Kerala
തമിഴ്‌നാട്ടിലും പശ്ചിമ ബംഗാളിലും പോളിംഗ് ആരംഭിച്ചു
ബംഗാളില്‍ ആദ്യഘട്ട തെരഞ്ഞെടുപ്പ് 152 മണ്ഡലങ്ങളിലാണ് നടക്കുന്നത്. തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും.
ന്യൂഡല്‍ഹി | തമിഴ്‌നാട്ടിലും പശ്ചിമ ബംഗാളിലും പോളിംഗ് ആരംഭിച്ചു. ബംഗാളില്‍ ആദ്യഘട്ട തെരഞ്ഞെടുപ്പ് 152 മണ്ഡലങ്ങളിലാണ് നടക്കുന്നത്. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഭരണത്തുടര്‍ച്ചക്കായി തൃണമൂല്‍ കോണ്‍ഗ്രസ്സും ഭരണം പിടിക്കാന്‍ ബി ജെ പിയുമാണ് നേരിട്ട് ഏറ്റുമുട്ടുന്നത്. ബംഗാളില്‍ കനത്ത തിരിച്ചടി നേരിട്ടിരുന്ന സി പി എം നേതൃത്വത്തിലുള്ള ഇടതു സഖ്യം അടിത്തട്ടില്‍ ശക്തമായ പ്രചാരണമാണ് ഇത്തവണ നടത്തിയത്.
വടക്കന്‍ ജില്ലകളിലെയടക്കം 152 മണ്ഡലങ്ങളിലെ വോട്ടര്‍മാരാണ് വിധിയെഴുതുന്നത്. ബിജെപിക്ക് മേല്‍ക്കോയ്മയുള്ള മേഖലകളില്‍ പ്രധാനമന്ത്രി നയിച്ച പ്രചാരണം തുണയ്ക്കുമെന്നാണ് ബി ജെ പി പ്രതീക്ഷ. അതേസമയം ബംഗാള്‍ വികാരം ഉയര്‍ത്തി ആഴ്ചകളോളം മമത ബാനര്‍ജിയും അഭിഷേക് ബാനര്‍ജിയും നടത്തിയ റാലികള്‍ വോട്ടാകുമെന്നാണ് ടി എം സി കരുതുന്നത്. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷാ വിന്യാസത്തിലാകും ആദ്യ ഘട്ട വോട്ടെടുപ്പ്.
തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും. രാവിലെ ഏഴു മണിക്ക് വോട്ടെടുപ്പ് തുടങ്ങി. ആകെ 4023 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍, ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍, ടി വി കെ പ്രസിഡന്റ് വിജയ്, കേന്ദ്രമന്ത്രി എല്‍ മുരുകന്‍, സിനിമാതാരങ്ങളായ രജനികാന്ത്, കമല്‍ഹാസന്‍, അജിത്ത്, തൃഷ, സംഗീതജ്ഞന്‍ ഇളയരാജ തുടങ്ങിയവര്‍ ചെന്നൈയിലും എ ഐ എ ഡി എം കെ ജനറല്‍ സെക്രട്ടറി എടപ്പാടി പളനിസാമി സേലത്തും ബിജെപി നേതാവ് കെ അണ്ണാമലൈ കോയമ്പത്തൂരിലും വോട്ട് രേഖപ്പെടുത്തും. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് 73.63 ശതമാനം ആയിരുന്നു പോളിംഗ്.



