Kerala
വി ഡി സതീശന്‍ ചാര്‍ട്ടേഡ് ഫ്‌ളൈറ്റില്‍ മംഗലാപുരം സന്ദര്‍ശിച്ചത് വിവാദമായി
എന്‍ ഡി എ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതും പുറത്തുവന്നു
കൊച്ചി | കേരള നിയമസഭ തെരഞ്ഞെടുപ്പ് ഫലം നാളെ വരാനിരിക്കേ, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ചാര്‍ട്ടേഡ് ഫ്‌ളൈറ്റില്‍ മംഗലാപുരം സന്ദര്‍ശിച്ചത് വിവാദമായി. മെയ് ഒന്നിന് വി ഡി സതീശന്‍ നടത്തിയ മംഗലാപുരം യാത്രയുമായി ബന്ധപ്പെട്ട വിവരങ്ങളും ദൃശ്യങ്ങളും സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു. രാവിലെ 8.40നാണ് വി ഡി സതീശന്‍ മംഗലാപുരത്ത് എത്തിയത്. ഇവിടെ വച്ച് എന്‍ ഡി എയുടെ ഭാഗമായ ജെ ഡി എസ് നേതാക്കളുമായി വി ഡി സതീശന്‍ കൂടിക്കാഴ്ച നടത്തുന്നതിന്റെ ദൃശ്യങ്ങളും സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
ബി ജെ പി പിന്തുണയില്‍ എം എല്‍ സിയായ ഫറൂഖിനെയും കോണ്‍ഗ്രസ് വിട്ട് ജെ ഡി എസില്‍ എത്തിയ മൊഹിയുദ്ദീനെയുമാണ് സതീശന്‍ കണ്ടത്. വി ഡി സതീശന് ഇവര്‍ വിരുന്ന് നല്‍കിയതായും സൂചനയുണ്ട്. വി ഡി സതീശനൊപ്പം വിമാനത്തില്‍ ഉണ്ടായിരുന്നത് കെ റെജികുമാര്‍ ആണ്. സ്വര്‍ണപ്പാളി കേസില്‍ എസ് ഐ ടി ചോദ്യം ചെയ്ത വ്യക്തിയാണോ ഈ റെജികുമാര്‍ എന്ന തരത്തില്‍ സോഷ്യല്‍മീഡിയയില്‍ ചോദ്യങ്ങള്‍ ഉയരുന്നുണ്ട്.
വൈകീട്ട് അഞ്ചേകാലോടെ അതേ ഫ്ളൈറ്റില്‍ തന്നെയാണ് മംഗലാപുരത്ത് നിന്ന് കൊച്ചിയിലേക്ക് വി ഡി സതീശന്‍ മടങ്ങിയതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. മൂകാംബിക ദര്‍ശനം നടത്തുന്നതിന് വേണ്ടിയാണ് മംഗലാപുരത്തേയ്ക്ക് വി ഡി സതീശന്‍ പോയത് എന്നാണ് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. സാഫ്രോണ്‍ സ്‌ട്രോക്‌സ് പ്രൈവറ്റ് ലിമിറ്റഡ് ഉടമസ്ഥതയിലുള്ള ചാര്‍ട്ടേഡ് വിമാനത്തിലാണ് വി ഡി സതീശന്‍ യാത്ര ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.


