Kerala
വസ്ത്രങ്ങള്‍ പുഴയില്‍ ഉപേക്ഷിക്കുന്ന പ്രവണത കേരളത്തിന്റെ ആചാരമല്ല: മന്ത്രി എ പി അനില്‍കുമാര്‍
'പമ്പയിലെയും പരിസരങ്ങളിലെയും ശുചിത്വം പ്രധാനം.'
റവന്യൂ വകുപ്പ് മന്ത്രി എ പി അനില്‍കുമാറിന്റെ അധ്യക്ഷതയില്‍ പമ്പ ശ്രീരാമ സാകേതം ഓഡിറ്റോറിയത്തില്‍ നടന്ന ശബരിമല മണ്ഡല മകരവിളക്ക് അവലോകന യോഗം.
പമ്പ (പത്തനംതിട്ട) | ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കേണ്ട വിഷയങ്ങളിലൊന്ന് പമ്പയിലെയും പരിസരപ്രദേശങ്ങളിലെയും ശുചിത്വമാണെന്ന് മന്ത്രി എ പി അനില്‍കുമാര്‍ നിര്‍ദേശിച്ചു. ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് നടന്ന റവന്യൂ വകുപ്പിന്റെ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പമ്പയില്‍ ആചാരത്തിന്റെ ഭാഗമെന്ന നിലയില്‍ വസ്ത്രങ്ങള്‍ പുഴയില്‍ ഉപേക്ഷിക്കുന്ന പ്രവണത ഒഴിവാക്കാന്‍ വ്യാപകമായ ബോധവത്കരണ പ്രചാരണം നടത്തണം. ഇത് കേരളത്തിന്റെ ആചാരത്തിന്റെ ഭാഗമല്ലെന്ന സന്ദേശം തീര്‍ഥാടകരിലേക്ക് എത്തിക്കണം. വര്‍ഷങ്ങളായി തുടരുന്ന ശീലങ്ങള്‍ പെട്ടെന്ന് മാറ്റാന്‍ കഴിയില്ലെന്നതിനാല്‍ ഉപേക്ഷിക്കപ്പെടുന്ന വസ്ത്രങ്ങള്‍ സമയബന്ധിതമായി നീക്കം ചെയ്യുന്നതിനും പ്രത്യേക സംവിധാനം ഒരുക്കണം.
പോരായ്മകള്‍ സംഭവിച്ച ശേഷം പരിഹരിക്കുന്നതിനു പകരം അവ മുന്‍കൂട്ടി ഒഴിവാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയാണ് അവലോകന യോഗങ്ങളുടെ ലക്ഷ്യം. രാജ്യത്തിന്റെ ശ്രദ്ധയാകര്‍ഷിക്കുന്ന പ്രധാന തീര്‍ഥാടന കേന്ദ്രമായ ശബരിമലയില്‍ ഒരു തരത്തിലുള്ള വീഴ്ചയും ഉണ്ടാകരുത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇടത്താവളത്തില്‍ നടന്ന യോഗത്തിലും ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ഇതിനകം നടന്ന വിവിധ അവലോകന യോഗങ്ങളിലും ഒരുക്കങ്ങള്‍ വിലയിരുത്തിയിട്ടുണ്ട്. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ പ്രവര്‍ത്തനങ്ങളില്‍ ഫണ്ട് അപര്യാപ്തത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. റോഡ് നവീകരണവുമായി ബന്ധപ്പെട്ട് വനം വകുപ്പിന്റെ ഭാഗത്തുനിന്നുള്ള ചില സാങ്കേതിക തടസ്സങ്ങള്‍ പരിഹരിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. ജില്ലാ കലക്ടറും എ ഡി എമ്മും നിരവധി യോഗങ്ങള്‍ വിളിച്ചുചേര്‍ത്ത് വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ മികച്ച നേതൃത്വം നല്‍കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയ മന്ത്രി അവരെ പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു.
വൈദ്യുത വാഹനങ്ങളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിലവിലുള്ള ചാര്‍ജിങ് സൗകര്യങ്ങള്‍ പര്യാപ്തമല്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. പമ്പയിലെ ഒരു ചാര്‍ജിങ് കേന്ദ്രം മാത്രം മതിയാകില്ല. നിലക്കലിലും ചാര്‍ജിങ് കേന്ദ്രം സ്ഥാപിക്കണം. ഒരേസമയം നിരവധി വാഹനങ്ങള്‍ എത്തുമ്പോള്‍ ഗതാഗതക്കുരുക്ക് ഉണ്ടാകാനുള്ള സാധ്യത ഒഴിവാക്കാന്‍ കുറഞ്ഞത് രണ്ട് ചാര്‍ജിങ് കേന്ദ്രങ്ങളെങ്കിലും ഈ തീര്‍ഥാടന കാലത്ത് സജ്ജമാക്കണം. ഭാവിയിലെ ആവശ്യങ്ങള്‍ കൂടി കണക്കിലെടുത്ത് അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു.
ദര്‍ശനത്തിലൂടെ ലഭിക്കുന്ന ആത്മീയ സംതൃപ്തിക്കൊപ്പം വിവിധ വകുപ്പുകള്‍ നല്കുന്ന സേവനങ്ങളിലൂടെയും സന്തോഷത്തോടെയും സുരക്ഷിതത്വ ബോധത്തോടെയും മടങ്ങാന്‍ ഓരോ തീര്‍ഥാടകനും കഴിയണം. തീര്‍ഥാടന കേന്ദ്രത്തിലെ സേവനമികവിന്റെ പ്രധാന അളവുകോല്‍ അതായിരിക്കണം. ഇതിനായി എല്ലാ വകുപ്പുകളും മത്സരബുദ്ധിയോടെ മികച്ച സേവനം ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു.
ജില്ലാ ഭരണകൂടത്തിന്റെ പ്രത്യേക താത്പര്യത്തില്‍ തയ്യാറാക്കിയ ശബരി പോര്‍ട്ടലിന്റെ പ്രവര്‍ത്തനോദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. ശബരിമലയുമായി ബന്ധപ്പെട്ട ദൈനംദിന വിവരങ്ങളും വിവിധ സേവനങ്ങളും തീര്‍ഥാടകര്‍ക്ക് എളുപ്പത്തില്‍ ലഭ്യമാക്കുന്നതിനാണ് പോര്‍ട്ടല്‍ സജ്ജമാക്കിയിട്ടുള്ളത്. ആവശ്യമായ വിവരങ്ങള്‍ യഥാസമയം പുതുക്കി പോര്‍ട്ടല്‍ കൂടുതല്‍ ജനോപകാരപ്രദമാക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. പഴകുളം മധു എം എല്‍ എ, ജില്ലാ കലക്ടര്‍മാരായ എ നിസാമുദ്ദീന്‍ (പത്തനംതിട്ട), ഡോ. ദിനേശന് ചെറുവത്ത് (ഇടുക്കി), ചേതന്‍ കുമാര്‍ മീണ (കോട്ടയം), ശബരിമല എ ഡി എം. ദിലീപ് കെ കൈനിക്കര, പത്തനംതിട്ട എ ഡി എം. ആര് രാജലക്ഷ്മി പങ്കെടുത്തു.
Content Highlights: Minister AP Anilkumar stated that discarding clothes into rivers is not part of Kerala’s authentic traditions. He emphasized the urgent need to protect natural water bodies from pollution. The minister urged the public to refrain from activities that damage the state’s river ecosystems.




