Connect with us

vizhinjam port

വിഴിഞ്ഞം: കാലതാമസം പുലിമുട്ട് നിർമാണം വൈകിയതിനാൽ

അടുത്ത മൺസൂണിന് മുമ്പ് പുലിമുട്ട് നിർമാണം പൂർത്തിയാക്കും

Published

|

Last Updated

തിരുവനന്തപുരം | നിർദിഷ്ട വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമാണം നീണ്ടുപോകുന്നതിന് കാരണം പൂലിമുട്ട് നിർമാണം വൈകുന്നതാണെന്ന് തുറമുഖ മന്ത്രി അഹ്‌മദ് ദേവർകോവിൽ. പുലിമുട്ടിന് ആവശ്യമായ പാറ ലഭിക്കുന്നതിൽ തടസ്സം നേരിട്ടതാണ് നിർമാണത്തെ ബാധിച്ചത്.

തുറമുഖ നിർമാണത്തിനുള്ള അസംസ്കൃത വസ്തുക്കൾ എത്തിക്കേണ്ട ചുമതല നിർമാണ കമ്പനിക്കാണെന്നിരിക്കെ ഇക്കാര്യത്തിൽ അദാനി ഗ്രൂപ്പ് പരാജയപ്പെട്ടെന്നും മന്ത്രി പറഞ്ഞു. എന്നാൽ, പാറ ലഭ്യമാക്കുന്നതിന് തമിഴ്നാട് സർക്കാറുമായി ചർച്ച ചെയ്ത് നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അടുത്ത മൺസൂണിന് മുമ്പ് പുലിമുട്ട് നിർമാണം പൂർത്തീകരിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു.

വിഴിഞ്ഞം തുറമുഖ നിർമാണം വൈകുന്നത് ചോദ്യം ചെയ്തു കൊണ്ടുള്ള അടിയന്തര പ്രമേയത്തിന് പ്രതിപക്ഷം നൽകിയ അനുമതി നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി. തുറമുഖ നിർമാണം പൂർത്തിയാക്കാൻ അദാനി ഗ്രൂപ്പ് കാലാവധി നീട്ടി ചോദിച്ചിട്ടുണ്ട്. സർക്കാർ ഇളവുകൾ നൽകിയെങ്കിലും അതിൽ തൃപ്തരാവാതെ അദാനി ആർബിട്രേഷനിൽ പോയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ സർക്കാറും ആർബിട്രേഷനിൽ വാദം ഉന്നയിക്കും. കൊവിഡ് വ്യാപനവും കാലാവസ്ഥയുമാണ് തുറമുഖ നിർമാണത്തിൽ പ്രതിസന്ധിയുണ്ടാക്കിയതെന്നും പുലിമുട്ട് നിർമാണം വേഗം പൂർത്തിയാക്കാൻ സർക്കാർ ഇടപെട്ടുവെന്നും മന്ത്രി വിശദീകരിച്ചു. അതേസമയം, പദ്ധതി വൈകുന്നതിന്റെ ഉത്തരവാദിത്വം അദാനി ഗ്രൂപ്പിനും സർക്കാറിനുമുണ്ടെന്ന് അടിയയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയ യു ഡി എഫ് അംഗം എ വിൻസെന്റ് പറഞ്ഞു. കാലാവധിയുടെ ഇരട്ടി വർഷം ആയാലും പദ്ധതി തീരാനാകാത്ത സ്ഥിതിയാണ് നിലവിലുള്ളത്. നിർമാണം വൈകിയതിന്റെ ഉത്തരവാദിത്വം അദാനിക്കാണെന്ന് പറഞ്ഞ് സർക്കാർ ഒഴിയുകയാണെന്ന് അദ്ദേഹം പരിഹസിച്ചു.

വിഴിഞ്ഞം പദ്ധതിയുടെ കരാർ കാലാവധി കഴിഞ്ഞ് രണ്ട് വർഷമായെന്ന് ചൂണ്ടിക്കാട്ടിയ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മെഗാപദ്ധതി ആയിട്ടും സർക്കാർ ഇത് കൃത്യമായി നിരീക്ഷിക്കുന്നില്ലെന്നും കുറ്റപ്പെടുത്തി.

പദ്ധതിയുടെ ഭാഗമായി പല പ്രശ്‌നങ്ങളും തീരത്തുണ്ടാകുന്നുവെന്ന് വ്യാപക പരാതി ഉയരുന്ന സാഹചര്യത്തിൽ ഇത് മൊത്തത്തിൽ മുഖ്യമന്ത്രി അവലോകനം ചെയ്യണമെന്നും ജനങ്ങളുടെ പ്രശ്‌നങ്ങൾ കേൾക്കണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു. അതേസമയം, അടിയന്തര പ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചെങ്കിലും പ്രതിപക്ഷം ഇന്നലെ സഭയിൽ നിന്ന് ഇറങ്ങിപ്പോയിരുന്നില്ല.

Latest