Connect with us

From the print

ഗ്രൗണ്ടുകളായില്ല; ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ ഇളവ്

'എച്ച്' പഴയ രീതിയില്‍ തന്നെ തുടരും. കയറ്റത്ത് നിര്‍ത്തി പുറകോട്ടെടുക്കുന്നതും പാര്‍ക്കിംഗും ഉള്‍പ്പെടുത്തും

Published

|

Last Updated

തിരുവനന്തപുരം | നാളെ പ്രാബല്യത്തില്‍ വരാനിരുന്ന ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ ഇളവ്. എം വി ഡി ഉത്തരവ് പ്രകാരം ഗ്രൗണ്ടുകള്‍ സജ്ജമാകാത്തതിനാലാണ് ഇളവ് അനുവദിച്ചത്. പരിഷ്‌കരണം നടപ്പാക്കാന്‍ രണ്ട് ദിവസം ശേഷിക്കെ പ്രാഥമിക സൗകര്യങ്ങള്‍ പോലും പൂര്‍ത്തിയായിട്ടില്ലെന്ന് സിറാജ്  റിപോര്‍ട്ട് ചെയ്തിരുന്നു. പിന്നാലെയാണ് പരിഷ്‌കരണത്തില്‍ ഇളവ് അനുവദിക്കാന്‍ ഗതാഗത മന്ത്രി അനുമതി നല്‍കിയത്. ഇത് സംബന്ധിച്ച് വിശദമായ സര്‍ക്കുലര്‍ പുറത്തിറക്കുമെന്ന് ഗതാഗത കമ്മീഷണര്‍ അറിയിച്ചു.

ഇളവ് അനുവദിച്ചതോടെ അടുത്ത മാസം രണ്ട് മുതല്‍ ടെസ്റ്റിന്റെ ഭാഗമായ ‘എച്ച്’ എടുക്കല്‍ പഴയ രീതിയില്‍ തന്നെ തുടരും. എന്നാല്‍ റോഡ് ടെസ്റ്റിന് ശേഷമായിരിക്കും ‘എച്ച്’ ടെസ്റ്റ് അനുവദിക്കുക. റോഡ് ടെസ്റ്റില്‍ നിലവിലെ രീതിയില്‍ മാറ്റമുണ്ട്. കയറ്റത്ത് നിര്‍ത്തി പുറകോട്ടെടുക്കുന്നതും പാര്‍ക്കിംഗും റോഡ് ടെസ്റ്റില്‍ ഉള്‍പ്പെടുത്തും.

അതേസമയം, ഒരു ആര്‍ ടി ഒക്ക് കീഴില്‍ പ്രതിദിനം 30 ലൈസന്‍സ് മാത്രം നല്‍കിയാല്‍ മതിയെന്ന മോട്ടോര്‍ വാഹന വകുപ്പ് നിര്‍ദേശം നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. ഉത്തരവ് പ്രകാരം ദിവസം 20 പുതിയ അപേക്ഷകരെയും പത്ത് പരാജയപ്പെട്ടവരെയും മാത്രമാകും ഡ്രൈവിംഗ് ടെസ്റ്റിന് പങ്കെടുപ്പിക്കുക. എന്നാല്‍, എണ്ണം കുറക്കുന്നത് ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കാനുള്ള സമയ ദൈര്‍ഘ്യം കൂട്ടുമെന്ന ആക്ഷേപം ശക്തമാണ്.

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണം നാളെ മുതല്‍ തന്നെ നടപ്പാക്കാനായിരുന്നു ഗതാഗത വകുപ്പ് തീരുമാനം. 86 ഇടത്ത് ഇതിനായി പുതിയ രീതിയല്‍ ട്രാക്കുകളും ഗ്രൗണ്ടുകളും സജ്ജമാക്കേണ്ടതുണ്ട്. എന്നാല്‍ മാവേലിക്കരയില്‍ മാത്രമാണ് പുതിയ നിര്‍ദേശപ്രകാരമുള്ള ഗ്രൗണ്ട് സജ്ജമായത്.

മന്ത്രിയുടെ നിര്‍ദേശപ്രകാരം 77 ഇടത്ത് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയെങ്കിലും ഫണ്ട് അനുവദിക്കാത്തതിനാല്‍ ഗ്രൗണ്ട് തയ്യാറാക്കാനായില്ല. തുടര്‍ന്നാണ് ഡ്രൈവിംഗ് പരിഷ്‌കരണത്തില്‍ ഇളവ് കൊണ്ടുവരാന്‍ ഗതാഗത വകുപ്പ് നിര്‍ബന്ധിതമായത്.

ഉദ്യോഗസ്ഥര്‍ക്കും എം വി ഡിയുടെ ടെസ്റ്റ്
പ്രതിദിനം നൂറിലധികം ഡ്രൈവിംഗ് ടെസ്റ്റ് നടത്തിയ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്കുള്ള ടെസ്റ്റ് ഇന്നലെ മുട്ടത്തറയിലെ ഡ്രൈവിംഗ് ടെസ്റ്റിംഗ് കേന്ദ്രത്തില്‍ നടന്നു. 15 ഉദ്യോഗസ്ഥര്‍ക്കായിരുന്നു ടെസ്റ്റ്. ടെസ്റ്റിന്റെ ഫലം നിരീക്ഷണച്ചുമതലയുള്ള ഉദ്യോഗസ്ഥര്‍ ഗതാഗത മന്ത്രിക്ക് കൈമാറും. ഏറ്റവും കൂടുതല്‍ ടെസ്റ്റ് നടത്തുന്ന ഈ ഉദ്യോഗസ്ഥര്‍ക്ക് എല്ലാ ചട്ടങ്ങളും പാലിച്ച് എത്ര ടെസ്റ്റ് നടത്താനാകുമെന്ന് കണ്ടെത്തുകയാണ് ലക്ഷ്യം. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രതിദിനം നടത്താവുന്ന ടെസ്റ്റുകളുടെ എണ്ണം നിജപ്പെടുത്തുമെന്നും ഗതാഗത വകുപ്പ് അറിയിച്ചു.

 

---- facebook comment plugin here -----

Latest