Connect with us

Siraj Article

ഗ്ലാസ്‌ഗോയിലും നിരാശ മാത്രം ബാക്കിയാകുമ്പോള്‍

കാലാവസ്ഥാ വ്യതിയാനത്തിനും ആഗോളതാപനത്തിനും കാരണമാകുന്ന കാര്‍ബണ്‍ ബഹിര്‍ഗമനത്തില്‍ 80 ശതമാനം അമേരിക്ക പോലെയുള്ള വികസിത രാജ്യങ്ങളുടെ വകയാണ്. വികസനത്തിന്റെ പിന്നാലെ കുതിക്കുമ്പോള്‍ അതിന്റെ പരിണിതഫലം അനുഭവിക്കുന്നത് അവര്‍ മാത്രമല്ല. ലോകം മുഴുവനാണ്. പ്രകൃതിയെ മറന്നുള്ള ഇത്തരം പ്രവര്‍ത്തനങ്ങള്‍ ആ രാജ്യത്തിന്റെ ഭൂമിയുടെ പരിധിയില്‍ മാത്രമല്ല, എല്ലാവരും പങ്കിടുന്ന ആകാശത്തെ കൂടിയാണ് ബാധിക്കുന്നത്. വികസിത രാജ്യങ്ങള്‍ സുഖലോലുപതയുടെ ഉപോത്പന്നമായി പുറന്തള്ളപ്പെടുന്ന കാര്‍ബണ്‍ ഉള്‍പ്പെടെയുള്ള ഹരിതഗൃഹ വാതകങ്ങളുടെ പരിണിതഫലം അവരേക്കാള്‍ അധികം മറ്റു വികസ്വര രാഷ്ട്രങ്ങള്‍ കൂടി അനുഭവിക്കുമ്പോള്‍ തീരുമാനങ്ങളുടെ വേഗത്തിലും ചടുലതയിലും കുറവ് വന്നേക്കാം

Published

|

Last Updated

ഗ്ലാസ്‌ഗോയില്‍ വസന്തം വിരിയുമെന്നും കാലാവസ്ഥാ വ്യതിയാനത്തിനെതിരെ ശക്തമായ ചുവടുവെപ്പ് ഉണ്ടാകുമെന്നും പ്രതീക്ഷിക്കപ്പെട്ടിടത്തു നിന്ന് നിരാശയുടെ പടുകുഴിയിലേക്കാണ് ചരിത്ര സംഭവമാകേണ്ടിയിരുന്ന ഗ്ലാസ്‌ഗോ ഉച്ചകോടി ദിശമാറി സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. കാര്‍ബണ്‍ ബഹിര്‍ഗമനവും ഹരിതഗൃഹ വാതകങ്ങളുടെ ഉത്പാദനവും പുറന്തള്ളലും നിയന്ത്രിച്ചുകൊണ്ട് ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുകയും അതിന്മേല്‍ പുതിയ തീരുമാനങ്ങള്‍ എടുക്കുകയും ചെയ്യുകയെന്നതാണ് നൂറിലേറെ രാഷ്ട്രങ്ങള്‍ പങ്കെടുത്തു കൊണ്ടിരിക്കുന്ന കാലാവസ്ഥാ വ്യതിയാനത്തിനെതിരെയുള്ള ഉച്ചകോടിയുടെ പ്രധാന ലക്ഷ്യം. പാരീസ് ഉടമ്പടി പ്രകാരമുള്ള ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ ഓരോ അംഗരാജ്യങ്ങളും ഇതുവരെ എന്തുചെയ്തു എന്നും, ഇനി എന്തൊക്കെയാണ് ചെയ്യേണ്ടത് എന്നൊക്കെയുള്ള കാര്യങ്ങളാണ് ഉച്ചകോടി ചര്‍ച്ച ചെയ്യുന്നത്. പൊതുവെ ഇത്തരം ആഗോള ഉച്ചകോടികളില്‍ ഉണ്ടാകാറുള്ള കണ്ണുമഞ്ഞളിക്കുന്നതും കാതുകള്‍ക്ക് സുഖം പകരുന്നതുമായ പ്രഖ്യാപനങ്ങള്‍ക്ക് ഇത്തവണയും കുറവൊന്നും ഉണ്ടായിട്ടില്ല. നമുക്ക് വേണ്ടത് ക്രിയാത്മകവും പ്രായോഗികവുമായ നീക്കങ്ങള്‍ ആണെന്നുള്ള തിരിച്ചറിവ് ലോക നേതാക്കള്‍ കൈവരിച്ചതായി ഇതേവരെ തോന്നിപ്പിച്ചിട്ടില്ല. പ്രത്യേകിച്ച്, കാലാവസ്ഥാ വ്യതിയാനം പോലെ ദിനംപ്രതി മനുഷ്യന്റെ നിലനില്‍പ്പിനെപ്പോലും ബാധിക്കുന്ന വിഷയത്തില്‍ ഇത്തരത്തില്‍ മെല്ലെപ്പോക്ക് തുടരുമ്പോള്‍ ഇനി എവിടെയാണ് നാം പ്രതീക്ഷയുടെ തിരിനാളം കാത്തുവെക്കേണ്ടതെന്ന ചോദ്യമാണ് ഉയരുന്നത്.

