Connect with us

editorial

അനാരോഗ്യകരമായ "ആരോഗ്യ പാനീയ'ങ്ങള്‍

ബോണ്‍വിറ്റ ഉള്‍പ്പെടെയുള്ള ഉത്പന്നങ്ങളെ ഒഴിവാക്കാന്‍ ഇ-കൊമേഴ്‌സ് കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം. ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്‍ രൂപവത്കരിച്ച സമിതി നടത്തിയ പഠനത്തില്‍ ഹെല്‍ത്ത് ഡ്രിങ്ക് എന്നൊരു പാനീയമില്ലെന്നും അപ്പേരില്‍ പാനീയങ്ങള്‍ വില്‍ക്കുന്നത് നിയമപരമല്ലെന്നും റിപോര്‍ട്ട് ചെയ്തിരുന്നു.

Published

|

Last Updated

ഹെല്‍ത്ത് ഡ്രിങ്കുകള്‍ (ആരോഗ്യകരമായ പാനീയങ്ങള്‍) എന്ന പേരില്‍ വില്‍പ്പന നടത്തുന്ന ബോണ്‍വിറ്റ ഉള്‍പ്പെടെയുള്ള ഉത്പന്നങ്ങളെ ഒഴിവാക്കാന്‍ ഇ-കൊമേഴ്‌സ് കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം. ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്‍ (എന്‍ സി പി സി ആര്‍) രൂപവത്കരിച്ച സമിതി നടത്തിയ പഠനത്തില്‍ ഹെല്‍ത്ത് ഡ്രിങ്ക് എന്നൊരു പാനീയമില്ലെന്നും അപ്പേരില്‍ പാനീയങ്ങള്‍ വില്‍ക്കുന്നത് നിയമപരമല്ലെന്നും റിപോര്‍ട്ട് ചെയ്തിരുന്നു. സുരക്ഷാ മാനദണ്ഡങ്ങളും മാര്‍ഗനിര്‍ദേശങ്ങളും പാലിക്കാതെ നിര്‍മിച്ച് വില്‍പ്പന നടത്തുന്ന ഊര്‍ജ, ഉത്തേജക വസ്തുക്കളെ ഹെല്‍ത്ത് ഡ്രിങ്കായി അവതരിപ്പിക്കുന്ന കമ്പനികള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റിയോട് എന്‍ സി പി സി ആര്‍ ആവശ്യപ്പെടുകയുമുണ്ടായി. ഇത്തരം പാനീയങ്ങളില്‍ അനുവദനീയമായ അളവിലും കൂടുതല്‍ പഞ്ചസാര ചേര്‍ക്കുന്നതായി തെളിഞ്ഞിട്ടുണ്ട്. ഇതടിസ്ഥാനത്തിലാണ് വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ ഉത്തരവ്.

രേവന്ത് ഹേമന്ത് സിന്‍ക എന്ന ഒരു യൂട്യൂബറാണ് ബോണ്‍വിറ്റ അനാരോഗ്യകരമാണെന്ന് ആദ്യം ചൂണ്ടിക്കാണിച്ചത്. ഇതില്‍ അമിതമായ അളവില്‍ പഞ്ചസാര ചേര്‍ക്കുന്നതിനു പുറമെ കോക്കോ സോളിഡുകളും അപകടകാരികളായ നിറങ്ങളും ചേര്‍ക്കുന്നുവെന്നും ഇത് ക്യാന്‍സര്‍ ഉള്‍പ്പെടെ മാരകമായ രോഗങ്ങള്‍ ക്ഷണിച്ചു വരുത്തുമെന്നും യൂട്യൂബര്‍ ആരോപിച്ചു. തുടര്‍ന്ന് അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നാരോപിച്ച് ബോണ്‍വിറ്റ കമ്പനി അദ്ദേഹത്തിനെതിരെ കേസ് ഫയല്‍ ചെയ്തു. എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാണ് തങ്ങള്‍ ഉത്പന്നങ്ങള്‍ ഇറക്കുന്നതെന്ന് അവകാശപ്പെട്ട് കമ്പനി പരസ്യവും നല്‍കി. അതോടെ നിയമ നടപടികളുടെ പൊല്ലാപ്പില്‍ നിന്ന് രക്ഷപ്പെടാനായി, ഹേമന്ത് സിന്‍ക താന്‍ അപ് ലോഡ് ചെയ്ത വീഡിയോ പിന്‍വലിച്ചു. തൊട്ടുപിന്നാലെ “തെറ്റായ വീഡിയോ’ പ്രചരിപ്പിച്ചതിന് ട്വിറ്റര്‍ അദ്ദേഹത്തിന്റെ അക്കൗണ്ട് പോലും ഒഴിവാക്കി. അപ്പോഴേക്കും പക്ഷേ 12 ദശലക്ഷത്തിലധികം പേര്‍ ആ വീഡിയോ കാണുകയും സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമിലുടനീളം പങ്കിടുകയും ചെയ്തിരുന്നു. രേവന്ത് ഹേമന്ത് സിന്‍കയുടെ ആരോപണങ്ങളെ ശരിവെക്കുന്നതാണ് വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ ഉത്തരവ്.

