Kerala
വിഴിഞ്ഞം കമ്മീഷനിംഗ്: പ്രതിപക്ഷ നേതാവിനെ ക്ഷണിച്ചിട്ടുണ്ടെന്ന് മന്ത്രി വാസവന്‍
സതീശനെ ക്ഷണിക്കേണ്ടത് തങ്ങള്‍ അല്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം | വിഴിഞ്ഞം തുറമുഖം കമ്മീഷനിംഗ് ചടങ്ങിന് പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ക്ഷണിച്ചിട്ടുണ്ടെന്നും തൻ്റെ ലെറ്റര്‍പാഡിലാണ് ക്ഷണക്കത്ത് നല്‍കിയതെന്നും മന്ത്രി വി എന്‍ വാസവന്‍. ക്ഷണിച്ചില്ലെന്ന സതീശൻ്റെ ആരോപണത്തിടോ പ്രതികരിക്കുകയായിരുന്നു മന്ത്രി.
ആരൊക്കെ പരിപാടിയില്‍ പങ്കെടുക്കണമെന്ന് തീരുമാനിക്കുന്നത് പ്രധാനമന്ത്രിയുടെ ഓഫീസാണ്. ഇക്കാര്യത്തില്‍ ഇന്ന് തീരുമാനം അറിയാമെന്നാണ് പ്രതീക്ഷ. ശശി തരൂര്‍ എം പിക്കും വിന്‍സെൻ്റ് എം എല്‍ എക്കും ക്ഷണക്കത്ത് നല്‍കിയിട്ടുണ്ട്. വിഴിഞ്ഞവുമായി ബന്ധപ്പെട്ട് എന്ത് സംഭവിച്ചാലും വിവാദങ്ങള്‍ ഉണ്ടാകാറുണ്ടെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
വി ഡി സതീശനെ ക്ഷണിക്കേണ്ടത് തങ്ങള്‍ അല്ലെന്നായിരുന്നു മന്ത്രി വി ശിവന്‍കുട്ടിയുടെ പ്രതികരണം. പട്ടികയില്‍ പ്രതിപക്ഷ നേതാവിൻ്റെ പേര് ഉണ്ടോയെന്ന് അറിയില്ല. വിഴിഞ്ഞം ഇടത് മുന്നണിയുടെ കുഞ്ഞ് തന്നെയാണ്. അതുകൊണ്ടാണ് മുഖ്യമന്ത്രിയും കുടുംബവും ബാക്കി എല്ലാവരും ചേര്‍ന്ന് വിഴിഞ്ഞത്ത് പോയതും സാഹചര്യം വിലയിരുത്തിയതെന്നും മന്ത്രി പറഞ്ഞു.