കാലാവസ്ഥാ വ്യതിയാനത്തിനെതിരെ ഗ്ലാസ്ഗോവില്‍ ഒക്ടോബര്‍ 31ന് സമാരംഭിച്ച ഉച്ചകോടി നാല് ദിനങ്ങള്‍ പിന്നിടുമ്പോള്‍ പൊള്ളയായ പ്രഖ്യാപനങ്ങള്‍ കുറെ നടന്നിട്ടുണ്ട്. 2070ഓടെ കാര്‍ബണ്‍ ബഹിര്‍ഗമനം പൂജ്യത്തില്‍ എത്തിക്കുമെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രിയും ഈ ദശാബ്ദത്തിന്റെ അവസാനത്തോടെ വനനശീകരണം പൂര്‍ണമായും തടഞ്ഞുകൊണ്ട് വനമേഖല മുഴുവന്‍ തിരിച്ചെടുക്കുമെന്ന് ലോകത്തിലെ 85 ശതമാനം വനമേഖല ഉള്‍ക്കൊള്ളുന്ന റഷ്യ, അമേരിക്ക, കാനഡ, ബ്രസീല്‍, കോംഗോ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളും തീരുമാനമെടുത്തിരിക്കുകയാണ്. എന്നാല്‍ ഈ പ്രഖ്യാപനങ്ങള്‍ ഒക്കെയും മുമ്പ് നടന്നിരുന്ന സമാനമായ സമ്മേളനങ്ങളുടെ ചുവടുപിടിച്ചുളള കേവലം പ്രഖ്യാപനങ്ങള്‍ മാത്രമാണെന്ന്, പ്രഖ്യാപനത്തിനു ശേഷമുള്ള അവരുടെ പ്രവര്‍ത്തനങ്ങള്‍ അടിവരയിടുന്നുണ്ട്. അത് കൃത്യമായി തിരിച്ചറിഞ്ഞുകൊണ്ടുതന്നെയാണ് പരിസ്ഥിതി പ്രവര്‍ത്തകയായ ഗ്രെറ്റ തുന്‍ബെ ഗ്ലാസ്ഗോ സമ്മേളനത്തെ “മാറ്റം ഉള്ളില്‍ നിന്ന് വരാന്‍ പോകുന്നില്ല, കൂടുതല്‍ ബ്‌ളാ.. ബ്‌ളാ.. ബ്‌ളാ വേണ്ട’ എന്ന് പരസ്യമായി വിമര്‍ശിച്ചത്.
ഇന്ത്യയില്‍ നിന്നുള്ള ഒരു വിമര്‍ശന ശബ്ദം കൂടി ഉച്ചകോടിയുടെ വേദിയില്‍ ഉയര്‍ന്നത് ശ്രദ്ധേയമാണ്. പരിസ്ഥിതി ഓസ്‌കാര്‍ എന്നറിയപ്പെടുന്ന “ഏര്‍ത് ഷോട്ട്’ പുരസ്‌കാരത്തിന്റെ അന്തിമ പട്ടികയില്‍ ഇടംപിടിച്ച തമിഴ്നാട് സ്വദേശിനി വിനീഷ ഉമാശങ്കറാണ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍, യു എസ് പ്രസിഡന്റ് ജോ ബൈഡന്‍ തുടങ്ങിയവര്‍ വേദിയിലിരിക്കെ കത്തിക്കയറിയത്. “വെറും വാക്കുപറയുന്ന ലോക നേതാക്കളോട് ഞങ്ങള്‍ പുതു തലമുറക്ക് ദേഷ്യമാണ്. ഒപ്പം നിരാശയുമുണ്ട്. ഭൂമിയെ സംരക്ഷിക്കാന്‍ നേരിട്ടിറങ്ങണം. ഫോസില്‍ ഇന്ധനങ്ങളിലും പുകയിലും മലിനീകരണത്തിലും കെട്ടിപ്പടുത്ത സമ്പദ് വ്യവസ്ഥയിലല്ല ശ്രദ്ധ പതിപ്പിക്കേണ്ടത്’ – വിനീഷ പറഞ്ഞു.

