Connect with us

International

ഗസ്സ: കൈറോ ചർച്ചയിൽ സമവായമില്ല; സമാധാനം ഇനിയും അകലെ

നിലപാടിൽ ഉറച്ച് ഇസ്റാഈലും ഹമാസും

Published

|

Last Updated

കൈറോ | ബന്ദികളെ മോചിപ്പിക്കുന്നതിന് പകരം ഗസ്സക്കെതിരായ ആക്രമണം അവസാനിപ്പിക്കണമെന്ന ഹമാസിന്റെ ആവശ്യം ഇസ്റാഈൽ നിരസിച്ചതോടെ വെടിനിർത്തൽ സാധ്യത മങ്ങി.

സമാധാന ചർച്ചകൾ വഴിമുട്ടനിടയാക്കിയതിൽ ഇസ്റാഈലും ഹമാസും പരസ്പരം പഴിചാരി. ഏത് ഉടന്പടിയുണ്ടാക്കുന്നതിനും ഇസ്റാഈൽ ആക്രമണം അവസാനിപ്പിക്കണമെന്ന നിലപാട് ചർച്ചയുടെ രണ്ടാം ദിവസവും ഹമാസ് ആവർച്ചിച്ചതായി ഫലസ്തീൻ വൃത്തങ്ങൾ അറിയിച്ചു. ഈജിപ്ത്, ഖത്വർ പ്രതിനിധികളുടെ മാധ്യസ്ഥത്തിൽ കൈറോയിൽ നടന്നുവരുന്ന ചർച്ചയിൽ ഇസ്റാഈൽ പ്രതിനിധികൾ നേരിട്ട് പങ്കെടുക്കുന്നില്ല. എന്നാൽ, ആക്രമണം തുടങ്ങി ഏഴ് മാസം പിന്നിടുന്പോഴും ഇസ്റാഈലിന്റെ ലക്ഷ്യം ഹമാസിനെ നിരായുധരാക്കുകയും തകർക്കുകയുമാണെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആവർത്തിച്ചു. 130ലധികം ഇസ്റാഈൽ ബന്ദികളെ മോചിപ്പിക്കാൻ വേണ്ടി ഗസ്സയിലെ ആക്രമണം താത്കാലികമായി നിർത്താൻ തയ്യാറാണ്. എന്നാൽ, ഹമാസ് അവരുടെ തീവ്ര നിലപാടുകളിൽ ഉറച്ചുനിൽക്കുകയാണ്. ഗസ്സയിൽ നിന്ന് ഇസ്റാഈലിന്റെ മുഴുവൻ സൈനികരെയും പിൻവലിക്കുക, ആക്രമണം അവസാനിപ്പിക്കുക, ഹമാസിനെ അധികാരത്തിൽ തുടരാൻ അനുവദിക്കുക തുടങ്ങിയവയാണ് അവരുടെ ആവശ്യമെന്നും നെതന്യാഹു പറഞ്ഞു.

അതേസമയം, ഇസ്റാഈൽ ആക്രമണം അവസാനിപ്പിക്കുകയും ഗസ്സയിൽ നിന്ന് സൈനിക പിന്മാറ്റം ഉറപ്പുനൽകുകയും ചെയ്യുക വഴി ഇസ്റാഈലികളുടെയും ഫലസ്തീനികളുടെയും മോചനവും സമഗ്ര വെടിനിർത്തലും യാഥാർഥ്യമാകുമെന്ന പ്രതീക്ഷ ഇപ്പോഴുമുണ്ടെന്ന് ഹമാസ് മേധാവി ഇസ്മാഈൽ ഹനിയ പറഞ്ഞു. നെതന്യാഹുവിന്റെ പ്രതികരണം പുറത്തുവന്നതിന് പിന്നാലെയാണ് ഹമാസ് ഇത് സംബന്ധിച്ച് പ്രസ്താവനയിറക്കിയത്. ആക്രമണം നീളുന്നതിലും സംഘർഷം വ്യാപിക്കുന്നതിലും സമാധാന ശ്രമങ്ങൾ അട്ടിമറിക്കപ്പെടുന്നതിലും നെതന്യാഹുവിനെ ഹനിയ കുറ്റപ്പെടുത്തി.

---- facebook comment plugin here -----

Latest