Connect with us

Articles

ജനാധിപത്യത്തെ പട്ടാളം അട്ടിമറിക്കുമ്പോള്‍

ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പലതിലും പട്ടാള അട്ടിമറി ഒരു തുടര്‍ക്കഥയായി മാറുകയാണ്. നൈജറില്‍ ഇതിന് മുമ്പ് തന്നെ പല പ്രാവശ്യം പട്ടാള അട്ടിമറിയും അധികാരം പിടിച്ചെടുക്കലും നടന്നതാണ്. വീണ്ടും ഒരു പട്ടാള അട്ടിമറിക്ക് ഈ രാജ്യം വിധേയമായിരിക്കുകയാണ്. മിലിട്ടറി അധികാരം പിടിച്ചെടുത്തതിനെതിരെ ആഫ്രിക്കന്‍ യൂനിയന്‍, വെസ്റ്റാഫ്രിക്കന്‍ റീജ്യനല്‍ ബ്ലോക്ക്, യൂറോപ്യന്‍ യൂനിയന്‍, ഐക്യരാഷ്ട്ര സഭ തുടങ്ങിയവ ഇതിനകം തന്നെ രംഗത്ത് വന്നു.

Published

|

Last Updated

ലോകത്തിലെ തന്നെ ഏറ്റവും പരമ ദരിദ്രമായ രാജ്യങ്ങളില്‍ ഒന്നാണ് നൈജര്‍. രാജ്യത്തിന്റെ ജനസംഖ്യ ഒന്നര കോടിയോളം വരും. പ്രധാന നദിയായ നൈജറിന്റെ ഭൂരിഭാഗം ഭാഗങ്ങളും തെക്കന്‍ മേഖലയില്‍ കൂടിയാണ് ഒഴുകുന്നത്. നൈജര്‍ നദിയുടെ പേരാണ് രാഷ്ട്രത്തിന്റെയും പേരായി മാറിയത്. പടിഞ്ഞാറന്‍ ആഫ്രിക്കയിലെ ഈ കര ബന്ധിത രാഷ്ട്രത്തിന്റെ അയല്‍ക്കാര്‍ നൈജീരിയ, ബെനിന്‍, ബുര്‍ക്കിനാഫാസോ, മാലി, അള്‍ജീരിയ, ലിബിയ, ചാഢ് എന്നിവയാണ്. പ്രതിശീര്‍ഷ വരുമാനം, സാക്ഷരത എന്നിവയില്‍ നൈജര്‍ ഏറെ പിന്നിലാണ്. ആകെ ജനസംഖ്യയില്‍ 25 ശതമാനം മാത്രമാണ് സാക്ഷരര്‍. സഹാറ മരുഭൂമിയോട് ചേര്‍ന്നാണ് നൈജര്‍ സ്ഥിതിചെയ്യുന്നത്. വരള്‍ച്ച രൂക്ഷമായ നൈജറില്‍ ഭക്ഷ്യക്ഷാമം സ്ഥിരമായി ഉണ്ടാകുന്നു.

കൃഷി തന്നെയാണ് ഇവിടുത്തെ മുഖ്യതൊഴില്‍. വലിയ സാംസ്‌കാരിക പാരമ്പര്യവും പ്രശസ്തരായ രാജാക്കന്‍മാരുടെ ചരിത്രവുമെല്ലാം ഈ രാജ്യത്തിനുണ്ട്. 1890ല്‍ ഈ രാജ്യം ഫ്രഞ്ച് നിയന്ത്രണത്തിലായി. 1958ല്‍ സ്വയം ഭരണ പ്രദേശമായി. 1960ല്‍ രാജ്യം സ്വതന്ത്രമായി. 1974ല്‍ പട്ടാള അട്ടിമറി നടന്നു. 1989ല്‍ വീണ്ടും രാജ്യം ജനാധിപത്യത്തിലേക്ക് തിരിച്ചുവന്നു. രാജ്യത്താദ്യമായി 1993ല്‍ തിരഞ്ഞെടുപ്പ് നടത്തുകയും ഒരു സര്‍ക്കാര്‍ അധികാരത്തില്‍ വരികയും ചെയ്തു. 1996ല്‍ നടന്ന പട്ടാള അട്ടിമറിയില്‍ ഈ സര്‍ക്കാര്‍ പുറത്താക്കപ്പെടുകയും പട്ടാളം അധികാരം വീണ്ടും ഏറ്റെടുക്കുകയും ചെയ്തു. പട്ടാള മേധാവി തന്നെ ഒരു പുതിയ ഭരണഘടനക്ക് അന്ന് രൂപം കൊടുത്തിരുന്നു. കോളനി ഭരണത്തിന്റെ എല്ലാ കെടുതികളും കടുത്ത ചൂഷണങ്ങളും നൈജര്‍ ജനത അനുഭവിച്ചിട്ടുണ്ട്.

