Connect with us

smrthi

ഇരുലോക ജയമണി...

സംഗീതത്തിന്റെ അനന്തസാധ്യതകളിലേക്കു ആസ്വാദകരെ നയിക്കുന്ന മാസ്മരികതയോടെ അവർ പാടിയ പാട്ടുകളെല്ലാം ജനം ആവേശപൂർവം സ്വീകരിച്ചവയാണ്. പാട്ടു പാടുന്നതിൽ അവർ കൊടുക്കുന്ന ചില രീതികൾ ആരേയും അത്ഭുതപ്പെടുത്തും. സാധാരണ രീതിയിൽ ചിട്ടപ്പെടുത്തിയ പാട്ടുകൾ പാടിയത് അപൂർവമാണ്. ചിട്ടവട്ടങ്ങൾക്കിടയിൽ തന്റെ ഒരു കൈയൊപ്പ് അവർ ചാർത്തുന്നതോടെ ആ ഗാനം നിർവചനങ്ങൾക്കപ്പുറത്തേക്കു ഉയരുന്നതാണ് നാം കണ്ടത്. അതുകൊണ്ട് തന്നെ റംലാ ബീഗം പാട്ടുകൾ വേറിട്ടു തന്നെ നിന്നു.

Published

|

Last Updated

ചരിത്രത്തിലെ അതുല്യമായ സംഭവങ്ങളുടെയും ഇതിഹാസതുല്യമായ കാവ്യങ്ങളുടെയും കഥ പറഞ്ഞ് തേനൂറുന്ന ഇശലുകളുടെ വശ്യമാർന്ന മായാലോകം സമ്മാനിച്ച് ആസ്വാദകരുടെ മനസ്സിലെ തോഴിയായി മാറിയ റംലാബീഗവും നമ്മെ വിട്ടു പിരിഞ്ഞു. മാപ്പിളപ്പാട്ടുകളുടെ സുവർണകാലമെന്ന് പറയപ്പെടുന്ന ഗ്രാമഫോൺ റിക്കാർഡുകളിൽ പാടിയവരുടെ കൂട്ടത്തിലെ അവസാന കണ്ണിയാണ് റംലത്ത. മൂസ്സ എരഞ്ഞോളി, വി എം കുട്ടി, പീർ മുഹമ്മദ്, ചെലവൂർ കെ സി അബൂബക്കർ എന്നിവർ വിട വാങ്ങിയത് രണ്ട് മൂന്ന് വർഷങ്ങൾക്കുമുമ്പാണ്. കഴിഞ്ഞ മാസം പ്രിയപ്പെട്ട വിളയിൽ ഫസീലയും ഉടനെത്തന്നെ യുവഗായിക അസ്മ കൂട്ടായിയും ഇപ്പോൾ റംലാബീഗവും വിടവാങ്ങി. കഥാപ്രസംഗത്തിന്റെ ഈറ്റില്ലമായ ആലപ്പുഴയിലാണ് അവർ ജനിച്ചത്. ഉപ്പ ആലപ്പുഴക്കാരനും ഉമ്മ കോഴിക്കോട്ടുകാരിയും. ജൻമസിദ്ധമായിത്തന്നെ പാടാനുള്ള കഴിവുള്ളതിനാൽ പഠിക്കുന്ന കാലം തൊട്ട് കുട്ടികളുടെ മത്സരങ്ങളിലൊക്കെ പങ്കെടുത്തിരുന്നു. ഉപ്പ പഠാണി മുസ്്ലിം വിഭാഗത്തിലുള്ള ആളായതിനാൽ അന്നൊക്കെ ഹിന്ദി, ഉർദു ഗാനങ്ങളോടായിരുന്നു പ്രിയം. ഏറെ ഇഷ്ടമായിരുന്ന ഐഷാ ബീഗത്തോടുള്ള ആദരവും ജൻമനാട്ടിലെ സാഹചര്യവും അവരെ കഥാപ്രസംഗ രംഗത്തേക്കെത്തിച്ചു.

