Connect with us

From the print

മഞ്ചേശ്വരം ബി ജെ പി ഘടകത്തിൽ ആഭ്യന്തര കലഹം രൂക്ഷം

പാർട്ടി ജില്ലാ പ്രസിഡന്റിനെതിരെ പടയൊരുക്കം

Published

|

Last Updated

കാസർകോട് | സംസ്ഥാനത്ത് ബി ജെ പിയുടെ എ ക്ലാസ്സ് മണ്ഡലങ്ങളിലൊന്നായി കണക്കാക്കുന്ന മഞ്ചേശ്വരത്ത് നിയമസഭാ തിരഞ്ഞെടുപ്പ് അവലോകന യോഗത്തിൽ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശം. വോട്ടർ പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ പാർട്ടി ജില്ലാ നേതൃത്വത്തിന് ഗുരുതര വീഴ്ച സംഭവിച്ചതായി ആരോപിച്ച് ഒരു വിഭാഗം നേതാക്കൾ പരസ്യമായി രംഗത്തെത്തി.

ഇന്നലെ നടന്ന മണ്ഡലം അവലോകന യോഗത്തിൽ ബി ജെ പി ജില്ലാ പ്രസിഡന്റും പാർട്ടിയുടെ കാസർകോട് നിയോജക മണ്ഡലം സ്ഥാനാർഥിയുമായ എം എൽ അശ്വിനിക്കെതിരെ അതിരൂക്ഷമായ വിമർശങ്ങളാണ് ഉയർന്നത്. വോട്ടർ പട്ടികയിൽ പേര് ചേർക്കുന്ന പ്രക്രിയയിൽ ജില്ലാ നേതൃത്വം ജാഗ്രത കാട്ടിയില്ലെന്നും ഇത് മണ്ഡലത്തിലെ വിജയസാധ്യതയെ അട്ടിമറിച്ചെന്നുമാണ് പ്രധാന ആരോപണം.

മണ്ഡലത്തിൽ പുതുതായി ചേർത്ത 21,000 വോട്ടുകളിൽ 13,000ത്തിലധികം വോട്ടുകൾ യു ഡി എഫിന്റേതാണ്. ആയിരത്തിൽ താഴെ വോട്ടുകൾ മാത്രമാണ് ആദ്യഘട്ടത്തിൽ ബി ജെ പിക്ക് ചേർക്കാൻ സാധിച്ചത്. പിന്നീട് സ്ഥാനാർഥി കെ സുരേന്ദ്രൻ മണ്ഡലത്തിലെത്തിയ ശേഷമാണ് ഏകദേശം 4,000 വോട്ടുകളെങ്കിലും ചേർക്കാൻ സാധിച്ചതെന്ന് ഒരു വിഭാഗം ചൂണ്ടിക്കാട്ടി. എം എൽ അശ്വിനിയുടെ മകന്റെ പേര് പോലും വോട്ടർ പട്ടികയിൽ ചേർക്കാൻ നേതൃത്വത്തിന് കഴിഞ്ഞില്ലെന്ന വെളിപ്പെടുത്തൽ യോഗത്തിൽ വലിയ ചർച്ചയായിരുന്നു. മഞ്ചേശ്വരത്ത് യു ഡി എഫ് അതീവ ജാഗ്രതയോടെ പ്രവർത്തിച്ചപ്പോൾ ബി ജെ പി നേതൃത്വം നിഷ്‌ക്രിയമായത് തിരിച്ചടിയായെന്നും യോഗം വിലയിരുത്തി.

2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വെറും 89 വോട്ടുകൾക്കും 2021ലെ തിരഞ്ഞെടുപ്പിൽ 745 വോട്ടുകൾക്കും കെ സുരേന്ദ്രൻ പരാജയപ്പെട്ട ചരിത്രമുള്ള മഞ്ചേശ്വരത്ത് ഇത്തവണ വിജയ പ്രതീക്ഷയിലായിരുന്നു ബി ജെ പി. മഞ്ചേശ്വരത്ത് പാർട്ടിക്ക് സംഭവിച്ച വീഴ്ച വരും ദിവസങ്ങളിൽ സംസ്ഥാന നേതൃത്വത്തിന് മുന്നിലും വലിയ ചർച്ചയാകാനാണ് സാധ്യത. എസ് ഐ ആറുമായി ബന്ധപ്പെട്ട് ജില്ലാ പ്രസിഡന്റിനെതിരെ ഉയർന്നിരിക്കുന്ന വിമർശങ്ങളിൽ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടാൽ സംഘടനാ തലത്തിൽ നടപടി സ്വീകരിക്കാനായിരിക്കും ബി ജെ പി സംസ്ഥാന നേതൃത്വം തയ്യാറാകുക. 2,30,113 വോട്ടർമാരാണ് മഞ്ചേശ്വരത്തുള്ളത്. 2021ൽ ഇത് 2,21,711 ആയിരുന്നു.

8,402 വോട്ടിന്റെ വർധനയാണ് ഇത്തവണയുണ്ടായത്. ഏറ്റവും പുതിയ കണക്കിൽ 15,748 വോട്ടുകളാണ് തള്ളിയത്. പലവിധ കാരണങ്ങളാൽ മണ്ഡലം മാറിപ്പോയവരുടെ വോട്ടുകളാണിവ. ഇതിൽ ന്യൂനപക്ഷ വിഭാഗത്തിൽ പെട്ട 8,630 വോട്ടർമാരാണുള്ളത്. സ്ഥലം മാറി വന്ന വോട്ടുകൾ, പ്രവാസി വോട്ടുകൾ ഉൾപ്പെടെ 23,000ൽപരം പുതിയ വോട്ടുകളാണ് ചേർത്തത്. ഇതിൽ 16,000 വോട്ട് ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുള്ളതാണ്. തള്ളിയവയിൽ ഏറെയും വോട്ട് ഭൂരിപക്ഷ സമുദായത്തിന്റേതാണ്. ചേർത്തതിലും യു ഡി എഫ് ആണ് മുന്നിൽ. 8,400 വോട്ടിൽ 50 ശതമാനം യു ഡി എഫിനും 30 ശതമാനം ബി ജെ പിക്കും അവകാശപ്പെട്ടാൽ 5,000 വോട്ടിന്റെയെങ്കിലും മുൻതൂക്കം യു ഡി എഫിനുണ്ട്.

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ 7,600 വോട്ടാണ് എസ് ഡി പി ഐ നേടിയത്. ഇതിൽ 5,000ൽ താഴെ മാത്രമാണ് രാഷ്ട്രീയ വോട്ടെന്നാണ് കണക്ക്. തള്ളിയ വോട്ടുകളിൽ പതിനായിരത്തോളം ബി ജെ പിയുടേതാവുകയും എസ് ഡി പി ഐയുടെ 5,000 വോട്ട് എൽ ഡി എഫിന് അനുകൂലമാകുകയും ചെയ്താൽ മഞ്ചേശ്വരത്ത് രണ്ടാം സ്ഥാനത്തെത്തുക ഒരു പക്ഷെ എൽ ഡി എഫായിരിക്കും. ഇതാണ് ബി ജെ പി കേന്ദ്രങ്ങളെ ആശങ്കയിലാക്കുന്നത്.

 

Latest