National
വോട്ടർ പട്ടിക പരിഷ്കരണം: കർണാടകയിൽ 43.80 ലക്ഷം പേർക്ക് വെരിഫിക്കേഷൻ നോട്ടീസ് അയക്കും
2002 ലെ എസ് ഐ ആർ ഡാറ്റ എന്യൂമറേഷൻ ഫോമിൽ മാപ്പ് ചെയ്യാത്ത 23.45 ലക്ഷം പേർക്കും പേര് അല്ലെങ്കിൽ വയസ്സ് എന്നിവയിൽ വിത്യാസമുള്ള 20.35 ലക്ഷം പേർക്കുമാണ് ഇ ആർ ഒ മാർ വഴി നോട്ടീസ് നൽകുന്നത്.
ബംഗളൂരു | കരട് വോട്ടർ പട്ടിക ഓഗസ്റ്റ് 24 ന് പ്രസിദ്ധീകരിക്കുന്നതിന് മുന്നോടിയായി കർണാടകയിൽ 43.80 ലക്ഷം വോട്ടർമാർക്ക് വെരിഫിക്കേഷൻ നോട്ടീസുകൾ (Voter Verification Notices) ലഭിക്കും. ആകെ ഉൾപ്പെടുത്തിയിട്ടുള്ള 4.46 കോടി വോട്ടർമാരിൽ 9.81 ശതമാനം പേർക്കാണ് നോട്ടീസ് അയക്കുന്നത്. 2002 ലെ എസ് ഐ ആർ ഡാറ്റ എന്യൂമറേഷൻ ഫോമിൽ മാപ്പ് ചെയ്യാത്ത 23.45 ലക്ഷം പേർക്കും പേര് അല്ലെങ്കിൽ വയസ്സ് എന്നിവയിൽ വിത്യാസമുള്ള 20.35 ലക്ഷം പേർക്കുമാണ് ഇ ആർ ഒ മാർ വഴി നോട്ടീസ് നൽകുന്നത്. ബൂത്ത് ലെവൽ ഓഫീസർമാർ വഴി നേരിട്ടാണ് ഇവ വിതരണം ചെയ്യുക. മേഖല അനുസരിച്ച് കന്നഡ, ഇംഗ്ലീഷ്, ഉർദു, മറാത്തി എന്നീ ഭാഷകളിൽ ഏതെങ്കിലും രണ്ടെണ്ണത്തിലായിരിക്കും നോട്ടീസ്.
നോട്ടീസിൽ വിചാരണ നടക്കുന്ന സ്ഥലം, തീയതി, സമയം, തിരുത്തലുകളുടെ വിവരങ്ങൾ, ഹാജരാക്കേണ്ട രേഖകൾ എന്നിവ രേഖപ്പെടുത്തിയിരിക്കും. വോട്ടർമാർക്ക് നേരിട്ടോ നോട്ടീസിലെ ക്യു ആർ കോഡ് ഉപയോഗിച്ച് രേഖകൾ അപ്‌ലോഡ് ചെയ്തോ നടപടികൾ പൂർത്തിയാക്കാം. പോളിംഗ് സ്റ്റേഷനുകളിലോ ഗ്രാമപഞ്ചായത്ത് ഓഫീസുകളിലോ ആയിരിക്കും ഇ ആർ ഒ മാരുടെ നേതൃത്വത്തിൽ വിചാരണ നടക്കുക. അർഹത തെളിയിക്കാൻ സി ഇ ഒ അംഗീകരിച്ച 11 രേഖകളിൽ ഒന്നോ ആധാർ കാർഡോ സമർപ്പിക്കാം.
ആദ്യ നോട്ടീസിൽ ഹാജരാകാത്തവർക്ക് അന്തിമ നോട്ടീസ് നൽകും. രണ്ടാം തവണയും ഹാജരായില്ലെങ്കിൽ വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്യുന്നതിനായി ഫോം 7 പുറപ്പെടുവിക്കും. പേര് നീക്കം ചെയ്യപ്പെട്ടാൽ ഡി ഇ ഒ മുൻപാകെ 15 ദിവസത്തിനകവും സി ഇ ഒ മുൻപാകെ 30 ദിവസത്തിനകവും അപ്പീൽ നൽകാം. പുതിയ വോട്ടറായി ചേരുന്നതിന് ഫോം 6 ഉപയോഗിക്കാം. സെപ്റ്റംബർ 23 ന് മുമ്പ് അപേക്ഷിച്ചാൽ ഒക്ടോബർ 27 ന് വരുന്ന അന്തിമ പട്ടികയിൽ ഉൾപ്പെടും. അതിനുശേഷമുള്ള അപേക്ഷകൾ സപ്ലിമെന്ററി ലിസ്റ്റിലാണ് ഉൾപ്പെടുത്തുക.
18 വയസ്സ് തികയാത്തവർ, ഇന്ത്യൻ പൗരത്വമില്ലാത്തവർ, മാനസിക വിഭ്രാന്തിയുള്ളവർ, കോടതി വിലക്കിയവർ എന്നിവരെ യോഗ്യരല്ലാത്തവരായി പ്രഖ്യാപിക്കും. ഇവർക്ക് ഫോം 6 വഴി അപേക്ഷിക്കാൻ സാധിക്കില്ല. ഒക്ടോബർ 22 വരെയുള്ള 56 ദിവസത്തിനുള്ളിൽ വിചാരണ നടപടികൾ പൂർത്തിയാക്കാൻ അധിക എ ഇ ആർ ഒ മാരെ നിയമിക്കും. ഓഗസ്റ്റ് 24 മുതൽ സെപ്റ്റംബർ 23 വരെയുള്ള കാലയളവിൽ പുതിയ വോട്ടർമാർക്കും ഒഴിവാക്കപ്പെട്ടവർക്കും ഫോം 6, 7, 8 എന്നിവ വഴി അപേക്ഷ നൽകാം. അതെ സമയം പരിശോധനയിൽ പാകിസ്ഥാൻ, ബംഗ്ലാദേശ്, ഇറാൻ സ്വദേശികളായ ആരും വോട്ടർ പട്ടികയിൽ ഉള്ളതായി കണ്ടെത്തിയിട്ടില്ലെന്ന് സർക്കാർ വ്യക്തമാക്കി.
Content Highlights
Karnataka to issue verification notices to 43.80 lakh voters due to mapping issues and data anomalies. Hearing will occur at polling stations, requiring valid identity documents for verification.





