Connect with us

From the print

ലോക്സഭാ തിരഞ്ഞെടുപ്പ്: മൂന്നാംഘട്ടത്തിലും ബി ജെ പിക്ക് വിദ്വേഷം തന്നെ ആയുധം

ഇന്നലെ അയോധ്യയിലെ രാമക്ഷേത്രത്തിൽ പ്രാർഥന നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി, രാമക്ഷേത്രം തിരഞ്ഞെടുപ്പ് വിഷയമായി വീണ്ടും ഉയർത്തിക്കൊണ്ടുവരാൻ ശ്രമിച്ചു.

Published

|

Last Updated

ന്യൂഡൽഹി | ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ടത്തിലേക്ക് കടക്കുമ്പോൾ വർഗീയതയും മത ചിഹ്നങ്ങളും വോട്ടാക്കി മാറ്റാനുള്ള ശ്രമങ്ങൾ ശക്തമാക്കി ബി ജെ പി. ഇന്നലെ അയോധ്യയിലെ രാമക്ഷേത്രത്തിൽ പ്രാർഥന നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി, രാമക്ഷേത്രം തിരഞ്ഞെടുപ്പ് വിഷയമായി വീണ്ടും ഉയർത്തിക്കൊണ്ടുവരാൻ ശ്രമിച്ചു.

മൂന്നാംഘട്ട തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിന്റെ അവസാന ദിനമായ ഇന്നലെ വൈകിട്ടാണ് മോദി അയോധ്യയിലെത്തിയത്. ബി ജെ പി നേതാക്കൾക്കൊപ്പം മോദി റാലി നടത്തുകയും ചെയ്തു. പ്രതിപക്ഷ പാർട്ടികൾക്കും ന്യൂനപക്ഷ വിഭാഗങ്ങൾക്കുമെതിരെ വർഗീയ വിദ്വേഷം ചൊരിഞ്ഞ് വോട്ട് പിടിക്കാൻ ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഇന്നലെ ശ്രമം നടത്തി. സമാജ്‌വാദി പാർട്ടി അധികാരത്തിലിരുന്നപ്പോൾ തീവ്രവാദികളുടെ കേസുകൾ പിൻവലിച്ചതായും രാമനെ അപമാനിച്ചതായും യോഗി ആദിത്യനാഥ് തിരഞ്ഞെടുപ്പ് യോഗത്തിൽ പറഞ്ഞു. തീവ്രവാദികൾക്കെതിരായ കേസുകൾ പിൻവലിക്കാൻ എസ് പി അതീവ ശ്രദ്ധചെലുത്തി. അയോധ്യ, കാശിയിലെ സങ്കട്‌മോചൻ ക്ഷേത്രം, ലക്‌നോ, വാരാണസി കോടതികൾ, രാംപൂരിലെ സി ആർ പി എഫ് ക്യാമ്പ് എന്നിവിടങ്ങളിൽ ആക്രമണം നടത്തിയ വ്യക്തികളുടെ കേസുകൾ പിൻവലിക്കാൻ എസ് പി അധികാരത്തിലിരുന്നപ്പോൾ ശ്രമിച്ചുവെന്ന് യോഗി പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഇന്നലെ കടുത്ത പ്രസ്താവനകളുമായി രംഗത്തെത്തി. കോൺഗ്രസ്സും ബി ആർ എസും അസദുദ്ദീൻ ഉവൈസിയെയാണ് ഭയപ്പെടുന്നതെന്ന് തെലങ്കാനയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അമിത് ഷാ പറഞ്ഞു.

തിരഞ്ഞെടുപ്പിന്റെ ഒന്നും രണ്ടും ഘട്ടങ്ങളിൽ പ്രതീക്ഷിച്ചത്ര നേട്ടമുണ്ടാക്കാനായില്ലെന്ന ആഭ്യന്തര റിപോർട്ടുകൾക്ക് പിന്നാലെയാണ് ബി ജെ പി തിരഞ്ഞെടുപ്പ് പ്രചാരണം തന്നെ മാറ്റിയത്. സർക്കാറിന്റെ നേട്ടങ്ങളും മോദി ഗ്യാരന്റിയും വിശദീകരിക്കുന്നതിന് പകരം കടുത്ത വർഗീയ പ്രചാരണമാണ് മോദിയും ബി ജെ പിയും നടത്തിയത്. കഴിഞ്ഞ ഒരാഴ്ചക്കിടെ പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവർ മുസ്‌ലിംകൾക്കെതിരെ കടുത്ത വിദ്വേഷ പ്രചാരണങ്ങളാണ് അഴിച്ചുവിട്ടത്.
കോൺഗ്രസ്സ് പ്രകടന പത്രിക ചൂണ്ടിക്കാണിച്ചായിരുന്നു വിദ്വേഷ പ്രചാരണം.

---- facebook comment plugin here -----

Latest