Connect with us

Editorial

ആരാണ് വളരുന്നത്?

വികസനത്തിന്റെ തിളങ്ങുന്ന ചിത്രങ്ങള്‍ എമ്പാടും കാണിക്കാനാകും. വാര്‍ത്താ വിനിമയ, സാങ്കേതിക രംഗങ്ങളിലെ കുതിച്ചു ചാട്ടവുമുണ്ട്. ഇവയെല്ലാം അഭിമാനകരം തന്നെയാണ്. എന്നാല്‍ രാജ്യത്തെ കോടിക്കണക്കായ മനുഷ്യരുടെ ജീവിതത്തില്‍ അത് പ്രതിഫലിക്കുന്നുണ്ടോ? റേഷന്‍ കിട്ടിയില്ലെങ്കില്‍ സമ്പൂര്‍ണ പട്ടിണി കിടക്കേണ്ട മനുഷ്യരുടെ കണക്ക് കൂടി കാണേണ്ടതല്ലേ?

Published

|

Last Updated

മൊത്തം ആഭ്യന്തര ഉത്പാദനം (ജി ഡി പി), പ്രതിശീര്‍ഷ വരുമാനം, വാര്‍ഷിക വ്യവസായ വളര്‍ച്ച, വളര്‍ച്ചാ അനുമാന കണക്കുകള്‍ തുടങ്ങിയ സൂചകങ്ങളിലെല്ലാം കുതിപ്പിന്റെ കണക്കുകളാണ് പുറത്ത് വരാറുള്ളത്. വികസിത രാജ്യങ്ങളുടെ പട്ടികയിലേക്ക് രാജ്യം അതിവേഗം സഞ്ചരിക്കുകയാണെന്നും കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെയുണ്ടായ മാറ്റങ്ങളാണ് ഇതിന് വഴിയൊരുക്കിയതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടക്കിടക്ക് പ്രഖ്യാപിക്കാറുമുണ്ട്. വലിയ ഹൈവേകള്‍ വരുന്നുണ്ട്. വിമാനത്താവളങ്ങളും മാളുകളും അത്യാധുനിക സൗകര്യങ്ങളോടെ നഗരവികസനവും നടക്കുന്നു. വികസനത്തിന്റെ തിളങ്ങുന്ന ചിത്രങ്ങള്‍ എമ്പാടും കാണിക്കാനാകും. വാര്‍ത്താ വിനിമയ, സാങ്കേതിക രംഗങ്ങളിലെ കുതിച്ചു ചാട്ടവുമുണ്ട്. ഇവയെല്ലാം അഭിമാനകരം തന്നെയാണ്. എന്നാല്‍ രാജ്യത്തെ കോടിക്കണക്കായ മനുഷ്യരുടെ ജീവിതത്തില്‍ അത് പ്രതിഫലിക്കുന്നുണ്ടോ? റേഷന്‍ കിട്ടിയില്ലെങ്കില്‍ സമ്പൂര്‍ണ പട്ടിണി കിടക്കേണ്ട മനുഷ്യരുടെ കണക്ക് കൂടി കാണേണ്ടതല്ലേ? ഡിജിറ്റല്‍ ഇന്ത്യ സാധ്യമായിട്ടും കര്‍ഷകര്‍ നിരന്തരം ആത്മഹത്യ ചെയ്യുന്നത് എന്തുകൊണ്ടാണ്? മേക് ഇന്‍ ഇന്ത്യ വന്നിട്ടും തൊഴിലില്ലാത്ത യുവാക്കള്‍ തെരുവില്‍ അലയുന്നതിന് എന്താണ് കാരണം? ഒരേയൊരു ഉത്തരമാണുള്ളത്- വര്‍ധിച്ചു കൊണ്ടേയിരിക്കുന്ന സാമ്പത്തിക അസമത്വം.

