Connect with us

kerala waqf board

വഖ്ഫ് ബോർഡ് വിവാദ മുസ്‌ലിം ചട്ടം; റദ്ദാക്കിയ ഉത്തരവിന് വീണ്ടും അനുമതി നൽകിയത് യു ഡി എഫ്

തിരുത്തൽ സമയങ്ങളിൽ വഖ്ഫ് കൈകാര്യം ചെയ്തത് ഒരേ മന്ത്രി. വഖ്ഫ് ഭേദഗതിക്ക് പി കെ കുഞ്ഞാലിക്കുട്ടി വഖ്ഫ് മന്ത്രിയായിരിക്കെയാണ് അനുമതി നൽകിയത്

Published

|

Last Updated

കോഴിക്കോട് | വഖ്ഫ് ബോർഡിൽ പരമ്പരാഗത മുസ്‌ലിം വിശ്വാസികളല്ലാത്തവർക്കും മത നിഷേധികൾക്കും നിയമനം നൽകരുതെന്ന നിർദേശം വെട്ടിമാറ്റുന്നതിന് 2003ലെ യു ഡി എഫ് സർക്കാറിന്റെ കാലത്ത് തന്നെ നീക്കം നടന്നുവെന്ന് രേഖകൾ. വിവാദ ചട്ടം 2016ലെ ഭേദഗതിക്കു മുമ്പ് 2003ൽ തന്നെ യു ഡി എഫ് സർക്കാർ ഭേദഗതി ചെയ്തിരുന്നുവെന്നും 2010ലെ എൽ ഡി എഫ് സർക്കാർ ഇത് റദ്ദ് ചെയ്‌തെങ്കിലും 2016ൽ യു ഡി എഫ് സർക്കാർ വീണ്ടും പൊടിതട്ടി അനുമതി നൽകുകയായിരുന്നുവെന്നുമാണ് രേഖകൾ വ്യക്തമാക്കുന്നത്.

2010ൽ പാലോളി മുഹമ്മദ്കുട്ടി വഖ്ഫ് മന്ത്രിയായിരിക്കെയാണ് വിവാദ പരാമർശങ്ങളടങ്ങിയ ചട്ടം റദ്ദ് ചെയ്തത്. എന്നാൽ, 2016ൽ ഇതേ നിർദേശങ്ങളുൾക്കൊള്ളുന്ന വഖ്ഫ് ഭേദഗതിക്ക് പി കെ കുഞ്ഞാലിക്കുട്ടി വഖ്ഫ് മന്ത്രിയായിരിക്കെയാണ് അനുമതി നൽകിയത്. ഇതോടെ, വഖ്ഫ് ബോർഡിന്റെ ഉയർന്നതോ താഴ്ന്നതോ ആയ തസ്തികകളിൽ അമുസ്‌ലിംകൾ, മില്ലത്ത് (പാരന്പര്യ ആചാരങ്ങൾ) അംഗീകരിക്കാത്തവർ, ദൈവ നിഷേധികളായ ജീവനക്കാർ, സ്വതന്ത്ര ചിന്തകർ എന്നിവരെ നിയമിക്കരുതെന്ന ചട്ടം മാറ്റപ്പെടുകയും ഇതിനെല്ലാം പകരമായി മുസ്‌ലിം എന്ന നിബന്ധനയിൽ ഒതുങ്ങുകയും ചെയ്തു.

2001 മെയ് 17 മുതൽ ഭരണം ആരംഭിച്ച ആന്റണി സർക്കാറിൽ പി കെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിൽ വഖ്ഫ് കൈകാര്യം ചെയ്തു തുടങ്ങി മൂന്ന് വർഷത്തിന് ശേഷമാണ്് 2003ൽ വഖ്ഫ് ബോർഡ് ആദ്യ ഭേദഗതി സർക്കാറിലേക്ക് അയക്കുന്നത്. 2003 ഫെബ്രുവരി ഏഴിന് (ജി ഒ (ആർ ടി) നമ്പർ : 425/2003/ ആർ ഡി തീയതി: 7-2-2003) നമ്പർ ഗവ. ഓർഡർ പ്രകാരം ചട്ടം അംഗീകരിച്ചു സർക്കാർ ഉത്തരവ് പുറപ്പെടുവിക്കുകയും ഫെബ്രുവരി 19ന് വിജ്ഞാപനം ഇറക്കുകയുമായിരുന്നു. എന്നാൽ, മേൽ ചട്ടത്തിൽ അപാകതകളുണ്ടെന്ന് കാണിച്ച് 2010ൽ എൽ ഡി എഫ് സർക്കാർ ഇത് (ജി ഒ (ആർ ടി) നമ്പർ: 1566/10/ആർ ഡി തീയതി: 5-4-2010) ഉത്തരവിലൂടെ റദ്ദ് ചെയ്തു. പിന്നീട് 2012ൽ യു ഡി എഫ് ഭരണകാലത്ത് (ലെറ്റർ നമ്പർ : ഇ 4-1764/04 തീയതി 12-12-2012 )എന്ന നമ്പറിൽ വഖ്ഫ് ബോർഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ പുതിയ ചില ഭേദഗതികളും നിർദേശങ്ങളും ഉൾക്കൊള്ളിക്കുകയും പഴയ ചില കാര്യങ്ങൾ ഒഴിവാക്കുകയും ചെയ്ത് (എം എസ്) നമ്പർ 58/ 2016/ ആർ ഡി പ്രകാരം 2016 ജനുവരി 27ന് പുതിയ ചട്ടം പുറത്തിറക്കുകയായിരുന്നു.

1998 മുതൽ 2003 വരെ അധികാരത്തിലുണ്ടായിരുന്ന പ്രൊഫ. കെ എ ജലീലിലിന്റെ നേതൃത്വത്തിലുള്ള വഖ്ഫ് ഭരണ സമിതിയിൽ അന്ന് എം പിയായിരുന്ന അബ്ദുസ്സമദ് സമദാനി, എം എൽ എമാരായ ചെർക്കളം അബ്ദുല്ല, പി ടി കുഞ്ഞുമുഹമ്മദ്, സ്റ്റേറ്റ് ബാർ കൗൺസിൽ അംഗം അഡ്വ. പി കെ അബൂബക്കർ , മുതവല്ലി വിഭാഗത്തിൽ നിന്ന് മുക്കം മോയിമോൻഹാജി, എറണാകുളത്തെ അബ്ദുല്ല ഹാജി അഹ്‌മദ് സേട്ട് എന്നിവരും ഉണ്ടായിരുന്നു. കൂടാതെ, വി കെ അലി, സി മുഹമ്മദ് ഫൈസി, കടക്കൽ അബ്ദുൽ അസീസ് മൗലവി, ഒ സൈനുദ്ദീൻ കുഞ്ഞ് എന്നിവരും ബോർഡിൽ അംഗങ്ങളായിരുന്നു. എന്നാൽ, വഖ്ഫ് ബോർഡിൽ മുതവല്ലികളായും മറ്റും കാലാകാലങ്ങളായി ഒരു വിഭാഗത്തിന് മാത്രമാണ് ഭൂരിപക്ഷമെന്നിരിക്കെ എൽ ഡി എഫ് സർക്കാറിന്റെ കാലത്ത് നിയമിക്കപ്പെടുന്ന അംഗങ്ങളുടെ അഭിപ്രായങ്ങൾക്കും മറ്റും വേണ്ടത്ര പരിഗണന ലഭിക്കാറില്ലെന്നാണ് ആക്ഷേപം.

Latest