മോണ്ടെലെസ് ഇന്റര്‍നാഷനലിന്റെ അനുബന്ധ സ്ഥാപനമായ “കാഡ്ബറി’യാണ് ചോക്ലേറ്റ് പാനീയ മിശ്രിതമായ ബോണ്‍വിറ്റയുടെ നിര്‍മാതാക്കള്‍. ഹേമന്ത് സിന്‍കയുടെ വീഡിയോയെ തുടര്‍ന്ന് ഉത്പന്നം സംശയത്തിന്റെ നിഴലിലായ സാഹചര്യത്തില്‍ നിര്‍മാതാക്കള്‍ അതിലെ പഞ്ചസാരയുടെ അളവ് കുറക്കുകയുണ്ടായി. നേരത്തേ 100 ഗ്രാമിന് 37.4 ഗ്രാമായിരുന്നു പഞ്ചസാരയുടെ അളവ്. പിന്നീടത് 32.2 ഗ്രാമായി കുറച്ചു.

പേശികളുടെ ആരോഗ്യകരമായ വളര്‍ച്ച, വേഗത്തില്‍ പൊക്കം കൂട്ടുന്നു, ദിവസം മുഴുവന്‍ ഉന്മേഷവും ഊര്‍ജവും നിലനിര്‍ത്തുന്നു എന്നിത്യാദി അവകാശവാദങ്ങളുമായി ബോണ്‍വിറ്റ തുടങ്ങി നിരവധി ബ്രാന്‍ഡഡ് ഉത്പന്നങ്ങളുണ്ട് വിപണിയില്‍. മുഖ്യമായും കുട്ടികളെ ലക്ഷ്യമാക്കിയാണ് ഇവ ഇറങ്ങുന്നത്. കുട്ടികളുടെ ശരീരത്തിന്റെ മൊത്തമായ വളര്‍ച്ചക്കുള്ള പോഷകങ്ങളും വിറ്റാമിനുകളും അടങ്ങിയതെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്ന ഈ ഉത്പന്നങ്ങളില്‍ ശരീരത്തിന് ദോഷകരമായ ഘടകങ്ങളുമുണ്ടെന്ന് വിദഗ്ധരും മുന്നറിയിപ്പ് നല്‍കുന്നു. അമിതമായ ശരീരഭാരം, ദന്തക്ഷയം, വിട്ടുമാറാത്ത ജീവിത ശൈലീ രോഗങ്ങള്‍ എന്നിവക്ക് കാരണമാകുന്നതിനാല്‍ ഇത്തരം ഉത്പന്നങ്ങള്‍ കുട്ടികള്‍ക്ക് നല്‍കാതിരിക്കുന്നതാണ് നല്ലതെന്നാണ് ഗുഡ്ഗാവിലെ ബിര്‍ള ഹോസ്പിറ്റല്‍ നിയോനറ്റോളജി ആന്‍ഡ് പീഡിയാട്രിക്‌സ് കണ്‍സള്‍ട്ടന്റ് ഡോ. സൗരഭ് ഖന്നയുടെ ഉപദേശം. ബോംബെ ഭാട്ടിയ ഹോസ്പിറ്റലിലെ പീഡിയാട്രീഷ്യനും നവജാത ശിശുരോഗ വിദഗ്ധനുമായ ഡോ. അമീഷ് റോ അഭിപ്രായപ്പെടുന്നത്, കുട്ടികള്‍ക്കിടയില്‍ അമിത വണ്ണവും ടൈപ്പ്-2 പ്രമേഹവും വര്‍ധിച്ചു വരികയാണ്. ചെറുപ്പക്കാരില്‍ ഹൃദ്രോഗവും വര്‍ധിക്കുന്നു. അതുകൊണ്ട് ഡോക്ടര്‍മാര്‍ പ്രത്യേകം നിര്‍ദേശിച്ചിട്ടില്ലെങ്കില്‍ പഞ്ചസാരയുടെ അളവ് കൂടിയ ഉത്പന്നങ്ങള്‍ നല്‍കാതിരിക്കുന്നതാണ് നല്ലത് എന്നാണ്.

