Connect with us

ആത്മായനം

പാഴാകാത്ത ഊഴം

തന്റെ കരങ്ങളിൽ നിന്നും നാവിൽ നിന്നും അപരൻ സുരക്ഷിതനാകുമ്പോഴാണ് ഒരു വ്യക്തി യഥാർഥ വിശ്വാസിയാകുന്നത്. ട്രോളുകൾ, അപവാദങ്ങൾ, ഫേക്ക് ന്യൂസുകൾ, അനാവശ്യ ചർച്ചകൾ, അക്രമങ്ങൾ, ഭീഷണികൾ, ശബ്‌ദ കോലാഹലങ്ങൾ തുടങ്ങി അപരന് പ്രയാസമുണ്ടാക്കുന്ന യാതൊന്നും വിശ്വാസിയുടെ ഭാഗത്തുനിന്ന് ഉണ്ടാകാൻ പാടില്ല.

Published

|

Last Updated

മ്മൾ വളരെ ശാന്തരായി നമ്മുടെ അഭിപ്രായം വോട്ടായി രേഖപ്പെടുത്തി, അഭിപ്രായത്തിന്റെ ജനപങ്കാളിത്തം ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും നിശ്ചയിക്കും. അപ്പോഴും ജയിക്കുന്നത് നമ്മളോടൊപ്പം നമ്മുടെ നാടാകണം. അസമാധാനത്തിന്റെ വിത്ത് മുളയ്ക്കരുത്. റിസൾട്ട് വരുമ്പോൾ ജനാധിപത്യ മൂല്യങ്ങൾ മറക്കുന്ന പാർട്ടികൾ രാഷ്ട്രത്തെ സേവിക്കുന്ന രാഷ്ട്രീയക്കാരാണെന്ന് പറയാനൊക്കുമോ ഇല്ല, എല്ലാ പാർട്ടികളുടെയും അജൻഡ ജനക്ഷേമവും സുസ്ഥിര വികസനവും ദേശ സുരക്ഷയും ആണെന്നിരിക്കെ അങ്ങനെ സംഭവിക്കുന്നത് വിരോധാഭാസമല്ലേ.

സ്‌നേഹിതരേ… രാജ്യത്തിന്റെ സമാധാനം നിലനിർത്തുക എന്നത് വിശ്വാസിയുടെ കടമയാണ്. സമാധാനം എന്ന അർഥത്തെ ഉൾക്കൊള്ളുന്നതാണ് ഇസ്്ലാം എന്ന പദം പോലും. യഥാർഥ മുസ്്ലിം ആരെന്നതിന്റെ നിർവചനം തിരുദൂതർ (സ) പഠിപ്പിക്കുന്നുണ്ട്. തന്റെ കരങ്ങളിൽ നിന്നും നാവിൽ നിന്നും അപരൻ സുരക്ഷിതനാകുമ്പോഴാണ് ഒരു വ്യക്തി യഥാർഥ വിശ്വാസിയാകുന്നത്. ട്രോളുകൾ, അപവാദങ്ങൾ, ഫേക്ക് ന്യൂസുകൾ, അനാവശ്യ ചർച്ചകൾ, അക്രമങ്ങൾ, ഭീഷണികൾ, ശബ്‌ദ കോലാഹലങ്ങൾ തുടങ്ങി അപരന് പ്രയാസമുണ്ടാക്കുന്ന യാതൊന്നും വിശ്വാസിയുടെ ഭാഗത്തുനിന്ന് ഉണ്ടാകാൻ പാടില്ല.

ഏറ്റവും മികച്ചത് ചെയ്യാൻ ഭരണപക്ഷവും അതിനെ ഏറ്റവും മൂർച്ചയുള്ളതാക്കാൻ പ്രതിപക്ഷവും മറ്റു ജനക്ഷേമ പ്രവർത്തനങ്ങളിൽ വ്യാപൃതരാകാൻ മറ്റുള്ളവരും തയ്യാറാവുമ്പോൾ നമ്മൾ ചെയ്ത ഒരു വോട്ടും പാഴാവുന്നില്ല. നമ്മുടെ അടയാളപ്പെടുത്തലുകൾ നാളേക്കുള്ള കരുതലായി മാറും. ഇതിനിടയിൽ എവിടെയാണ് അസമാധാനത്തിന്റെ വിത്തുള്ളത്. രാജ്യത്തെ കുറിച്ചും അതിന്റെ പ്രവർത്തനങ്ങളെ കുറിച്ചും യാതൊരു ആലോചനയും ഇല്ലാത്ത അപക്വമായ നീക്കങ്ങളാണ് പ്രശ്നങ്ങളുടെ വിത്ത്. അത്തരം പ്രശ്‌നങ്ങളെ നടുന്നവരോ അതിന് വെള്ളമൊഴിക്കുന്നവരോ അല്ല നല്ല മനുഷ്യർ. അത്തരം പ്രവർത്തനങ്ങൾ കൊലപാതകത്തെക്കാൾ വലിയ ഹീനപ്രവൃത്തിയെന്നാണ് സൂറ: ബഖറയുടെ ഭാഷ്യം.