വേള്‍ഡ് ഇക്കണോമിക് ഡാറ്റാ ബേസിന്റെ ഏറ്റവും പുതിയ റിപോര്‍ട്ട് മുന്നോട്ട് വെക്കുന്നത് ഞെട്ടിക്കുന്ന കണക്കുകളാണ്. ഇന്ത്യയിലെ സാമ്പത്തിക അസമത്വം ബ്രിട്ടീഷ് രാജിന്റെ കാലത്തേക്കാള്‍ പരിതാപകരമാണെന്ന് റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 2022-23ല്‍ മൊത്തം വരുമാനത്തിന്റെ 22.6 ശതമാനവും മൊത്തം സമ്പത്തിന്റെ 40.1 ശതമാനവും കൈവശം വെച്ചിരിക്കുന്നത് ഒരു ശതമാനം വരുന്ന അതിസമ്പന്നരാണെന്ന് റിപോര്‍ട്ട് വ്യക്തമാക്കുന്നു. ഇന്ത്യയിലെ സാമ്പത്തിക അസന്തുലിതാവസ്ഥ ദക്ഷിണാഫ്രിക്ക, ബ്രസീല്‍, യു എസ് എന്നിവയേക്കാളും മോശമായ നിലയിലാണ്. നിതിന്‍ കുമാര്‍ ഭാരതി, ലൂക്കാസ് ചാന്‍സല്‍, തോമസ് പികെറ്റി, അന്‍മോല്‍ സോമാഞ്ചി എന്നിവര്‍ തയ്യാറാക്കിയ, “ഇന്ത്യയിലെ അസമത്വം- 1922-2023: ദ റൈസ് ഓഫ് ബില്യണയര്‍ രാജ്’ എന്ന പഠനമാണ് അടിയന്തര പരിഹാരം അനിവാര്യമാക്കുന്ന കണക്കുകള്‍ പുറത്ത് വിട്ടത്. തൊഴിലില്ലായ്മ, ദാരിദ്ര്യം, പട്ടിണി തുടങ്ങി സമ്പദ് വ്യവസ്ഥയുടെ യഥാര്‍ഥ അവസ്ഥയിലേക്ക് വിരല്‍ ചൂണ്ടുന്ന വിഷയങ്ങളില്‍ സര്‍ക്കാറിന്റെ സ്ഥിതിവിവരക്കണക്കുകള്‍ അപര്യാപ്തമോ മറച്ചുവെക്കപ്പെട്ടതോ ആകുമ്പോഴാണ് ഇത്തരം പഠനങ്ങള്‍ കൂടുതല്‍ പ്രസക്തമാകുന്നത്.

സ്വാതന്ത്ര്യാനന്തരം, 1980കളുടെ ആരംഭം വരെ, സാമ്പത്തിക അസമത്വം കുറഞ്ഞുവെന്ന് റിപോര്‍ട്ട് കണ്ടെത്തുന്നു. അതിനുശേഷം, അത് ഉയരാന്‍ തുടങ്ങി. 21ാം നൂറ്റാണ്ടിന്റെ തുടക്ക വര്‍ഷങ്ങളില്‍ അസമത്വം കുതിച്ചുയര്‍ന്നു. 2014-15നും 2022-23നും ഇടയിലുള്ള വര്‍ഷങ്ങളിലാണ് സാമ്പത്തിക കേന്ദ്രീകരണം ഏറ്റവും ഉയര്‍ന്നത്. നരേന്ദ്ര മോദി സര്‍ക്കാറിന്റെ കീഴിലുള്ള ചങ്ങാത്ത മുതലാളിത്തത്തിന്റെ കെടുതിയായാണ് ഇത് വിലയിരുത്തപ്പെടുന്നത്. 2014-15നും 2022-23നും ഇടയില്‍, സമ്പത്ത് കേന്ദ്രീകരണം തീര്‍ത്തും പ്രകടമാണെന്ന് റിപോര്‍ട്ട് വ്യക്തമാക്കുന്നു. സമ്പത്ത് കുന്നുകൂടുന്നത് തടയിടാന്‍ പോന്നതല്ല ഇന്ത്യന്‍ നികുതി വ്യവസ്ഥ. പുഴുതുകളും ഇളവുകളും അതിന്റെ ഫലപ്രാപ്തി ഇല്ലാതാക്കുന്നു.

ഓക്‌സ്ഫാം അടക്കം സാമ്പത്തിക അസമത്വം പഠനവിധേയമാക്കുന്ന മുഴുവന്‍ ഏജന്‍സികളും ഇന്ത്യന്‍ വളര്‍ച്ചയുടെ പൊള്ളത്തരം വ്യക്തമാക്കിയിട്ടുണ്ട്. ഒരു ശതമാനത്തിന്റെ സമ്പത്ത് കുന്നുകൂടിയാല്‍ മതി, ജി ഡി പി കുതിക്കും. ഏതാനും വന്‍കിട വ്യവസായങ്ങള്‍ കുത്തകകളായി വളര്‍ന്നാല്‍ മതി, വ്യവസായ വികസന സൂചിക പറപറക്കും. ആകെ ജി ഡി പിയെ ജനസംഖ്യ കൊണ്ട് ഹരിച്ചാല്‍ കിട്ടുന്നതാണല്ലോ ആളോഹരി വരുമാനം. ദാരിദ്ര്യം മാത്രം മൂലധനമായ മനുഷ്യരുടെ വരുമാനത്തില്‍ ചില്ലിക്കാശ് വര്‍ധിച്ചില്ലെങ്കിലും ആളോഹരി വരുമാനം ഉയരും. ഹരണക്കണക്കിന്റെ മുകള്‍ത്തട്ട് ഉയര്‍ത്താന്‍ ആ മനുഷ്യരുടെ ആവശ്യമില്ല. അവര്‍ അടിത്തട്ടിലെ വെറും തലയെണ്ണം.