ഐ പി പി സിയുടെ ആറാമത് റിപ്പോര്‍ട്ടില്‍ കാലാവസ്ഥാ വ്യതിയാനം ഉണ്ടാക്കുന്ന ഗൗരവകരമായ പ്രശ്നങ്ങളെക്കുറിച്ചുള്ള പരാമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ വലിയ പ്രതീക്ഷയായാണ് ഗ്ലാസ്‌ഗോ ഉച്ചകോടി വിലയിരുത്തപ്പെടുന്നത്. എന്നാല്‍, പ്രായോഗികവും ക്രിയാത്മകവുമായ ഉറച്ച തീരുമാനത്തിന്റെ ഒരു ധ്വനിയും അവിടെ നിന്ന് ഇതേവരെ ഉയര്‍ന്നുവന്നിട്ടില്ല. കെനിയയില്‍ നിന്നുള്ള പരിസ്ഥിതി പ്രവര്‍ത്തകയായ എലിസബത്ത് വാതുട്ടി പറഞ്ഞത് “താന്‍ ഇവിടെ ഗ്ലാസ്‌ഗോവില്‍ ഈ കോണ്‍ഫറന്‍സ് സെന്ററില്‍ സുഖമായി ഇരിക്കുമ്പോള്‍ എന്റെ രാജ്യത്തെ ഇരുപത് ലക്ഷത്തിലധികം ആളുകള്‍ കാലാവസ്ഥയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാല്‍ പട്ടിണിയിലാണ്’ എന്നാണ്. കെനിയയില്‍ മാത്രമല്ല, വികസിത രാഷ്ട്രങ്ങളിലൊഴികെ ഒട്ടുമിക്കയിടങ്ങളിലും ഇതുതന്നെയാണ് സ്ഥിതി. അതിനിടയിലാണ് പ്രതീക്ഷയുടെ അവസാനത്തെ തിരിനാളമെന്ന നിലയില്‍ എല്ലാ കണ്ണുകളും ഗ്ലാസ്‌ഗോവിലേക്ക് നീളുന്നത്.