നൂറ്റാണ്ടുകളായി അടിമത്തം നിലനിന്നിരുന്ന നൈജറില്‍ 2003ലാണ് ഇത് നിരോധിച്ചത്. എന്നാല്‍ ആയിരക്കണക്കിന് ആളുകള്‍ ഇപ്പോഴും അടിമത്തത്തില്‍ ആണെന്ന് അവിടുത്തെ അടിമത്ത വിരുദ്ധ സംഘടനകള്‍ പറയുന്നു. നൈജറിന് ഏറ്റവും കൂടുതല്‍ വരുമാനം ലഭിക്കുന്നത് യുറേനിയം കയറ്റുമതിയില്‍ നിന്നാണ്. രാജ്യത്തിന്റെ വിദേശ നാണയത്തില്‍ 72 ശതമാനത്തോളം വരുമിത്. ഫ്രാന്‍സ്, ആസ്ത്രേലിയ, കാനഡ എന്നിവിടങ്ങളില്‍ നിന്നുള്ള കമ്പനികളാണ് നൈജറില്‍ യുറേനിയം ഖനനം ചെയ്യുന്നത്.

ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പലതിലും പട്ടാള അട്ടിമറി ഒരു തുടര്‍ക്കഥയായി മാറുകയാണ്. നൈജറില്‍ ഇതിന് മുമ്പ് തന്നെ പല പ്രാവശ്യം പട്ടാള അട്ടിമറിയും അധികാരം പിടിച്ചെടുക്കലും നടന്നതാണ്. വീണ്ടും ഒരു പട്ടാള അട്ടിമറിക്ക് ഈ രാജ്യം വിധേയമായിരിക്കുകയാണ്. കഴിഞ്ഞ ബുധനാഴ്ച പുലര്‍ച്ചെ പ്രസിഡന്റ് മുഹമ്മദ് ബസൗമിനെ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയില്‍ തടങ്കലിലാക്കിയ സൈനികര്‍ പിന്നീട് ദേശീയ ടെലിവിഷന്‍ ചാനലിലൂടെയാണ് അട്ടിമറി വിവരം പ്രഖ്യാപിച്ചത്.

ഒരു വിഭാഗം സൈനികര്‍ മാത്രമാണ് അട്ടിമറിക്ക് പിറകിലെന്നും മറ്റു സൈനിക വിഭാഗങ്ങള്‍ ഇവര്‍ക്കെതിരെ രംഗത്തെത്തുമെന്നും വിദേശകാര്യ മന്ത്രി അറിയിച്ചിരുന്നു. എന്നാല്‍ അട്ടിമറിയെ പിന്തുണച്ച് നൈജര്‍ സേനാ തലവന്‍ തന്നെ പ്രസ്താവന ഇറക്കിയതോടെ വിദേശ മന്ത്രിയുടെ പ്രഖ്യാപനം പാഴായി.

