Uae
ബർസത്ത് അബൂദബി; ശൈഖ് മൻസൂറും ശൈഖ് ഖാലിദും പങ്കെടുത്തു
ഖസർ അൽ ഹുസ്‌നിയിൽ അബൂദബി സർക്കാരിന്റെ റമസാൻ മജ്‌ലിസ്
അബൂദബി | അബൂദബി സർക്കാരിന്റെ റമസാൻ മജ്‌ലിസായ “ബർസത്ത് അബൂദബി’യിൽ യു എ ഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് മിനിസ്റ്ററുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്്യാൻ, അബൂദബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്്യാൻ എന്നിവർ പങ്കെടുത്തു. വിവിധ സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥരുമായും കുടുംബാംഗങ്ങളുമായും നേതാക്കൾ റമസാൻ ആശംസകൾ കൈമാറി. രാജ്യത്തിന്റെ പുരോഗതിക്കും സുരക്ഷക്കും സ്ഥിരതയ്ക്കുമായി അവർ പ്രാർഥിച്ചു.
ഔദ്യോഗിക ഉത്തരവാദിത്തങ്ങളും കുടുംബജീവിതവും തമ്മിലുള്ള സന്തുലിതാവസ്ഥ പ്രോത്സാഹിപ്പിക്കുന്ന പോസിറ്റീവായ തൊഴിൽ സംസ്‌കാരം വളർത്തിയെടുക്കുന്നതിനാണ് ഇത്തരം സംരംഭങ്ങൾ ലക്ഷ്യമിടുന്നതെന്ന് ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് പറഞ്ഞു. പരസ്പര സഹകരണത്തിലൂന്നിയ പ്രവർത്തനങ്ങളിലൂടെ രാജ്യത്തിന്റെ വികസന യാത്രയെ മുന്നോട്ടുകൊണ്ടുപോകാൻ ഇത്തരം ഒത്തുചേരലുകൾ സഹായിക്കുമെന്ന് ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്്യാൻ പറഞ്ഞു.
കൈത്തറി വർക്്ഷോപ്പുകൾ, കലാപ്രദർശനങ്ങൾ, പൈതൃക സംഗീത പരിപാടികൾ തുടങ്ങി വിപുലമായ സാംസ്‌കാരിക-വിനോദ പരിപാടികളിൽ ജീവനക്കാരുടെ കുടുംബങ്ങളും പങ്കെടുത്തു. ഇമാറാത്തി സംസ്‌കാരവും പൈതൃകവും വരും തലമുറയ്ക്ക് പരിചയപ്പെടുത്തുന്നതായിരുന്നു പരിപാടികൾ.





