Kerala
യുവതി വിഷംകഴിച്ച് മരിച്ച സംഭവം; ഭർത്താവ് അറസ്റ്റിൽ
ഒരുവര്‍ഷം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്.
ആലത്തൂര്‍| ഭര്‍തൃവീട്ടില്‍ നിന്ന് വിഷംകഴിച്ച് യുവതി മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു. കാവശേരി ആനമാറി ഇടത്തില്‍ കോളനിയിലെ അബ്ദുള്‍റഹ്മാനെയാണ് (30) ആലത്തൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ചുണ്ടക്കാട് പെരിങ്ങാട്ടുകുന്ന് സ്വദേശി അസ്ന (20)യാണ് മാര്‍ച്ച് 27ന് എലിവിഷം ഭക്ഷണത്തില്‍ കലര്‍ത്തിക്കഴിച്ചത്.
വിഷം ഉള്ളില്‍ച്ചെന്ന് അവശനിലയിലാണ് അസ്‌നയെ കണ്ടെത്തിയത്. തുടര്‍ന്ന് ആലത്തൂര്‍, എറണാകുളം എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നില വഷളായതിനെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ അസ്‌ന ഈ മാസം ഏഴിനാണ് മരിച്ചത്.
ഒരുവര്‍ഷം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. മരണത്തില്‍ ദുരൂഹതയുണ്ടെന്നും ഭര്‍തൃഗൃഹത്തില്‍ അസ്‌നയ്ക്ക് മാനസിക ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നതായും കാണിച്ച് അസ്‌നയുടെ കുടുംബം ആലത്തൂര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ആലത്തൂര്‍ കോടതിയില്‍ പ്രതിയെ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.