അട്ടിമറി നടത്തിയ സൈനിക സംഘത്തിന്റെ വക്താവ് കേണല്‍ മേജര്‍ അബ്ദുര്‍റഹ്മാന്‍, നിലവിലുള്ള ഭരണം അവസാനിപ്പിക്കാന്‍ പ്രതിരോധ, സുരക്ഷാ സേനകള്‍ തീരുമാനിച്ചതായി അറിയിച്ചു. നിലവിലെ ഭരണ സംവിധാനം രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിലും സാമൂഹിക, സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിലും പരാജയപ്പെട്ടു എന്ന് അദ്ദേഹം ആരോപിച്ചു. രാജ്യത്ത് കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും എല്ലാ ഭരണഘടനാ സ്ഥാപനങ്ങളും സസ്പെന്‍ഡ് ചെയ്യുകയും അന്താരാഷ്ട്ര അതിര്‍ത്തികള്‍ അടക്കുകയും ചെയ്തിട്ടുണ്ട്. ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ രാജ്യത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രവര്‍ത്തനവും നിരോധിച്ചിട്ടുണ്ടെന്ന് വക്താവ് അറിയിച്ചു. ദേശീയ കൗണ്‍സില്‍ ഫോര്‍ സേവ്ഗാര്‍ഡിംഗ് ഓഫ് കണ്‍ട്രി എന്ന് സ്വയം വിശേഷിപ്പിക്കുന്ന സംഘം വിദേശ ഇടപെടലുകള്‍ക്കെതിരെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രാജ്യ സുരക്ഷയിലുണ്ടായ വീഴ്ചകള്‍, സാമൂഹിക, സാമ്പത്തിക മേഖലയിലെ തകര്‍ച്ച എന്നിവയെ തുടര്‍ന്നാണ് നടപടിയെന്നും ഇത് ഈ രാജ്യത്തെ ആഭ്യന്തര കാര്യം മാത്രമാണെന്നും മിലിട്ടറി വക്താവ് വ്യക്തമാക്കി.
വീട്ടുതടങ്കലില്‍ കഴിയുന്ന പ്രസിഡന്റ് മുഹമ്മദ് ബസൗ ം പട്ടാള അട്ടിമറിക്കെതിരെ ട്വിറ്ററിലൂടെ പ്രതികരിച്ചിട്ടുണ്ട്. കഠിന പ്രയത്നത്തിലൂടെ രാജ്യം എത്തിപ്പിടിച്ച നേട്ടങ്ങള്‍ സുരക്ഷിതമായിരിക്കുമെന്നും ജനാധിപത്യത്തെയും സ്വാതന്ത്ര്യത്തെയും സ്നേഹിക്കുന്ന എല്ലാ നൈജറുകാര്‍ക്കും അത് കാണാനാകുമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. അട്ടിമറിക്കെതിരെ രംഗത്തിറങ്ങണമെന്ന് വിദേശകാര്യ മന്ത്രി ജനങ്ങളോട് ആവശ്യപ്പെട്ടു. പ്രശ്ന പരിഹാരത്തിന് സൈന്യവുമായി ചര്‍ച്ചക്കായി അയല്‍ രാജ്യമായ നൈജീരിയ പ്രതിനിധികളെ അയക്കുമെന്ന് അദ്ദേഹം അറിയിച്ചു. പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യ കൂട്ടായ്മ മധ്യസ്ഥ ചര്‍ച്ചക്ക് നീക്കം തുടങ്ങിയിട്ടുണ്ട്.

പട്ടാള അട്ടിമറിയെ യു എസ് വിദേശകാര്യ സെക്രട്ടറി, ഫ്രഞ്ച് വിദേശകാര്യ മന്ത്രി, യൂറോപ്യന്‍ യൂനിയന്‍ വിദേശ നയതന്ത്ര തലവന്‍ തുടങ്ങിയവര്‍ അപലപിച്ചു. നൈജറില്‍ യു എസിനും ഫ്രാന്‍സിനും സൈനിക താവളങ്ങള്‍ ഉണ്ട്. പ്രസിഡന്റിന് പിന്തുണ പ്രഖ്യാപിച്ച് ഒരു വിഭാഗം ആളുകള്‍ തലസ്ഥാന നഗരിയില്‍ റാലി നടത്തുകയും ചെയ്തു. സൈന്യം മുന്നറിയിപ്പ് വെടിയുതിര്‍ത്തതോടെ ഇവര്‍ പിരിഞ്ഞുപോയി. 2021 ഏപ്രില്‍ രണ്ടിന് തിരഞ്ഞെടുപ്പിലൂടെയാണ് മുഹമ്മദ് ബാസു പ്രസിഡന്റായി അധികാരത്തിലേറിയത്.

പട്ടാള അട്ടിമറി നടന്ന് രണ്ട് ദിവസത്തിന് ശേഷം നൈജറില്‍ ഇടക്കാല സര്‍ക്കാര്‍ തലവനായി സ്വയം പ്രഖ്യാപിച്ച് പ്രസിഡന്‍ഷ്യന്‍ ഗാര്‍ഡ് മേധാവി അബ്ദുര്‍റഹ്മാന്‍ തെഷിയാനി രംഗത്ത് വന്നു. ഔദ്യോഗിക ടെലിവിഷനിലൂടെയായിരുന്നു ഈ പ്രഖ്യാപനം. അട്ടിമറിക്ക് നേതൃത്വം നല്‍കിയ സംഘത്തിന്റെ പ്രസിഡന്റാണ് താനെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. രാജ്യത്തെ ജനാധിപത്യം അനിവാര്യമായ മരണത്തിലേക്ക് നടന്നടുക്കുകയാണെന്നും ഇത് തടയുകയാണ് ഈ അട്ടിമറിയുടെ ലക്ഷ്യമെന്നും ജനറല്‍ പ്രഖ്യാപിച്ചു. പ്രസിഡന്റായിരുന്ന മുഹമ്മദ് ബസൗമിന് കീഴില്‍ കെടുകാര്യസ്ഥതയും അഴിമതിയും നിറഞ്ഞ ഭരണമാണ് നടന്നതെന്നും അദ്ദേഹം ആരോപിച്ചു. ജനാധിപത്യ ഭരണത്തിലേക്ക് എന്ന് മടങ്ങുമെന്ന പരാമര്‍ശം പ്രഖ്യാപനത്തില്‍ ഉണ്ടായില്ല.

