാനാകുമെന്ന തികഞ്ഞ പ്രതീക്ഷ ഇന്ത്യക്കുണ്ട്. ലോക റാങ്കിംഗിൽ 58ാം സ്ഥാനത്താണ് ഖത്വർ. 141ാം റാങ്ക് ആണെങ്കിലും കുവൈത്ത് ശക്തരാണ്. സാഫ് കപ്പിലെയും ഇന്റർകോണ്ടിനന്റ് കപ്പിലെയും വിജയം ഇന്ത്യയെ 99ാം റാങ്കിലെത്തിച്ചിട്ടുണ്ട്. അഫ്ഗാനിസ്ഥാൻ (157), മംഗോളിയ (183) എന്നിങ്ങനെയാണ് റാങ്ക് നില.

സാഫ് കപ്പ് ഫൈനലിൽ കുവൈത്തിനെ തകർത്ത് കപ്പുയർത്തിയത് ഇന്ത്യക്ക് പ്രതീക്ഷയേറ്റുന്നുണ്ട്. 2019ലെ എ എഫ് സി ഏഷ്യൻ കപ്പ് ചാമ്പ്യരായ ഖത്വറിനെ നേരത്തേ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ഇന്ത്യ സമനിലയിൽ തളച്ചിരുന്നു. ഈ വർഷം അവസാനം മുതൽ അടുത്ത വർഷം ജൂൺ വരെയാണ് യോഗ്യതാ മത്സരങ്ങളുണ്ടാകുക. നിലവിലെ സാഹചര്യത്തിൽ നവംബർ 16നും 21നും ആയിരിക്കും കുവൈത്തിനും ഖത്വറിനുമെതിരെയുള്ള ഇന്ത്യയുടെ മത്സരങ്ങൾ.

മലേഷ്യൻ തലസ്ഥാനമായ ക്വാലാംപൂരിൽ എ എഫ് സി ഹൗസിലായിരുന്നു നറുക്കെടുപ്പ്. ഏഷ്യൻ ശക്തികളായ ജപ്പാൻ ഗ്രൂപ്പ് ബിയിലും ഇറാൻ ഗ്രൂപ്പ് ഇയിലും സഊദി അറേബ്യ ഗ്രൂപ്പ് ജിയിലുമാണുള്ളത്. ഈ ടീമുകളെല്ലാം ലോകകപ്പ് കളിച്ചവരാണ്.
മൂന്നാം റൗണ്ടിലേക്ക്

ഒമ്പത് ഗ്രൂപ്പുകളാണ് ഏഷ്യയിലുള്ളത്. ആകെ 36 ടീമുകളും. മൂന്നാം റൗണ്ടിൽ ആറ് ടീമുകളടങ്ങുന്ന മൂന്ന് ഗ്രൂപ്പുകളാണുണ്ടാകുക. ഓരോ ഗ്രൂപ്പുകളിൽ നിന്നും ആദ്യ രണ്ട് സ്ഥാനക്കാർ ലോകകപ്പിന് യോഗ്യത നേടും. ഗ്രൂപ്പിലെ മൂന്നും നാലും സ്ഥാനക്കാർക്കായി നാലാം റൗണ്ട് മത്സരങ്ങൾ നടത്തും.
നാലാം റൗണ്ടിലേക്ക് കടക്കുന്ന ആറ് ടീമുകൾ വീണ്ടും ഗ്രൂപ്പ് മത്സരങ്ങൾ കളിക്കും. മൂന്ന് ടീമുകൾ വീതമുള്ള രണ്ട് ഗ്രൂപ്പായാണ് മത്സരിക്കുക. ഈ രണ്ട് ഗ്രൂപ്പിലേയും ചാമ്പ്യന്മാരും ലോകകപ്പിന് യോഗ്യത നേടും.

---- facebook comment plugin here -----

Latest