International
വെള്ളത്തിന്റെ ഗുണനിലവാരം മോശമാകുന്നു: ദക്ഷിണാഫ്രിക്കയില്‍ അഞ്ഞൂറിലധികം പേര്‍ക്ക് രോഗബാധ
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും രോഗം ബാധിച്ച് വിവിധ ആരോഗ്യ കേന്ദ്രങ്ങളില്‍ ചികിത്സ തേടിയതിനെത്തുടര്‍ന്ന് തലസ്ഥാന നഗരമായ പ്രിട്ടോറിയയുടെ കിഴക്കന്‍ മേഖലയിലുള്ളവരോട് പൈപ്പുകളില്‍ നിന്നുള്ള വെള്ളം കുടിക്കരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി
ജൊഹാനസ്ബര്‍ഗ് | വെള്ളത്തിന്റെ ഗുണനിലവാരം മോശമായതിനെത്തുടര്‍ന്ന് ദക്ഷിണാഫ്രിക്കയില്‍ അഞ്ഞൂറിലധികം പേര്‍ക്ക് രോഗബാധ. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും രോഗം ബാധിച്ച് വിവിധ ആരോഗ്യ കേന്ദ്രങ്ങളില്‍ ചികിത്സ തേടിയതിനെത്തുടര്‍ന്ന് തലസ്ഥാന നഗരമായ പ്രിട്ടോറിയയുടെ കിഴക്കന്‍ മേഖലയിലുള്ളവരോട് പൈപ്പുകളില്‍ നിന്നുള്ള വെള്ളം കുടിക്കരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുകയും, സര്‍ക്കാറും ഗിഫ്റ്റ് ഓഫ് ദി ഗിവേഴ്സ് ജീവകാരുണ്യ സംഘടനയും വെള്ളമെത്തിച്ചു നല്‍കുകയും ചെയ്തിരുന്നു.
രോഗബാധിതരില്‍ ഭൂരിഭാഗവും 4 വയസ്സില്‍ താഴെയുള്ള കുട്ടികളാണ്. പ്രിട്ടോറിയയുടെ കിഴക്കന്‍ മേഖലകളിലേക്ക് വെള്ളം വിതരണം ചെയ്യുന്ന ഒരു വാട്ടര്‍ ട്രീറ്റ്മെന്റ് പ്ലാന്റില്‍ നിന്നുള്ള മലിനമായ വെള്ളം കുടിച്ചതാണ് രോഗകാരണമെന്ന് ആരോഗ്യ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ബ്രോങ്ക്ഹോര്സ്റ്റ്സ്പ്രൂയിറ്റ് നദിയില്‍ നിന്നാണ് ഈ പ്ലാന്റിലേക്ക് വെള്ളമെടുക്കുന്നത്. നദിയുടെ മുകള്‍ഭാഗത്തുള്ള മലിനജല സംസ്കരണ പ്ലാന്റുകള്‍ ശരിയായി പ്രവര്‍ത്തിക്കാത്തതിനാല്‍ നദിയില്‍ വന്‍തോതില്‍ മലിനജലം കലര്‍ന്നിട്ടുണ്ട്.
വെള്ളത്തിന്റെ ഗുണനിലവാരം മോശമാണെന്ന കാര്യം താമസക്കാരെ അറിയിക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞില്ലെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. ജലമലിനീകരണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഷ്വാനെ നഗരത്തിലെ മേയര്‍ നാസിഫി മോയ രാജിവെക്കണമെന്ന് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു. ഈസ്റ്റേണ്‍ കേപ് പ്രവിശ്യയില്‍ റോഡ്സ് സര്‍വകലാശാലയിലെ 111 വിദ്യാര്‍ത്ഥികള്‍ക്ക് അസുഖം ബാധിച്ചതായി സര്‍വകലാശാല അറിയിച്ചു.