ഫ്രഞ്ച് കോളനി ഭരണം അവസാനിപ്പിച്ച് 1960ല്‍ സ്വാതന്ത്ര്യം നേടിയതിന് ശേഷം രാജ്യത്ത് നടക്കുന്ന അഞ്ചാമത്തെ പട്ടാള അട്ടിമറിയാണിത്. നൈജറിലെ പട്ടാള ഭരണത്തിനെതിരായി ഫ്രാന്‍സ് രംഗത്ത് വരികയും ഈ സര്‍ക്കാറിനെ അംഗീകരിക്കുകയില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. മിലിട്ടറി അധികാരം പിടിച്ചെടുത്തതിനെതിരെ ആഫ്രിക്കന്‍ യൂനിയന്‍, വെസ്റ്റാഫ്രിക്കന്‍ റീജ്യനല്‍ ബ്ലോക്ക്, യൂറോപ്യന്‍ യൂനിയന്‍, ഐക്യരാഷ്ട്ര സഭ തുടങ്ങിയവ ഇതിനകം തന്നെ രംഗത്ത് വന്നു. എന്നാല്‍ സോവിയറ്റ് വാഗ്നര്‍ ഗ്രൂപ്പ് ഈ പട്ടാള അട്ടിമറിയെ ന്യായീകരിക്കുകയും ഈ അട്ടിമറി മുന്‍ കോളനി മേധാവികള്‍ക്കെതിരായ പോരാട്ടമാണെന്ന് അഭിപ്രായപ്പെടുകയും ചെയ്തു.

രാജ്യത്തിന്റെ നിലവിലുള്ള അന്തര്‍ ദേശീയ ബാധ്യതകള്‍ നിറവേറ്റുമെന്ന് പട്ടാള ഭരണ മേധാവി അബ്ദുര്‍റഹ്മാന്‍ തെഷിയാനി പ്രഖ്യാപിച്ചിട്ടുണ്ട്. മനുഷ്യാവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന കാര്യത്തിലും സര്‍ക്കാര്‍ മുന്‍ഗണന നല്‍കുമെന്ന് അദ്ദേഹം പറയുന്നു. രാജ്യത്ത് സംഭവിക്കാന്‍ സാധ്യതയുണ്ടായിരുന്ന വന്‍ രക്തച്ചൊരിച്ചില്‍ പട്ടാളം ഒഴിവാക്കിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ആഫ്രിക്കന്‍ മേഖലയിലെ മാലി, ബുര്‍ക്കിനാഫാസോ തുടങ്ങിയ രാജ്യങ്ങളില്‍ അടുത്തിടെ പട്ടാള അട്ടിമറികള്‍ നടന്നിരുന്നു. ഈ മേഖലയിലെ പട്ടാള അട്ടിമറികള്‍ തുടരുകയാണെന്ന് മനസ്സിലാക്കാം. ഏത് ആഫ്രിക്കന്‍ രാജ്യത്തും പട്ടാള അട്ടിമറി ഏത് നിമിഷവും നടക്കുമെന്നുള്ള സ്ഥിതിയിലാണ്. എന്തായാലും തിരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാറിനെ പട്ടാളം അട്ടിമറിക്കുന്നതിനോട് ആര്‍ക്കും യോജിക്കാന്‍ കഴിയില്ല. അതുകൊണ്ട് തന്നെ നൈജറിലെ പട്ടാള അട്ടിമറിക്കെതിരായി ശക്തമായ പ്രതിഷേധം ഉയരുമെന്ന് തന്നെ പ്രതീക്ഷിക്കാം.

 

കേരള സർവ്വകലാശാല മുൻ സിൻഡിക്കേറ്റ് അംഗം. ഫോൺ നമ്പർ : 9847132428