ആത്മായനം
തെളിഞ്ഞ ആകാശമിതാ...
ഇസ്്ലാം ഒരു മനുഷ്യനെയും ഒറ്റക്കു നിർത്തുന്നില്ല. സാമൂഹികത എന്ന മനുഷ്യഭാവത്തെ കൂടുതൽ ഇഴചേർക്കുന്ന ഘടനയാണ് മതം മനുഷ്യരുടെ ജീവിതത്തിൽ ഭദ്രമായി സ്ഥാപിക്കുന്നത്.
ഒന്ന് മിണ്ടിപ്പറയാൻ, ഭാരങ്ങളിറക്കിവെക്കാൻ ആരുമില്ലാതിരിക്കുമ്പോൾ മനുഷ്യർക്ക് ശ്വാസം മുട്ടും. ജീവിതം സ്തംഭിക്കുന്നുവെന്ന തോന്നൽ കുന്നുകൂടും. അങ്ങനെ ഉൾത്തീയിൽ വെന്ത് സ്വയം കരിഞ്ഞുണങ്ങിയ ജന്മങ്ങളെമ്പാടുമുണ്ട് നമുക്കിടയിൽ. കണക്കുകളനുസരിച്ച് ജപ്പാനിൽ 40,000 ത്തിലധികം മനുഷ്യരാണ് ഏകാന്ത മരണത്തിനിരയായത് (കോഡോക്കുഷി), വർധിതമായ ഏകാന്ത മരണനിരക്ക് ദക്ഷിണ കൊറിയയെ ഭീതിപ്പെടുത്തുന്നുവെന്ന് വാർത്ത. ഒറ്റപ്പെട്ടു ജീവിച്ച് ആരാരുമറിയാതെ ജീവനൊടുക്കുന്ന/ മരിച്ചുപോകുന്നവർ എത്രയാണ്!. ഏകാന്തത, ഒരു മഹാമാരിയായി മാറുന്ന ദുരവസ്ഥ സംജാതമായിക്കൊണ്ടിരിക്കുന്നു. ഒറ്റപ്പെടലിന്റെ കൈപ്പുനീരിറക്കി സുഖങ്ങളെല്ലാം വറ്റിപ്പോയി ജീവിതം അവസാനിപ്പിക്കാൻ അവർ തയ്യാറെടുക്കുന്നു.
നോക്കൂ…എല്ലാതരം മനുഷ്യരെയും ചേർത്തുപിടിച്ചു കൊണ്ട് വിശുദ്ധ ഖുർആൻ പറയുന്നതിതാണ് “ദുഃഖങ്ങളരുത് അല്ലാഹു നമ്മോടൊപ്പമുണ്ട്’ ( സൂറ: തൗബ 40) “നിങ്ങൾ എവിടെയായിരുന്നാലും അവൻ നിങ്ങളോടൊപ്പമുണ്ട്’ (സൂറ: ഹദീദ് 4)
കൂട്ടുകാരേ… ജീവൽമരണങ്ങളെ സൃഷ്ടിച്ച, പ്രപഞ്ചത്തെ നിയന്ത്രിക്കുന്ന, വരുംവരായ്കയെ നിശ്ചയിക്കുന്ന പരമകാരുണികനായ രക്ഷിതാവ് കൂടെയുണ്ടാവുമ്പോൾ ഭീതിയുടെയും സങ്കടങ്ങളുടെയും കാരണങ്ങൾക്കെന്തു പ്രാധാന്യമാണുള്ളത്?!.
