Connect with us

National

വനിതാ സംവരണ ബില്‍ 2024ലെ സെന്‍സസിനു ശേഷം നടപ്പാക്കും: നിര്‍മല സീതാരാമന്‍

സാമ്രാജ്യത്വ ശക്തികള്‍ക്കെതിരെ പോരാടിയ അറിയപ്പെടാത്ത നിരവധി പേരുണ്ടെന്നും അവരുടെ സംഭാവനകള്‍ രേഖപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി

Published

|

Last Updated

ന്യൂഡല്‍ഹി| 2024 ലെ സെന്‍സസിന് ശേഷം വനിതാ സംവരണ ബില്‍ നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ ആരംഭിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍. രാഷ്ട്രനിര്‍മ്മാണത്തില്‍ സ്ത്രീകളുടെ പങ്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വാസം മൂലമാണ് വനിതാ ബില്‍ യാഥാര്‍ത്ഥ്യമായതെന്ന് മന്ത്രി പറഞ്ഞു.കര്‍ണാടകയില്‍ മൂഡ്ബിദ്രിയില്‍ റാണി അബ്ബക്കയുടെ പേരിലുള്ള തപാല്‍ സ്റ്റാമ്പ് പുറത്തിറക്കിയ ശേഷം സംസാരിക്കുകയായിരുന്നു അവര്‍.

പോര്‍ച്ചുഗീസുകാര്‍ക്കെതിരെ പോരാടിയ പതിനാറാം നൂറ്റാണ്ടിലെ രാജ്ഞി റാണി അബ്ബക്കയുടെ ധീരതയെ പ്രശംസിച്ച് മന്ത്രി സംസാരിച്ചു. സാമ്രാജ്യത്വ ശക്തികള്‍ക്കെതിരെ പോരാടിയ അറിയപ്പെടാത്ത നിരവധി പേരുണ്ടെന്നും അവരുടെ സംഭാവനകള്‍ രേഖപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി സര്‍ക്കാര്‍ 14,500 കഥകളുള്ള ഒരു ഡിജിറ്റല്‍ ഡിസ്ട്രിക്റ്റ് ശേഖരം സമാഹരിച്ചിട്ടുണ്ടെന്നും ഇതില്‍ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട സ്ഥലങ്ങളെക്കുറിച്ച് എടുത്തുപറഞ്ഞിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

സ്വാതന്ത്ര്യ സമരത്തില്‍ സ്ത്രീകളുടെ പങ്ക്, ഭരണഘടനാ അസംബ്ലിയിലെ സ്ത്രീകള്‍, സ്വാതന്ത്ര്യ സമരത്തിലെ ആദിവാസി നേതാക്കള്‍ എന്നിവയെക്കുറിച്ചുള്ള മൂന്ന് പുസ്തകങ്ങള്‍ പുറത്തിറക്കാന്‍ കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം തയ്യാറെടുക്കുകയാണ്. തീരദേശ കര്‍ണാടകയില്‍ റാണി അബ്ബക്കയുടെ പേരില്‍ സ്‌കൂള്‍ തുറക്കാന്‍ ആലോചനയുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

 

 

 

Latest