ഇത് ഇന്ത്യയിലെ മാത്രം പ്രശ്‌നമല്ല. ആഗോള സമ്പത്തിന്റെ 82 ശതമാനവും ഒരു ശതമാനം വരുന്ന അതിധനികരുടെ പക്കലാണെന്ന് ബ്രിട്ടീഷ് ജീവകാരുണ്യ സംഘടനയായ ഓക്‌സ്ഫാം ഇന്റര്‍നാഷനല്‍ ചൂണ്ടിക്കാട്ടുന്നു. ലോകം കൊവിഡിന്റെ പിടിയിലായ 2020 മുതല്‍ ലോകത്തെ അഞ്ച് അതിസമ്പന്നരുടെ സമ്പത്ത് ഇരട്ടിയിലധികമായെന്ന് ഓക്‌സ്ഫാം ഈയിടെ പുറത്തുവിട്ട റിപോര്‍ട്ട് വ്യക്തമാക്കുന്നു. ഇക്കാലയളവില്‍ ലോകത്തെ 500 കോടി ദരിദ്രര്‍, കൂടുതല്‍ ദരിദ്രരായി. ലോക ജനസംഖ്യയുടെ 60 ശതമാനം വരും ഈ ദരിദ്രര്‍. പത്ത് വര്‍ഷത്തിനുള്ളില്‍ ആദ്യത്തെ “ട്രില്യണയര്‍’ (ലക്ഷം കോടിയിലേറെ സമ്പത്തുള്ളയാള്‍) ലോകത്തുണ്ടാകുമെന്ന പ്രവചനവും റിപോര്‍ട്ടിലുണ്ട്. ലോകത്തെ ഏറ്റവും വലിയ 10 കോര്‍പറേറ്റ് സ്ഥാപനങ്ങളില്‍ ഏഴിന്റെയും പ്രധാന ഓഹരി ഉടമ ശതകോടിപതികള്‍ ആണെന്ന് റിപോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. ലോകത്തെ സമ്പത്തിന്റെ 69 ശതമാനവും വടക്കേ അമേരിക്കയും യൂറോപ്പും ആസ്‌ത്രേലിയയും ഉള്‍പ്പെടുന്ന “ആഗോള ഉത്തര’ രാജ്യങ്ങളുടെ കൈയിലാണ്. ലോക ജനസംഖ്യയുടെ 21 ശതമാനം മാത്രമാണ് ഈ രാജ്യങ്ങളിലുള്ളത്. പക്ഷേ, ആഗോള സമ്പത്തിന്റെ 74 ശതമാനവും ഇവിടെയാണെന്ന് ഓക്‌സ്ഫാം പറയുന്നു.

പണക്കാര്‍ക്ക് വീണ്ടും വീണ്ടും ധനം കുന്നുകൂട്ടാന്‍ പാകത്തിലാണ് ആഗോള സാമ്പത്തിക ബന്ധങ്ങള്‍ മുഴുവന്‍ രൂപപ്പെടുന്നത്. എല്ലാ അന്താരാഷ്ട്ര കരാറുകളും ഈ ദിശയില്‍ തന്നെയാണ് നീങ്ങുന്നത്. ചുവപ്പ് നാടകള്‍ നീക്കിയെന്നും പഴഞ്ചന്‍ നിയമങ്ങള്‍ തീര്‍ത്ത നിയന്ത്രണങ്ങള്‍ പൊളിച്ചെഴുതിയെന്നും ഏകീകൃത നികുതി ഘടന കൊണ്ടുവന്നുവെന്നും കറന്‍സി പുതുക്കിയെന്നും വിദേശ നിക്ഷേപത്തിനായി വാതിലുകള്‍ തുറന്നിട്ടുവെന്നും ജനങ്ങള്‍ തന്ന ഭൂരിപക്ഷം ഈ ധീരമായ നടപടികള്‍ക്കായി ഉപയോഗിച്ചുവെന്നുമാണല്ലോ നമ്മുടെ പ്രധാനമന്ത്രി പറയുന്നത്. ദരിദ്രര്‍ വീണ്ടും ദരിദ്രരായിക്കൊണ്ടേയിരിക്കുന്നുവെങ്കില്‍ ഈ പരിഷ്‌കാരങ്ങള്‍ക്ക് എന്ത് അര്‍ഥമാണുള്ളത്? എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വികസനം സാധ്യമാകുന്ന അന്ന് മാത്രമേ വളര്‍ച്ചാ കണക്കുകള്‍ സാധാരണ മനുഷ്യന്റെ ജീവിതത്തില്‍ തിളങ്ങുകയുള്ളൂ.

---- facebook comment plugin here -----

Latest