Connect with us

Kerala

പായയിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം; വാണിയപ്പാറ പള്ളിയിലെ കല്ലറയിൽ ദുരൂഹതയില്ലെന്ന് പോലീസ്

2019-ല്‍ സെമിത്തേരി നവീകരണത്തിനിടെ കല്ലറകളുടെ നമ്പറുകളില്‍ വന്ന മാറ്റമാണ് ആശയക്കുഴപ്പത്തിന് കാരണമായത്.

Published

|

Last Updated

കണ്ണൂര്‍| വാണിയപ്പാറ ഇന്‍ഫന്റ് ജീസസ് പള്ളി സെമിത്തേരിയിലെ കല്ലറയ്ക്കുള്ളില്‍ കണ്ടെത്തിയ വസ്തുവില്‍ ദുരൂഹതയില്ലെന്ന് പോലീസ്. സാധാരണ രീതിയില്‍ സംസ്‌കരിച്ച മൃതദേഹങ്ങളാണവിടെയുള്ളതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു.

2019-ല്‍ സെമിത്തേരി നവീകരണത്തിനിടെ കല്ലറകളുടെ നമ്പറുകളില്‍ വന്ന മാറ്റമാണ് ആശയക്കുഴപ്പത്തിന് കാരണമായത്. കഴിഞ്ഞ 13-ാം തീയതി പുതിയൊരു സംസ്‌കാര ചടങ്ങിനായി കല്ലറ തുറന്നപ്പോള്‍ പെട്ടിയില്‍ അടക്കം ചെയ്ത മൃതദേഹത്തോടൊപ്പം പ്ലാസ്റ്റിക് പായയില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹമെന്ന് തോന്നിക്കുന്ന മറ്റൊരു വസ്തു കൂടി കണ്ടെത്തുകയായിരുന്നു. പരമ്പരാഗത ക്രിസ്ത്യന്‍ ആചാരങ്ങളില്‍ ഇത്തരം രീതിയിലുള്ള അടക്കം ചെയ്യലുകൾ ഉണ്ടാകാത്തതിനാൽ  സംഭവം വിവാദമായി.

സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ പള്ളി വികാരി ഫാ ജില്‍ബര്‍ട്ട് കൊന്നയില്‍ പോലീസിനെ വിവരം അറിയിച്ചു. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി കല്ലറ സീല്‍ ചെയ്തു പരിശോധന ആരംഭിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കല്ലറ നമ്പറുകളില്‍ ഉണ്ടായ മാറ്റം വ്യക്തമായത്. പഴയ 23-ാം നമ്പര്‍ കല്ലറ നവീകരണത്തിന് ശേഷം 38 ആയി മാറുകയും, പഴയ 38-ാം നമ്പര്‍ 58 ആയി മാറുകയും ചെയ്തതായി കണ്ടെത്തി.

ഇത് കാരണം ഔദ്യോഗിക രജിസ്റ്ററില്‍ രേഖകള്‍ പരിശോധിക്കുമ്പോള്‍ പൊരുത്തക്കേടുകള്‍ ഉണ്ടായതോടെ സംശയം ഉയര്‍ന്നിരുന്നു. എന്നാല്‍ തുടര്‍ന്നുള്ള വിശദ പരിശോധനയില്‍ ഇത് നീങ്ങിയതായി പോലീസ് അറിയിച്ചു.

കല്ലറയില്‍ 2006-ലും 2015-ലും മൃതദേഹങ്ങള്‍ സംസ്‌കരിച്ചിരുന്നുവെന്ന് കണ്ടെത്തി. 2015-ല്‍ അസ്വഭാവിക മരണത്തിന് ശേഷം പോസ്റ്റ്മോര്‍ട്ടം നടത്തിയ മൃതദേഹം പ്ലാസ്റ്റിക് പായയില്‍ പൊതിഞ്ഞാണ് സംസ്‌കരിച്ചിരുന്നത്. അന്നത്തെ സംസ്‌കാര ചടങ്ങിന്റെ ചിത്രങ്ങളും പോലീസ് ശേഖരിച്ച് പരിശോധിച്ചു.

കരിക്കോട്ടക്കരി പോലീസ് 2015-ല്‍ സംസ്‌കരിച്ചയാളുടെ ബന്ധുക്കളുടെ മൊഴിയെടുക്കും. കുടുംബാംഗങ്ങളും ഈ കല്ലറയില്‍ സംസ്‌കാരം നടത്തിയ കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ കല്ലറ വീണ്ടും തുറന്ന് പരിശോധിക്കേണ്ട സാഹചര്യമില്ലെന്നും, എന്നാല്‍ സംഭവത്തില്‍ അന്വേഷണം തുടരുമെന്നും പോലീസ് വ്യക്തമാക്കി.

Content Highlights:
Police clarified there is no mystery regarding the object found in the Vaniyappara Infant Jesus Church cemetery vault. The confusion arose after vault numbers changed during a 2019 renovation project. Investigation confirmed the remains belonged to a standard burial conducted back in 2015.

 

Latest