ഇസ്്ലാം ഒരു മനുഷ്യനെയും ഒറ്റക്കു നിർത്തുന്നില്ല. സാമൂഹികത എന്ന മനുഷ്യഭാവത്തെ കൂടുതൽ ഇഴചേർക്കുന്ന ഘടനയാണ് മതം മനുഷ്യരുടെ ജീവിതത്തിൽ ഭദ്രമായി സ്ഥാപിക്കുന്നത്. “നിങ്ങൾക്ക് സമാധാനപൂർവം ഒത്തുചേരാൻ നിങ്ങൾക്കായ് നിങ്ങളിൽ നിന്ന് തന്നെ ഇണകളെ സൃഷ്ടിച്ചുവെന്നത് അവന്റെ ദൃഷ്ടാന്തങ്ങളിൽ പെട്ടതാണ്. നിങ്ങൾക്കിടയിൽ സ്നേഹവാത്സല്യങ്ങളെ അവൻ സ്ഥാപിച്ചു’ (സൂറ: റൂം 21) എന്ന സൂക്തം ആ ഘടന വെളിപ്പെടുത്തുന്നുണ്ട്. വൈവാഹിക ജീവിതത്തെ മനുഷ്യന് നിശ്ചയിച്ചത് തന്നെ സ്നേഹ നൂൽ കൊണ്ട് പാരസ്പര്യത്തെ കോർത്ത് സമാധാനപൂർണമായ ജീവിതം പടുക്കാനാണെന്ന് സാരം. ദമ്പതികൾ പരസ്പരം താങ്ങായ് വർത്തിക്കുന്നു. ധാർമിക മൂല്യങ്ങളിലൂടെ മക്കളെ വളർത്തുന്നു. വളർന്ന മക്കൾ മാതാപിതാക്കൾക്ക് കരുണയുടെ ചിറക് താഴ്ത്തി കൊടുക്കൂ’ (സൂറ: ഇസ്റാഅ് 24) എന്ന നിർദേശമതാണല്ലോ പഠിപ്പിക്കുന്നത്.
ദുരഭിമാനത്തിന്റെ പേരിൽ, സാമ്പത്തിക പരാധീനതകൾ കാരണം, കുടുംബ ശൈഥില്യം നിമിത്തം അങ്ങനെയങ്ങനെ വ്യത്യസ്ത കാരണങ്ങൾ കൊണ്ട് ഒറ്റപ്പെട്ട് കഴിയേണ്ടി വരുന്നവരാണ് ഏകാന്തതയുടെ വേദന തിന്നുന്നവരിലേറെയും. അങ്ങനെ ഒരു ഒറ്റപ്പെടലിന് മതത്തിൽ പഴുതില്ല തന്നെ. സുദൃഢമായ ബന്ധങ്ങൾ സൃഷ്ടിക്കാൻ ഇസ്്ലാമിന് ബദ്ധശ്രദ്ധയുണ്ട്. നിങ്ങൾ വിശ്വാസികളാകും വരെ സ്വർഗപ്രവേശം സാധ്യമല്ല, നിങ്ങൾ പരസ്പരം സ്നേഹിക്കും വരെ വിശ്വാസിയാകാനും സാധ്യമല്ല. ചെയ്താൽ പരസ്പരം സ്നേഹം രൂപപ്പെടുന്നൊരു കാര്യം പറഞ്ഞുതരട്ടെ. നിങ്ങൾക്കിടയിൽ സലാം പ്രചരിപ്പിക്കൂ (അഭിവാദനം സജീവമാക്കൂ ) – [ബുഖാരി] എന്ന ഹദീസ് പരസ്പര ചേർന്നുനിൽപ്പിനെ ഊന്നിപ്പറയുന്നു. രോഗികളെ സന്ദർശിക്കുന്നതിനും ദുരിത ബാധിതരെ സമാശ്വസിപ്പിക്കുന്നതിനും ക്ലേശമനുഭവിക്കുന്നവരെ സഹായിക്കുന്നതിനും പാവങ്ങൾക്ക് വിരുന്നൂട്ടുന്നതിനും അഗതികളെ സംരക്ഷിക്കുന്നതിനും പലമട്ടിൽ ഒറ്റപ്പെട്ടവരുടെ കൂടെയെല്ലാം ചേർന്നുനിൽക്കുന്നതിലുമുള്ള ഇസ്‌ലാമിന്റെ പ്രചോദനങ്ങൾ വിശാലമായ അധ്യായമാണ്. ഇത്രമേൽ മനുഷ്യർക്കൊപ്പം നിൽക്കേ ആരെയും ഒറ്റപ്പെടാൻ മതം അനുവദിക്കുന്നില്ലെന്ന് കാണാം.
