Kerala
യു ഡി എഫിന് 100 സീറ്റ് കിട്ടിയാല്‍ രാജിയെന്ന പ്രഖ്യാപനം; മലക്കം മറിഞ്ഞ് വെള്ളാപ്പള്ളി
മാധ്യമപ്രവര്‍ത്തകര്‍ ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ 'അങ്ങനെ പലരും പലതും പറഞ്ഞു കാണും' എന്നു മാത്രമായിരുന്നു വെള്ളാപ്പള്ളിയുടെ മറുപടി.
ചേര്‍ത്തല | യു ഡി എഫിന് നൂറു സീറ്റ് കിട്ടിയാല്‍ എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെക്കുമെന്ന പ്രഖ്യാപനത്തില്‍ മലക്കം മറിഞ്ഞ് വെള്ളാപ്പള്ളി നടേശന്‍. യു ഡി എഫിന് 98 സീറ്റ് പോലും കിട്ടില്ലെന്ന് പറഞ്ഞ വെള്ളാപ്പള്ളി 100 സീറ്റ് കിട്ടിയില്ലെങ്കില്‍ സതീശന്‍ രാജിവെച്ച് വനവാസത്തിന് പോകുമോ എന്ന് ചോദിക്കുകയും ചെയ്തിരുന്നു.
മാധ്യമപ്രവര്‍ത്തകര്‍ ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ ‘അങ്ങനെ പലരും പലതും പറഞ്ഞു കാണും’ എന്നു മാത്രമായിരുന്നു വെള്ളാപ്പള്ളിയുടെ മറുപടി. സതീശന് അഹങ്കാരമാണെന്നും മുഖ്യമന്ത്രിയാകുമെന്ന് കരുതിയാണ് ഇതെന്നും വെള്ളാപ്പള്ളി നേരത്തെ പ്രതികരിച്ചിരുന്നു. രാഷ്ട്രീയത്തില്‍ അഹങ്കാരം പറയുന്നവര്‍ക്ക് തോറ്റ ചരിത്രമുണ്ട്. 100 പേരെ ജയിപ്പിക്കുമെന്നാണ് സതീശന്‍ പറയുന്നത്. അയാളെക്കൊണ്ട് ഒന്നും ചെയ്യാനാകില്ല. മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടത് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡാണ്. കെ സി വേണുഗോപാല്‍ അതികായനായ രാഷ്ട്രീയ നേതാവാണ്. രമേശ് ചെന്നിത്തല പ്രവര്‍ത്തന പാരമ്പര്യമുള്ള നേതാവും വി ഡി സതീശന്‍ നല്ല പ്രതിപക്ഷ നേതാവായിരുന്നെന്നും വെള്ളാപ്പള്ളി പറഞ്ഞു.
യു ഡി എഫ് പ്രതീക്ഷിച്ചതിനപ്പുറത്തെ വിജയമാണ് നേടിയത്. ഇടതുപക്ഷത്തിന്റെ തോല്‍വിക്ക് കാരണം അവര്‍ പഠിച്ച് പറയട്ടെ. ചില ദുഷ്ടബുദ്ധികള്‍ താനാണ് പരാജയ കാരണമെന്ന് പറയുന്നു. അതിന് പിന്നില്‍ മുസ്‌ലിം ലീഗാണ്. പിണറായി വിരുദ്ധരാണ് അങ്ങനെ പറയുന്നത്. താന്‍ മുസ്‌ലിം വിരോധിയല്ല. ലീഗ് കാണിച്ച വിവേചനത്തിനെതിരെയാണ് താന്‍ പറഞ്ഞത്. പി കെ കുഞ്ഞാലിക്കുട്ടി മാന്യനാണ്. എന്നാല്‍ ലീഗിലെ മറ്റു ചിലര്‍ അങ്ങനെയല്ല. കായംകുളത്തെ തോല്‍വിയില്‍ തന്നെ കുറ്റപ്പെടുത്തിയ യു പ്രതിഭക്കെതിരെയും വെള്ളാപ്പള്ളി രംഗത്തെത്തി.







