Editors Pick
വിസ്മയമായി 850 ചാലഞ്ച്: കൈകോത്ത് 68,000 ലധികം ആളുകൾ; 68 മണിക്കൂറിൽ 'സ്വദഖ' ആപ്പിലെത്തിയത് 4.3 കോടി രൂപ
പാടന്തറയിലെ സമൂഹ വിവാഹ പന്തലിൽ നാളെ വിവാഹിതരാകുന്ന 850 പേർക്ക്, ഒരാൾക്ക് ഒരു രൂപ എന്ന കണക്കിൽ 850 രൂപ മാറ്റിവെക്കാം എന്ന ലളിതമായ ആശയമാണ് കേരള മുസ്ലിം ജമാഅത്ത് മുന്നോട്ടുവെച്ചത്.
കോഴിക്കോട് | സ്നേഹത്തിന് അതിരുകളില്ലെന്നും കരുണയ്ക്ക് ജാതിയില്ലെന്നും തെളിയിച്ച് നീലഗിരിയുടെ മണ്ണിൽ ഒരു മഹാദ്ഭുതം വിരിയുന്നു. നിർധനരായ 850 യുവതീയുവാക്കളുടെ മംഗല്യ സ്വപ്നത്തിന് നിറം പകരാൻ ഇന്ത്യൻ ഗ്രാഫ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ പ്രഖ്യാപിച്ച ‘850 ചാലഞ്ച്’ ഒരു ജനതയുടെ വികാരമായി മാറിക്കഴിഞ്ഞു. നാടാകെ ഈ പ്രഖ്യാപനം ഏറ്റെടുത്തതോടെ കേവലം 68 മണിക്കൂ കൊണ്ട് ഏകദേശം 4.3 കോടി രൂപയാണ് സമാഹരിക്കപ്പെട്ടത്.
പാടന്തറയിലെ സമൂഹ വിവാഹ പന്തലിൽ നാളെ വിവാഹിതരാകുന്ന 850 പേർക്ക്, ഒരാൾക്ക് ഒരു രൂപ എന്ന കണക്കിൽ 850 രൂപ മാറ്റിവെക്കാം എന്ന ലളിതമായ ആശയമാണ് കേരള മുസ്ലിം ജമാഅത്ത് മുന്നോട്ടുവെച്ചത്. കേരള മുസ്ലിം ജമാഅത്ത് തയ്യാറാക്കിയ ‘സ്വദഖ’ (Swadakha) ആപ്പ് വഴിയായിരുന്നു ധനസമാഹരണം. ഏപ്രിൽ ഒന്നിന് രാത്രി ഒൻപതരക്ക് ആപ്പ് ഓപ്പണായി മിനുട്ടുകൾക്കകം തന്നെ, അണമുറിയാതെ പണമൊഴുകുന്നതാണ് കണ്ടത്. 12 മണിക്കൂറിൽ 50 ലക്ഷം കടന്ന ആവേശം, 24 മണിക്കൂറിൽ ഒരു കോടിയും പിന്നിട്ട് 48 മണിക്കൂർ തികയുമ്പോൾ 3 കോടിയെന്ന അവിശ്വസനീയമായ സംഖ്യയിലെത്തി. ഒടുവിൽ 68 മണിക്കൂർ പിന്നിടുമ്പോൾ 68,000ൽ അധികം മനുഷ്യർ ഈ പുണ്യകർമ്മത്തിൽ കണ്ണികളായിക്കഴിഞ്ഞു. ഒരു ലക്ഷം പേരെ പങ്കെടുപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ചാലഞ്ച് തുടങ്ങിയത്.