സ്നേഹിതരേ… വസ്തുതാപരമായി ഒറ്റക്കാവുകയെന്നത് നിരാശ വലിച്ചിടേണ്ട സന്ദർഭമല്ല. ജനം മുഴുക്കെ ഒറ്റപ്പെടുത്തിയ കാലം തിരുദൂതരുടെ ജീവിതത്തിലും സംഭവിച്ചിട്ടുണ്ട്. ആഹാരം പോലും പങ്കുവെക്കാൻ തയ്യാറാവാതെ പൂർണമായി ഉപരോധമേർപ്പെടുത്തപ്പെട്ട തിക്താനുഭവങ്ങൾ ആ ജീവിതത്തിലുണ്ടായിട്ടുണ്ട്. ശരിയായ വിശ്വാസം ഹൃദയത്തിൽ വേരുറച്ചവർക്ക് എല്ലാത്തിനെയും അതിജയിക്കാം എന്ന പാഠമാണ് അവിടുന്ന് സമൂഹത്തെ പഠിപ്പിച്ചത്.
പരിശുദ്ധ റമസാനിലേക്ക് നിങ്ങളൊന്ന് ശ്രദ്ധിക്കൂ. പ്രപഞ്ചരക്ഷിതാവിന്റെ സ്നേഹസാമീപ്യത്തിന്റെ അടയാളമാണതിന്റെ ഘടന. പ്രപഞ്ചനാഥന്റെ കാരുണ്യം, പാപങ്ങളിൽ നിന്ന് അവൻ നൽകുന്ന വിശുദ്ധി, അവൻ കനിയുന്ന നരക മോചനം എന്നിങ്ങനെ മനുഷ്യനെ വിജയിപ്പിക്കുന്ന മൂന്ന് തലങ്ങളെയാണ് അല്ലാഹു റമസാനിൽ സംവിധാനിച്ചത്. ഏകാന്തമായ പ്രാർഥനകളിലൂടെ ഒറ്റക്കുള്ള നിസ്കാരങ്ങളിലൂടെ ഭൗതിക ലോകത്തിന്റെ കെട്ടുപാടുകളിൽ നിന്ന് മാറി ഏകാന്തമായി ധ്യാനിക്കുന്നതിലൂടെ അല്ലാഹു നമുക്കൊരുക്കിയ വിജയങ്ങളിലേക്കെത്തണമെന്നാണ് ഈ പരിശുദ്ധ ദിനങ്ങളുടെ സന്ദേശം. വിശ്വാസിയെ സംബന്ധിച്ചിടത്തോളം ഏകാന്തത വിശ്വാസത്തെ മൂർച്ചപ്പെടുത്തുന്ന ഘടകമാണ്. ഹൃദയ സാന്നിധ്യത്തോടെ സ്രഷ്ടാവിലേക്കടുക്കാനുള്ള മാർഗമാണ്. ഹിറായുടെ ഏകാന്തതയിലാണ് റസൂലിന് വഹ്‌യ് ലഭിച്ചത്. രാവിന്റെ ഇരുളിൽ ഏകാന്തമായി പ്രാർഥിക്കുന്നതിനെയാണ് റസൂൽ (സ) ഇഷ്ടപ്പെട്ടത്. വല്ലൊരാൾക്കും ഒരു കൂട്ടുകാരനെ വേണമെങ്കിൽ അവന് അല്ലാഹു മതി എന്നാണ് മഹത്തുക്കളുടെ അധ്യാപനം. തിരുദൂതർ (സ) യാത്രകളിൽ പ്രാർഥിക്കുകയും പ്രാർഥിക്കാൻ വേണ്ടി നിർദേശിക്കുകയും ചെയ്തതുമതാണ് “അല്ലാഹ് നീ മാത്രമാണ് യാത്രയിലെ കൂട്ടുകാരൻ’ എന്ന്.