2070ഓടെ കാര്‍ബണ്‍ ബഹിര്‍ഗമനം പൂര്‍ണമായും അവസാനിപ്പിക്കുമെന്നതാണ് ഇന്ത്യയുടെ പ്രഖ്യാപനം. എന്നാല്‍ ഇങ്ങനെ പോയാല്‍ അതുവരെ ഭൂമി ഉണ്ടാകുമോ എന്ന ആശങ്കയാണ് ഉയരുന്നത്. ഒരു വീട് കത്തിയമരുമ്പോള്‍ നാളെയോ മറ്റന്നാളോ ഫയര്‍ഫോഴ്സിനെ വിളിച്ചുവരുത്താം എന്ന തീരുമാനത്തിന്റെ അതേ ഗൗരവമാണ്, 50 വര്‍ഷം കൊണ്ട് കാര്‍ബണ്‍ ബഹിര്‍ഗമനം അവസാനിപ്പിക്കുമെന്ന പ്രസ്താവനയില്‍ പ്രതിഫലിക്കുന്നത്. നമ്മുടെ ലോക നേതാക്കളില്‍ ഭൂരിഭാഗവും അറുപതോ അതിലേറെയോ വയസ്സുള്ളവരാണ്. മാത്രമല്ല, അവര്‍ എത്രവര്‍ഷം അധികാരത്തില്‍ ഉണ്ടാകുമെന്നും പറയാനാകില്ല. ഈയൊരവസരത്തില്‍ അടിയന്തരമായി അവരുടെ നേതൃത്വത്തില്‍ ചെയ്യാന്‍ കഴിയുന്ന, നല്ല ഒരു തുടക്കമിടാനെങ്കിലും കഴിയുന്ന, തരത്തിലുള്ള ചുവടുവെപ്പുകള്‍ ആണ് നടത്തേണ്ടത്. അതിനുപകരം, ഏതോ വിദൂര ഭാവിയില്‍ ആരെങ്കിലും കഴിയുമെങ്കില്‍ നടപ്പാക്കട്ടെയെന്ന് ധ്വനിപ്പിക്കുന്ന പ്രഖ്യാപനങ്ങളുടെ ഉത്തരവാദിത്വവും ആത്മാര്‍ഥതയും എത്രമാത്രമുണ്ടെന്ന് ഊഹിക്കാവുന്നതേയുള്ളൂ. കാര്‍ബണ്‍ ബഹിര്‍ഗമനം ഒന്നോ രണ്ടോ വര്‍ഷങ്ങള്‍ കൊണ്ട് തീര്‍ത്തുകളയാമെന്ന വ്യാമോഹമൊന്നും നമുക്കില്ല. പക്ഷേ, ഇത്തരം പ്രഖ്യാപനങ്ങളുടെയും അതിനു ശേഷമുള്ള പ്രവര്‍ത്തനങ്ങളുടെയും ചരിത്രം നമുക്കു മുന്നില്‍ ഉള്ളിടത്തോളം ഈ പ്രഖ്യാപനത്തിന്റെ അടിസ്ഥാനം വായിച്ചെടുക്കാന്‍ കഴിയും. പ്രധാനമന്ത്രി ഇത് പറയുമ്പോഴും നിലവിലെ പാര്‍ലിമെന്റ് മന്ദിരത്തിന് സൗകര്യം പോരായെന്ന് പറഞ്ഞ് ഡല്‍ഹിയിലെ സുന്ദരമായ പുല്‍ത്തകിടി നശിപ്പിച്ചുകൊണ്ട് സെന്‍ട്രല്‍ വിസ്ത എന്ന കെട്ടിടം പണിതുയര്‍ത്തുന്ന തിരക്കിലാണ് നമ്മള്‍ എന്നതാണ് ഏറെ വിചിത്രമായ സംഗതി.