സോഷ്യൽ മീഡിയയിൽ ഈ ചാലഞ്ച് വൈറലായതോടെ നാടിന്റെ നാനാദിക്കുകളിൽ നിന്നും ഹൃദയസ്പർശിയായ കാഴ്ചകളാണ് പുറത്തുവരുന്നത്. സൈക്കിൾ വാങ്ങാൻ മാറ്റിവെച്ച കുടുക്കയിലെ നാണയത്തുട്ടുകൾ പാടന്തറയിലെ പെങ്ങന്മാർക്കായി നൽകിയ കുരുന്നുകൾ, കഴുത്തിലെ മാലയും കൈയ്യിലെ മോതിരവും ഊരിനൽകി ‘ഈ മംഗല്യപ്പന്തലിൽ എന്റെയൊരു വിഹിതം കൂടി ഇരിക്കട്ടെ’ എന്ന് പറഞ്ഞ ഉമ്മമാർ… ഇവരൊക്കെയാണ് ഈ ചാലഞ്ചിന്റെ യഥാർത്ഥ കരുത്ത്. വെള്ളിയാഴ്ചകളിൽ പള്ളികൾ കേന്ദ്രീകരിച്ച് നടന്ന സമാഹരണവും ഈ മുന്നേറ്റത്തിന് വലിയ ഊർജ്ജം പകർന്നു.
മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും മതിലുകൾ ഭേദിച്ച് ഡിജിറ്റൽ ലോകത്തും ചാലഞ്ച് വൈറലായി. പ്രമുഖ ഇൻഫ്ലുവൻസർമാരും വ്ലോഗർമാരും സെലിബ്രിറ്റികളും ജാതിമത ഭേദമന്യേ ഈ ദൗത്യത്തെ നെഞ്ചേറ്റിയതോടെ സംഗതി ഒരു നാടിന്റെ തന്നെ ആവേശമായി മാറി. ഓരോ സെക്കൻഡിലും ആപ്പിലെ ഗ്രാഫ് ഉയരുമ്പോൾ അത് കേവലം അക്കങ്ങളുടെ വർദ്ധനവായിരുന്നില്ല, മറിച്ച് മനുഷ്യത്വത്തിലുള്ള വിശ്വാസം പുതുക്കൽ കൂടിയായിരുന്നു.
ഈ സ്നേഹമൊഴുക്കിന് സാക്ഷ്യം വഹിക്കാൻ നീലഗിരിയിലെ പാടന്തറ മർകസ് അങ്കണം ഒരുങ്ങിക്കഴിഞ്ഞു. മഞ്ഞും തേയില ഗന്ധവും പെയ്യുന്ന നീലമലയുടെ താഴ്വരയിൽ നാളെ 850 ജോഡികൾ ഒരേ പന്തലിൽ വെച്ച് പുത്തൻ ജീവിതത്തിലേക്ക് ചുവടുവെക്കും. ഡോ. ദേവർശോല അബ്ദുസ്സലാം മുസ്‌ലിയാരുടെ നേതൃത്വത്തിൽ നടത്തുന്ന ഈ ദൗത്യം കേവലം ഒരു ചടങ്ങല്ല; മറിച്ച് പാർശ്വവൽക്കരിക്കപ്പെട്ട തോട്ടം തൊഴിലാളികൾക്കും നിർധന കുടുംബങ്ങൾക്കും നൽകുന്ന അതിജീവനത്തിന്റെ വെളിച്ചമാണ്. പാവപ്പെട്ടവന്റെ ആത്മാഭിമാനം സംരക്ഷിച്ചുകൊണ്ട് ഒരുക്കുന്ന ഈ വിവാഹ വിരുന്ന് രാജ്യത്തിന്റെ വൈവിധ്യമാർന്ന സംസ്കാരങ്ങളെ ഒരൊറ്റ സ്നേഹനൂലിൽ കോർത്ത മുത്തുമാലയായി ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടുമെന്ന് തീർച്ച.
ഈ ദൗത്യത്തിൽ പങ്കാളിയാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Summary
The “850 Challenge” initiated by Kerala Muslim Jama’ath and Kanthapuram AP Aboobacker Musliyar for the 850-couple mass marriage in Padanthara has become a viral sensation. Within 68 hours, approximately 70,000 donors contributed nearly 4.3 crore rupees via the Swadakha App. The campaign witnessed extraordinary public participation, including children donating savings and influencers promoting the cause regardless of religion. This financial support ensures a dignified wedding for 850 underprivileged couples in Nilgiri.


