Connect with us

National

നിക്ഷിപ്ത താത്പര്യക്കാർ ജുഡീഷ്യറിക്ക് മേൽ സമ്മർദം ചെലുത്താൻ ശ്രമിക്കുന്നു; സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് അറുനൂറോളം അഭിഭാകരുടെ കത്ത്

രാഷ്ട്രീയക്കാർ ആരോപണ വിധേയരാകുന്ന അഴിമതി കേസുകളിലാണ് സംഘം കൂടുതലായും ഇടപെടുന്നതെന്ന് അഭിഭാഷകർ

Published

|

Last Updated

ന്യൂഡല്‍ഹി | നിക്ഷിപ്ത താത്പര്യമുള്ള ചിലർ ജുഡീഷ്യറിക്ക് മേൽ സമ്മർദം ചെലുത്താൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന് അറുനൂറോളം അഭിഭാഷകർ ചേർന്ന് കത്തയച്ചു. മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ, ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്‌സണ്‍ മനന്‍ കുമാര്‍ മിശ്ര, ചേതന്‍ മിത്തല്‍, പിങ്കി ആനന്ദ് തുടങ്ങിയ പ്രമുഖ അഭിഭാഷകരുടെ നേതൃത്വത്തിലാണ് കത്തയച്ചിരിക്കുന്നത്.

ഒരു സംഘം നിക്ഷിപ്ത താല്‍പര്യക്കാര്‍ ജുഡീഷ്യറിയെ സമ്മര്‍ദത്തിലാക്കാനും ജുഡീഷ്യല്‍ നടപടികളെ സ്വാധീനിക്കാനും കോടതികളെ അപകീര്‍ത്തിപ്പെടുത്താനും ശ്രമിക്കുകയാണെന്നും ഇതിൽ കടുത്ത ആശങ്കയുണ്ടെന്നും കത്തിൽ വ്യക്തമാക്കുന്നു. ജീർണിച്ച രാഷ്ട്രീയ താത്പര്യങ്ങളാണ് ഈ സംഘത്തെ നയിക്കുന്നതെന്നും കത്തിൽ പറയുന്നു.

രാഷ്ട്രീയക്കാർ ആരോപണ വിധേയരാകുന്ന അഴിമതി കേസുകളിലാണ് സംഘം കൂടുതലായും ഇടപെടുന്നത്. ഇവ കോടതികള്‍ക്ക് അവമതിപ്പുണ്ടാക്കുകയും ജനാധിപത്യ പ്രമാണങ്ങള്‍ക്ക് ഭീഷണി ഉയര്‍ത്തുകയും ചെയ്യുന്നതായും കത്തിൽ അഭിഭാഷകർ ചൂണ്ടിക്കാട്ടി.

‘ജുഡീഷ്യറി അണ്ടര്‍ ത്രെട്ട്- സേഫ്ഗാര്‍ഡിങ് ജുഡീഷ്യറി ഫ്രം പൊളിറ്റിക്കല്‍ ആന്‍ഡ് പ്രൊഫഷണല്‍ പ്രെഷര്‍’ എന്ന തലക്കെട്ടിലാണ് കത്ത് അയച്ചിട്ടുള്ളത്. സുപ്രീം കോടതിയോട് ശക്തമായി നിലകൊള്ളാനും കോടതികളെ ഇത്തരം ആക്രമണത്തില്‍നിന്ന് സംരക്ഷിക്കാനും കത്തില്‍ അഭ്യർഥിക്കുന്നുണ്ട്.

Latest