കാലാവസ്ഥാ വ്യതിയാനത്തിനും ആഗോളതാപനത്തിനും കാരണമാകുന്ന കാര്‍ബണ്‍ ബഹിര്‍ഗമനത്തില്‍ 80 ശതമാനം അമേരിക്ക പോലെയുള്ള വികസിത രാജ്യങ്ങളുടെ വകയാണ്.
വികസനത്തിന്റെ പിന്നാലെ കുതിക്കുമ്പോള്‍ അതിന്റെ പരിണിതഫലം അനുഭവിക്കുന്നത് അവര്‍ മാത്രമല്ല. ലോകം മുഴുവനാണ്. പ്രകൃതിയെ മറന്നുള്ള ഇത്തരം പ്രവര്‍ത്തനങ്ങള്‍ ആ രാജ്യത്തിന്റെ ഭൂമിയുടെ പരിധിയില്‍ മാത്രമല്ല, എല്ലാവരും പങ്കിടുന്ന ആകാശത്തെ കൂടിയാണ് ബാധിക്കുന്നത്. വികസിത രാജ്യങ്ങള്‍ സുഖലോലുപതയുടെ ഉപോത്പന്നമായി പുറന്തള്ളപ്പെടുന്ന കാര്‍ബണ്‍ ഉള്‍പ്പെടെയുള്ള ഹരിതഗൃഹ വാതകങ്ങളുടെ പരിണിതഫലം അവരേക്കാള്‍ അധികം മറ്റു വികസ്വര രാഷ്ട്രങ്ങള്‍ കൂടി അനുഭവിക്കുമ്പോള്‍ തീരുമാനങ്ങളുടെ വേഗത്തിലും ചടുലതയിലും കുറവ് വന്നേക്കാം. ഒപ്പം, അഞ്ച് വര്‍ഷത്തിനകം അടിയന്തരമായി ചെയ്യേണ്ടത് അമ്പത് വര്‍ഷം വരെ നീണ്ടെന്നും വരാം. വികസിത രാജ്യങ്ങള്‍ അങ്ങനെ ചെയ്യുമ്പോഴും, ഇന്ത്യ പോലെ അതിന്റെ പ്രത്യാഘാതങ്ങള്‍ അങ്ങേയറ്റം അനുഭവിക്കുന്ന ഒരു നാടെന്ന നിലയില്‍, ആ രാഷ്ട്രങ്ങളെയൊക്കെ കൂടെ നിര്‍ത്തിക്കൊണ്ട് ഏറ്റവും കുറഞ്ഞകാലം കൊണ്ടുതന്നെ ഭൂമിയുടെ പച്ചപ്പ് തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങളുമായാണ് മുന്നോട്ടു പോകേണ്ടത്.

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണുമായി തിങ്കളാഴ്ച നടന്ന കൂടിക്കാഴ്ചയില്‍ ശുദ്ധ ഊര്‍ജപദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിനായി ലോക ബേങ്കില്‍ നിന്ന് 7,685 കോടി രൂപ ലഭിക്കുന്നതിന് ബ്രിട്ടന്‍ സഹായിക്കാമെന്ന് ധാരണയായിട്ടുണ്ട്. കാര്‍ബണ്‍ രഹിത ഊര്‍ജം, ഗതാഗതം, നഗരവികസനം എന്നീ മേഖലകളിലെ അടിസ്ഥാന സൗകര്യ വികസനത്തിന് ബ്രിട്ടന്റെ ഗ്രീന്‍ ഗ്യാരന്റി സഹായവും പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ മറ്റ് വികസ്വര രാജ്യങ്ങളിലെ കാര്‍ബണ്‍ രഹിത പദ്ധതികള്‍ക്കായി 2,152 കോടി രൂപയുടെ സഹായവും പ്രഖ്യാപിച്ചിട്ടുണ്ട്. അതിനിടയിലും സ്വരച്ചേര്‍ച്ചയില്ലാതെ ബാക്കിയാകുന്നത്, വികസിത രാഷ്ട്രങ്ങള്‍ ഇത്തരത്തില്‍ വലിയ അളവില്‍ കാര്‍ബണ്‍ ബഹിര്‍ഗമനം നടത്തി, ശേഷം വികസ്വര രാഷ്ട്രങ്ങള്‍ക്ക് ധനസഹായം ചെയ്തുകൊണ്ട് ഗ്രീന്‍ പ്രോട്ടോകോള്‍ അടിച്ചേല്‍പ്പിക്കുന്നതിലുള്ള സാംഗത്യത്തിലെ വിരോധാഭാസമാണ്.