കുഴപ്പങ്ങൾക്ക് കൊടി പിടിക്കുന്നവർക്ക് ദൈവിക ശിക്ഷ ഭവിക്കുമെന്ന് ഖുർആൻ വിവിധയിടങ്ങളിൽ ചൂണ്ടിയിട്ടുണ്ട്. വ്യക്തികളുടെ ശരിയല്ലാത്ത രീതികൾ അവർ പ്രാതിനിധ്യം വഹിക്കുന്ന പ്രസ്ഥാനത്തെ പഴിക്കാൻ കാരണമാകുന്നുണ്ട്. വിശ്വാസികൾ കുഴപ്പങ്ങളിൽ കൈ വെക്കുകയെന്നത് കൊണ്ട് വിശുദ്ധ ഇസ്‌ലാമാണ് പരിഹസിക്കപ്പെടുന്നത്. ജനങ്ങളോടുള്ള കരാറുകൾ പാലിക്കാൻ ജനപ്രതിനിധികൾ അതിയായി ശ്രദ്ധിക്കേണ്ടതുണ്ട്.

കരാർ ലംഘിക്കുക എന്നത് നല്ല മനുഷ്യരുടെ ലക്ഷണമല്ലല്ലോ. മികവുള്ള മനുഷ്യരുടെ ഏറ്റവും നല്ല സ്വഭാവമായി ഖുർആൻ പലയിടങ്ങളിലും പ്രതിപാദിച്ചത് കരാർ പാലിക്കുന്നവർ എന്നാണ്.
അധികാരമുറപ്പിക്കാനുള്ള വീമ്പ് പറച്ചിലുകളാണ് ആ കരാറുകളെങ്കിൽ അത് കാപട്യവുമാണ്. കപട മനുഷ്യർക്ക് നന്മ കൊണ്ടുവരാൻ എങ്ങനെ സാധിക്കും?

എല്ലാത്തരം മതജാതി വർഗങ്ങൾ ഒന്നിച്ച് കഴിയുന്ന നമ്മുടെ രാജ്യത്ത് അവരോടൊത്ത് സൗഹൃദപൂർവം ജീവിക്കേണ്ട കടമ വിശ്വാസികൾക്കുണ്ട്. വിശ്വാസികൾക്കിടയിലോ മറ്റു മതവിഭാഗങ്ങൾക്കിടയിലോ വിദ്വേഷം പരത്തുന്നത് ഇസ്‌ലാം കർശനമായി നിരോധിച്ചിട്ടുമുണ്ട്.
​”ഒരു ജനതയോടുള്ള ശത്രുത നീതി കാണിക്കാതിരിക്കാൻ നിങ്ങൾക്ക് പ്രേരണയാകരുത്. നിങ്ങൾ നീതി പാലിക്കുക. അതാണ് ധർമനിഷ്ഠയോട് ഏറ്റവും അടുത്തത്.’ എന്നാണ് ഖുർആനിന്റെ പാഠം (ഖുർആൻ 5:8) സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലെ അസ്ഥാനത്തുള്ള മെസേജുകളും ഫോർവേഡുകളും വിദ്വേഷങ്ങൾ വളർത്താനും നമ്മുടെ രാജ്യത്തിന്റെ സമാധാനം കെടുത്താനും മാത്രമേ ഉപകരിക്കൂ.

“നിങ്ങൾ പരസ്പരം വിദ്വേഷം നിർമിക്കരുത്, അസൂയപ്പെടരുത്, പിന്തിരിഞ്ഞു കളയരുത്. അല്ലാഹുവിന്റെ ദാസന്മാരേ, നിങ്ങൾ സഹോദരങ്ങളായിരിക്കുക.’ (ബുഖാരി, മുസ്‌ലിം). എന്നതാണ് തിരുദൂതരുടെ (സ) ഉപദേശം. പക്വതയില്ലാത്ത കാര്യങ്ങളോട് അതേ നാണയത്തിലല്ല പ്രതികരിക്കേണ്ടത്. മറിച്ച് ഏറ്റവും നല്ല പക്വതയോടെയാണ് പ്രതികരിക്കേണ്ടത്. അതാണ് സൂറ: ഫുസ്സിലത് പറഞ്ഞു തരുന്നതും. “നന്മയും തിന്മയും തുല്യമാവുകയില്ല. ഏറ്റവും മികച്ചത് ഏതാണോ അത് കൊണ്ട് നീ തിന്മയെ പ്രതിരോധിക്കുക. അപ്പോൾ നിന്നോട് ശത്രുതയിലുള്ളവൻ നിന്റെ അടുത്ത സുഹൃത്തിനെപ്പോലെയായിത്തീരും.’ നല്ല മനുഷ്യരേ… നമുക്കിവിടെ മുന്നേറ്റങ്ങളേറെയുണ്ടാക്കാനുണ്ട്. അതിനിടയിൽ തർക്കങ്ങൾക്കെവിടെ സമയം? നമ്മുടെ നാട് ശോഭനമാകട്ടെ.

---- facebook comment plugin here -----

Latest