Connect with us

From the print

മുഖ്യമന്ത്രിയാര്? തലയെണ്ണും

എ ഐ സി സി നിരീക്ഷകരെത്തി. എം എല്‍ എമാരെ തനിച്ച് കണ്ട് അഭിപ്രായമാരായും. നിര്‍ണായക പാര്‍ലിമെന്ററി പാര്‍ട്ടി യോഗം ഇന്ന്.

Published

|

Last Updated

തിരുവനന്തപുരം | നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് നേടിയ മിന്നും വിജയത്തിന് പിന്നാലെ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള എം എല്‍ എമാരുടെ നിര്‍ണായക യോഗം ഇന്ന് ചേരും. രാവിലെ 10.30ന് കെ പി സി സി ആസ്ഥാനമായ ഇന്ദിരാ ഭവനില്‍ ചേരുന്ന യോഗത്തില്‍ എ ഐ സി സി നിരീക്ഷകരായി മുകുള്‍ വാസ്നിക്, അജയ് മാക്കന്‍ എന്നിവര്‍ പങ്കെടുക്കും. ഇന്നലെ തലസ്ഥാനത്തെത്തിയ നിരീക്ഷക സംഘം ഇന്ദിരാഭവനില്‍ എത്തി മുന്‍ മുഖ്യമന്ത്രി എ കെ ആന്റണിയുമായാണ് ആദ്യം കൂടിക്കാഴ്ച നടത്തിയത്. ഇവര്‍ക്കൊപ്പം കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷിയും ഉണ്ടായിരുന്നു. നിരീക്ഷകര്‍ ഇന്ന് മുതല്‍ നേതാക്കളെ നേരില്‍ കണ്ട് അഭിപ്രായം തേടും. മുഖ്യമന്ത്രിസ്ഥാനത്തേക്ക് വി ഡി സതീശന്‍, രമേശ് ചെന്നിത്തല, കെ സി വേണുഗോപാല്‍ എന്നിവരുടെ പേരുകളാണ് ചര്‍ച്ചയിലുള്ളത്.

എം എല്‍ എമാരുടെ യോഗത്തിന് ശേഷം എല്ലാവരെയും നിരീക്ഷകര്‍ ഒറ്റക്കൊറ്റക്കായി കണ്ട് അഭിപ്രായമാരായും. മുഖ്യമന്ത്രിസ്ഥാനത്തേക്കുള്ള പിന്തുണ ആര്‍ക്കാണെന്ന അഭിപ്രായമാകും ചോദിച്ചറിയുക. എം എല്‍ എമാരുടെ അഭിപ്രായം അറിയുകയാണ് പ്രധാന ലക്ഷ്യമെങ്കിലും കെ പി സി സി മുന്‍ അധ്യക്ഷന്‍മാരുടെയും രാഷ്ട്രീയകാര്യ സമിതി അംഗങ്ങളുടെയും ഘടകകക്ഷി നേതാക്കളുടെയും അഭിപ്രായവും നിരീക്ഷകര്‍ കേള്‍ക്കും. ഇതിന് ശേഷമാകും ഹൈക്കമാന്‍ഡിന് അന്തിമ റിപോര്‍ട്ട് നല്‍കുക.

നിരീക്ഷകര്‍ക്ക് മുമ്പില്‍ മനസ്സ് തുറക്കാന്‍ പല മുതിര്‍ന്ന നേതാക്കളും തിരുവനന്തപുരത്ത് ക്യാമ്പ് ചെയ്യുകയാണ്. ആദ്യമായി എം എല്‍ എമാരാകുന്ന പലരും നിരീക്ഷകര്‍ക്ക് മുന്നില്‍ എന്ത് പറയണം എന്ന ആശയക്കുഴപ്പത്തിലുമാണ്. നിയമസഭാ കക്ഷിയിലെ ഭൂരിപക്ഷം പരിഗണിക്കണം എന്ന കടുത്ത നിലപാടിലാണ് കെ സി വേണുഗോപാല്‍ പക്ഷം. ഭൂരിപക്ഷം എം എല്‍ എമാരുടെയും പിന്തുണ തങ്ങള്‍ക്കുണ്ടെന്നാണ് ഇവര്‍ വാദിക്കുന്നത്. കൂട്ടമായി ചോദിച്ചാല്‍ എം എല്‍ എമാര്‍ കെ സിക്ക് അനുകൂലമായാകും പ്രതികരിക്കുകയെന്ന നീക്കം തടയാനാണ് ഒറ്റക്കൊറ്റക്ക് എന്ന ആവശ്യം ഉയര്‍ത്തിയത്.

ഒറ്റക്കൊറ്റക്കായി എം എല്‍ എമാരെ നിരീക്ഷകര്‍ കാണുമ്പോള്‍ കൂട്ടമായി കെ സിയെ പിന്തുണച്ചിരുന്ന പലരും വി ഡി സതീശന്റെ പേര് പറഞ്ഞേക്കാം എന്നാണ് സതീശന്‍ ക്യാമ്പ് കരുതുന്നത്. അങ്ങനെയെങ്കില്‍ വി ഡി സതീശനെ പിന്തുണക്കുന്ന എം എല്‍ എമാരുടെ എണ്ണം 30 വരെ എത്തിയേക്കാമെന്നാണ് പ്രതീക്ഷ.

ഒറ്റക്കൊറ്റക്കുള്ള കൂടിക്കാഴ്ചയില്‍ കേരളത്തിന്റെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷിയെ പങ്കെടുപ്പിക്കരുത് എന്ന നിര്‍ദേശവും വി ഡി സതീശന്‍ പക്ഷം മുന്നോട്ടുവെക്കുന്നുണ്ട്. സാഹചര്യം കെ സി വേണുഗോപാലിന് അനുകൂലമാക്കാനുള്ള നീക്കം ദീപാദാസ് മുന്‍ഷി നടത്തുമെന്ന ആരോപണം വി ഡി സതീശന്‍ പക്ഷത്തിനുണ്ട്.

 

---- facebook comment plugin here -----

Latest