നമ്മുടെ ഗദ്ഗദങ്ങൾ ഏറെ അറിയുന്നവൻ അവനാണ്. നമ്മുടെ വേദനകളെ, വേവലാതികളെ അവന് കൃത്യമായറിയാം. അതിനെല്ലാം പരിഹാരം തരേണ്ടത് അവനാണ്. ആൾക്കൂട്ടത്തിനിടയിലായിരിക്കുമ്പോഴും ഒറ്റപ്പെടുമ്പോഴും ആ സാന്നിധ്യത്തെ നമ്മൾ തിരിച്ചറിയണം. ആര് കൈയൊഴിഞ്ഞാലും അല്ലാഹു നമ്മോടൊപ്പം തന്നെയുണ്ടാകുമെന്ന ഉറപ്പ് അകമേ ദൃഢമാകണം. സൂറ: ഖാഫ് വെളിപ്പെടുത്തും പോലെ “തീർച്ചയായും മനുഷ്യനെ നാം സൃഷ്ടിച്ചു. അവന്റെ മനസ്സ് മന്ത്രിക്കുന്നത് നാം അറിയുന്നു. അവന്റെ കണ്ഠ നാഡിയെക്കാൾ അവനുമായി നാം അടുത്താണ്’.
സ്നേഹിതരേ… ദൈവിക ബോധമുള്ള ഒരാൾക്ക് ഒറ്റക്കാവുന്നത് അസ്വസ്ഥതയാവില്ല. നമ്മുടെ കൂടെ ആളുണ്ടാകുമ്പോഴും അല്ലാത്തപ്പോഴും സഹായിക്കാൻ അല്ലാഹുവേ ഉള്ളൂ. അവന്റെ സഹായമില്ലാതെ ആർക്കും നമ്മെ സഹായിക്കാനാകില്ല. അവന്റെ സഹായം ഉണ്ടെങ്കിൽ ആരില്ലെങ്കിലും നമ്മുടെ ജീവിതം വർണാഭമായി മുന്നോട്ടു പോകും. ഏത് നേരവും അവനെ കുറിച്ചോർക്കുക. സദാ അല്ലാഹുവിനെ സ്നേഹപൂർവം ഓർത്തിരിക്കുക എന്നുള്ളത് ഹൃദയ സന്തോഷത്തിന്റെ വിത്താണ്.
“സത്യവിശ്വാസികൾ; അവരുടെ ഹൃദയങ്ങൾ അല്ലാഹുവിന്റെ ഓർമകൾ കൊണ്ട് ശാന്തമായിരിക്കുന്നു. അറിയണം അല്ലാഹുവിന്റെ സ്മരണ കൊണ്ട് ഹൃദയങ്ങൾ ശാന്തമാകും’ എന്നാണല്ലോ സൂറ: റഅദിന്റെ അധ്യാപനം.
ഏകാന്തതയെയും നന്മകൾ കൊണ്ട് അലങ്കരിക്കുന്നവരാണ് ബുദ്ധിമാന്മാർ. ആരാരുമില്ലാത്ത പാതിരാ നേരത്തും റബ്ബിനെ വിളിക്കുന്നവർ, കണ്ണ് നനയുന്നവർ അവർക്ക് ഊഷ്മളമായ വരവേൽപ്പാണ് സ്വർഗം ഒരുക്കിവെച്ചിരിക്കുന്നത്. ഏകാന്തതയിൽ പിശാചിനെ കൂട്ടുകാരനാക്കുന്നതിന് പകരം അല്ലാഹുവെ കൂട്ടുകാരനാക്കുക. ദുഃഖങ്ങളുടെ കാർമേഘങ്ങൾ നീങ്ങി ആകാശം തെളിയുന്നത് കാണാം.