അമ്മാവൻ സത്താർ ഖാൻ നേതൃത്വം നൽകിയ ആസാദ് മ്യൂസിക്ക് ക്ലബ്ബിൽ പാടിയത് ജീവിതത്തിലെ വഴിത്തിരിവായി മാറി. പഠിക്കാൻ മിടുക്കിയായിരുന്ന റoലാ ബീഗം കലാരംഗത്ത് സജീവമാകുന്നതിനും ഇത് കാരണമായി. മ്യൂസിക് ട്രൂപ്പിലെ തബലിസ്റ്റായിരുന്ന സലാം മാസ്റ്ററുടെ ശിക്ഷണമാണ് കഥാപ്രസംഗത്തിന് സജീവമായതിനു കാരണമായത്. ജമീല എന്ന സലാം മാസ്റ്റർ എഴുതിയ കഥ ആദ്യമായി അവതരിപ്പിച്ചു. ഇതിനുലഭിച്ച സ്വീകാര്യത മറ്റു കഥകൾ അവതരിപ്പിക്കുന്നതിന് കാരണമായി പ്രവാചക ചരിത്രം, ബദർ യുദ്ധം, ഉഹ്ദ് യുദ്ധം, ബദറുൽ മുനീർ ഹുസ്നുൽ ജമാൽ , ലൈലാമജ്നു , കർബല ചരിത്രം എന്നീ ചരിത്രകഥകൾ ആയിരക്കണക്കിനു വേദികളിൽ അവതരിപ്പിച്ചു. അതോടൊപ്പം കുമാരനാശാന്റെ നളിനി, പി കേശവദേവിന്റെ ഓടയിൽ നിന്ന്, കാളിദാസന്റെ ശാകുന്തളം എന്നീ കഥകൾ പറയുന്നതിനും അവസരമുണ്ടായി. ആയിരക്കണക്കിനു വേദികളിൽ കഥാപ്രസംഗവുമായി കേരളത്തിലും മറുനാട്ടിലുമായി അവർ സജീവമായി. ബോംബെയിൽ വെച്ചു നടന്ന ഒരു പരിപാടിയിൽ ഇ എം എസിന്റെ പ്രസംഗശേഷമായിരുന്നു റംലത്താ കഥാപ്രസംഗം അവതരിപ്പിച്ചത്. ഓടയിൽ നിന്ന് എന്ന കഥ കേട്ട ഇ എം എസ് അഭിനന്ദിച്ചത് അവർ ആവേശപൂർവം ഓർമിച്ചിരുന്നു. മലബാറിൽ കോഴിക്കോട്ടാണ് ആദ്യമായി പരിപാടി നടത്തിയത്. പിന്നീട് അവിടെ അവരുടെ തേരോട്ടം തന്നെയായിരുന്നു. ആരേയും ആകർഷിക്കുന്ന ശൈലി, അക്ഷരസ്ഫുടത, ഭാവാഭിനയം, മനോഹരമായ പാട്ടിന്റെ ഈരടികൾ… ഇവയെല്ലാം ഒത്തിണങ്ങിയ അവതരണം ഈ രംഗത്തെ റാണിയുടെ തലത്തിലേക്കു റംലാ ബീഗത്തെ ഉയർത്തി. യുദ്ധരംഗങ്ങൾ പാടിപ്പറയുമ്പോൾ സംഭവങ്ങളെ വേദിയിൽ കാണുന്ന വിധം മനോഹരമാക്കാൻ അവർക്കു സാധിച്ചു. ഗൾഫ് രാജ്യങ്ങളിലും മലേഷ്യയിലും സിംഗപ്പൂരിലും വേദികയുണ്ടായി. ഇതിനിടയിൽ തബലിസ്റ്റ് സലാം മാസ്റ്ററെ വിവാഹം കഴിച്ചു. പാട്ടും ജീവിതവുമായി ഒരു പോലെ മൂന്നോട്ട് പോയി. കഥ പറയുന്നതോടൊപ്പം മാപ്പിളപ്പാട്ടുകൾ പാടുന്നതിലും സജീവമായി.