നേതൃസമ്മേളനത്തില്‍ പ്രധാനപ്പെട്ട രാഷ്ട്രങ്ങളിലെ തലവന്മാരുടെ അസാന്നിധ്യവും ശ്രദ്ധിക്കപ്പെട്ടു. കാര്‍ബണ്‍ ബഹിര്‍ഗമനത്തില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന രണ്ട് രാജ്യങ്ങളായ ചൈനയുടെയും റഷ്യയുടെയും പ്രസിഡന്റുമാര്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്നില്ല. വീഡിയോ കോണ്‍ഫറന്‍സിലൂടെ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്ന ഷീ ജിന്‍പിംഗ്. പിന്നീട് അതും റദ്ദാക്കുകയായിരുന്നു. പുടിന്‍ ആണെങ്കില്‍ റെക്കോര്‍ഡ് ചെയ്ത സന്ദേശമാണ് നല്‍കുന്നത്. കൂടാതെ തുര്‍ക്കി, മെക്സിക്കോ, ബ്രസീല്‍, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളുടെ തലവന്മാര്‍ പങ്കെടുക്കുന്നില്ല. ആഗോള കാര്‍ബണ്‍ ബഹിര്‍ഗമനത്തില്‍ 40 ശതമാനത്തിലേറെ സമ്മാനിക്കുന്ന ബ്രിക്സ് രാഷ്ട്രങ്ങളില്‍ നിന്ന് ഇന്ത്യയുടെ പ്രധാനമന്ത്രി മാത്രമാണ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

ഗ്ലാസ്‌ഗോവില്‍ ഒരു പുതിയ പുലരി പിറക്കും എന്ന് പ്രതീക്ഷിച്ചവര്‍ക്ക് കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന സംഭവവികാസങ്ങള്‍ നിരാശ തന്നെയാണ് സമ്മാനിക്കുന്നത്. വികസിത രാജ്യങ്ങള്‍ യാഥാര്‍ഥ്യബോധവും പ്രയോഗികവുമല്ലാത്ത പ്രസ്താവനകള്‍ മാത്രം പുറപ്പെടുവിക്കുന്നു. നാളെയുടെ നിലനില്‍പ്പുതന്നെ തേടുന്ന രാഷ്ട്രങ്ങള്‍ ഇനിയൊരു പ്രതീക്ഷയുമില്ലാതെ കാലാവസ്ഥാ വ്യതിയാനത്തിന്റെ കെടുതിയില്‍ ജീവിക്കാന്‍ നിര്‍ബന്ധിതമാകുമെന്നാണ് ആശങ്കപ്പെടുന്നത്. വരും ദിവസങ്ങളിലെങ്കിലും അതിനൊരു മാറ്റം ഉണ്ടായില്ലെങ്കില്‍, അവസാന പ്രതീക്ഷയെന്ന് ലോകം ഒന്നടങ്കം പറഞ്ഞ ഗ്ലാസ്ഗോവിനപ്പുറം നമ്മള്‍ കാത്തിരിക്കുന്നത് പ്രകൃതിയുടെ വിനാശകരമായ ദിനങ്ങള്‍ ആയിരിക്കും എന്ന കാര്യത്തില്‍ സംശയമില്ല.

(കൊച്ചി സര്‍വകലാശാല, സെന്റര്‍ ഫോര്‍ സയന്‍സ് ഇന്‍ സൊസൈറ്റിയില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ആണ് ലേഖകന്‍)