പഞ്ചസാര ഒരളവോളം ഊര്‍ജവും ഉന്മേഷവും നല്‍കുമെങ്കിലും അതിന്റെ അളവില്‍ കവിഞ്ഞ സ്ഥിരമായ ഉപയോഗം അലസതക്കു കാരണമാകും. പ്രതിരോധ ശേഷി വര്‍ധിപ്പിക്കുമെന്നാണ് ഹെല്‍ത്ത് ഡ്രിങ്ക് ഉത്പാദകരുടെ മറ്റൊരു അവകാശവാദം. എന്നാല്‍ വസ്തുത നേരേ വിപരീതമാണ്.

ഇത്തരം പാനീയങ്ങളില്‍ ഉത്പന്നം കേടുവരാതിരിക്കാനായി ടി ബി എച്ച് ക്യൂ പോലുള്ള പ്രിസര്‍വേറ്റീവുകള്‍ ചേര്‍ക്കുന്നുണ്ട്. ഇവ മനുഷ്യ ശരീരത്തിന്റെ പ്രതിരോധ ശേഷിയെ ദുര്‍ബലപ്പെടുത്തുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ തറപ്പിച്ചു പറയുന്നത്. ഇത് കുട്ടികളുടെ സ്വഭാവത്തെയും മെമ്മറിയെയും ഏകാഗ്രതയെയും ബാധിക്കുന്നതായി ക്ലിനിക്കല്‍ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഭക്ഷണ പാനീയങ്ങള്‍ കേടുവരാതെ കൂടുതല്‍ കാലം സൂക്ഷിക്കാന്‍ സഹായകമെന്നതിലുപരി ഈ രാസപദാര്‍ഥം യാതൊരു ഗുണവും ചെയ്യുന്നില്ലെന്നു മാത്രമല്ല, ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നും പഠനങ്ങള്‍ തെളിയിക്കുന്നു. മൃഗങ്ങളില്‍ നടത്തിയ പരീക്ഷണങ്ങളില്‍ പ്രിസര്‍വേറ്റീവുകള്‍ കരള്‍ വീക്കവും നാഡിവ്യൂഹ സംബന്ധമായ പ്രശ്‌നങ്ങളും സൃഷ്ടിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. മനുഷ്യര്‍ ഇത് ഉപയോഗിക്കുമ്പോള്‍ കാഴ്ച സംബന്ധമായ പ്രശ്‌നങ്ങള്‍ ഉത്ഭവിച്ചേക്കാമെന്ന് നാഷനല്‍ ലൈബ്രറി ഓഫ് മെഡിസിന്‍ ചൂണ്ടിക്കാട്ടുന്നു. ഹെല്‍ത്ത് ഡ്രിങ്ക് ഉത്പാദകര്‍ അവകാശപ്പെടുന്ന ആരോഗ്യ ഗുണങ്ങളത്രയും സാധാരണ നാം ഭക്ഷിക്കുന്ന പച്ചക്കറി, പയറിനങ്ങള്‍ തുടങ്ങിയവയില്‍ നിന്ന് തന്നെ ലഭിക്കുന്നുണ്ട്. പിന്നെ എന്തിന് ഗുണത്തേക്കാളേറെ ദോഷകരമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്ന ഉത്പന്നങ്ങള്‍ ഉയര്‍ന്ന വിലക്ക് കുഞ്ഞുങ്ങളെ തീറ്റിക്കണം?

Latest