ഗ്രാമഫോൺ റിക്കാർഡിൽ നൂറുകണക്കിന് ഹിറ്റ് ഗാനങ്ങൾക്കു ശബ്ദം നൽകി. ഇരുലോക ജയമണി നബിയുള്ള തിരുമുമ്പന്നേ, ബിസ്മില്ലാഹി എന്ന വിശുദ്ധപ്പൊരുളിനെ, അലിഫെന്ന മാണിക്യം ലാമായ മീമിൽ, വമ്പുറ്റ ഹംസ റളിയള്ളാ, ചാടി ട്ടെമ്പിയസ് വദിൽ മാറെടാ , സ്വർഗത്തിന്നതൃപ്പത്തിൽ, സാധുക്കൾക്കൊരു പെണ്ണ്, അഹദിയ്യത്തെണ്ടതുത ത്തിൽ, ആദീ അഹദെത്ത്, ഇലൈക്ക യാറബി തുടങ്ങി ആ ലിസ്റ്റ് നീണ്ടതാണ്. സംഗീതത്തിന്റെ അനന്തസാധ്യതകളിലേക്കു ആസ്വാദകരെ നയിക്കുന്ന മാസ്മരികതയോടെ അവർ പാടിയ ഈ പാട്ടുകളെല്ലാം ജനം ആവേശപൂർവം സ്വീകരിച്ചവയാണ്. പാട്ടു പാടുന്നതിൽ അവർ കൊടുക്കുന്ന ചില രീതികൾ ആരേയും അത്ഭുതപ്പെടുത്തും. സാധാരണ രീതിയിൽ ചിട്ടപ്പെടുത്തിയ പാട്ടുകൾ പാടിയത് അപൂർവമാണ്. ചിട്ടവട്ടങ്ങൾക്കിടയിൽ തന്റെ ഒരു കൈയൊപ്പ് അവർ ചാർത്തുന്നതോടെ ആ ഗാനം നിർവചനങ്ങൾക്കപ്പുറത്തേക്കു ഉയരുന്നതാണ് നാം കണ്ടത്. അതുകൊണ്ട് തന്നെ റംലാ ബീഗം പാട്ടുകൾ വേറിട്ടു തന്നെ നിന്നു. അതോടൊപ്പം അവരെ അനുകരിക്കുന്ന പാട്ടുകാർ ഉണ്ടായി. റംലാ ബീഗത്തിന്റെ പാട്ടുകൾ മാത്രം പാടുന്നവരും അതിലൂടെ ഈ മേഖലയിൽ വലിയ താരങ്ങളായവരും ഏറെയുണ്ട്. അവരെയൊക്കെ പ്രോത്സാഹിപ്പിക്കുന്ന മനസ്സായിരുന്നു റംലത്തക്കുണ്ടായിരുന്നത്. താൻ ഉള്ള വേദിയിൽ പോലും പലരും പാടുമ്പോൾ ഒരനിഷ്ടവും അവർക്കുണ്ടായിരുന്നില്ല. ഈ രംഗത്തെ പുതിയ തലമുറ ഈ മാതൃക ഉൾക്കൊള്ളേണ്ടതുണ്ട്.
1985ൽ ഭർത്താവ് സലാം മാസ്റ്റർ മരണപ്പെട്ടതോടെ റംലത്ത തീർത്തും ഒറ്റപ്പെട്ടു. കഥാപ്രസംഗ രംഗം പഴയതു പോലെ സജീവമല്ലാത്തതും വലിയ ആഘാതമായി. ഇതോടെ ഉപജീവനത്തിന് ബുദ്ധിമുട്ടുമായി. പിന്നീട് മകളോടൊപ്പം കോഴിക്കോട്ടേക്കു താമസം മാറി. മലബാറിലെ സഹൃദയ ലോകം ആവേശപൂർവംഅവരെ സ്വീകരിച്ചു. പാട്ടു പരിപാടിയും ആദര ചടങ്ങുകളുമായി വീണ്ടും സജീവമായി. ഇതിനിടയിൽ അവരെ സ്നേഹിക്കുന്നവർ സ്റ്റേജ് ഷോ നടത്തി വീട് ഉണ്ടാക്കിക്കൊടുത്തു. ആ കാര്യത്തിലും പ്രതിസന്ധി ഉണ്ടായപ്പോൾ കലാലോകവും പ്രവാസികളും തുണയായി നിന്നു.

ആ സുരക്ഷിത തണലിലാണ് അവസാനം വരെ അവർ താമസിച്ചത്. കഴിഞ്ഞ കുറെ കാലമായി അസുഖബാധിതയായിരുന്നു. അപ്പോഴും അവശത വകവെക്കാതെ പല വേദികളിലും നിറഞ്ഞു നിന്നു. പുതിയ കാലത്തെ കുട്ടികൾക്കു തുണയായി നിന്നു. ഓരോ വേദിയിലും റംലാബീഗത്തിന്റെ ഒരു പാട്ടെങ്കിലും പാടുമെന്നുറപ്പുള്ള അവസ്ഥ ഈ മേഖലക്കുണ്ടെന്നത് വലിയ ആ കലാകാരിയുടെ ഈ മേഖലയോടുള്ള പ്രതിബന്ധത തന്നെയാണിതിനു പിന്നിലെന്നതിൽ തർക്കമില്ല.

മാപ്പിളപ്പാട്ട് ഗവേഷകൻ

Latest