Connect with us

Kerala

മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ജലീൽ രാമന്തളി അന്തരിച്ചു

സംസ്കാരം ഇന്ന് അസർ നമസ്കാരത്തിന് ശേഷം രാമന്തളി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും. 

Published

|

Last Updated

പയ്യന്നൂർ|ദീർഘകാലം പ്രവാസലോകത്തെ സജീവ സാന്നിധ്യമായിരുന്ന പ്രമുഖ പത്രപ്രവർത്തകനും എഴുത്തുകാരനുമായ ജലീൽ രാമന്തളി (70) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് അസർ നമസ്കാരത്തിന് ശേഷം രാമന്തളി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
അബൂദബിയിലെ മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യൻ മീഡിയ അബൂദബി (IMA) യുടെ സ്ഥാപക നേതാക്കളിൽ ഒരാളായിരുന്നു അദ്ദേഹം. ദീർഘകാലം ചന്ദ്രിക ദിനപത്രത്തിന്റെ അബൂദബി ബ്യൂറോ ചീഫായും പയ്യന്നൂർ റിപ്പോർട്ടറായും പ്രവർത്തിച്ചിട്ടുണ്ട്. പ്രവാസികളുടെ ജീവിതവും നോവുകളും മലയാളി വായനക്കാരിലേക്ക് എത്തിക്കുന്നതിൽ അദ്ദേഹം ശ്രദ്ധേയമായ പങ്ക് വഹിച്ചു.
യു.എ.ഇ. രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ ജീവചരിത്രം ആദ്യമായി ഒരു ഇന്ത്യൻ ഭാഷയിൽ (മലയാളം) പ്രസിദ്ധീകരിച്ചത് ജലീൽ രാമന്തളിയാണ്. ‘ശൈഖ് സായിദ്’ എന്ന ഈ കൃതി ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.
മരുഭൂമികൾ പറയുന്നത്; പറയാത്തതും, ഗൾഫ് സ്കെച്ചുകൾ, ഒട്ടകങ്ങൾ നീന്തുന്ന കടൽ, നഗരത്തിലെ കുതിരകൾ, നേർച്ചവിളക്ക്, അഭയം തേടി, സ്നേഹം ഒരു കടങ്കഥ, ഇരുൾമുറ്റിയ വഴിയമ്പലങ്ങൾ എന്നിവയാണ്‌ അദ്ദേഹത്തിന്റെ പ്രധാന കൃതികൾ.
നിരവധി പുരസ്കാരങ്ങൾ നേടിയ ‘ദൂരം’ എന്ന ടെലി സിനിമയുൾപ്പെടെ ഒട്ടനവധി ഹ്രസ്വചിത്രങ്ങൾക്കും ടെലിവിഷൻ പ്രോഗ്രാമുകൾക്കും അദ്ദേഹം തിരക്കഥ രചിച്ചിട്ടുണ്ട്. സമഗ്ര സംഭാവനയ്ക്കുള്ള സഹൃദയ-അഴീക്കോട് പുരസ്കാരം, മാടായി പഞ്ചായത്ത് കെ.എം.സി.സി. മാധ്യമ പുരസ്കാരം, ചിരന്തന സാംസ്കാരിക വേദി പുരസ്കാരം തുടങ്ങി ഒട്ടേറെ ബഹുമതികൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
ജലീൽ രാമന്തളിയുടെ നിര്യാണത്തിൽ ഇന്ത്യൻ മീഡിയ അബൂദബി അനുശോചിച്ചു. മാധ്യമരംഗത്തും സാഹിത്യരംഗത്തും വലിയൊരു നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗമെന്ന് ഭാരവാഹികൾ അനുസ്മരിച്ചു. അനുശോചന യോഗത്തിൽ ഭാരവാഹികളായ റാഷിദ് പൂമാടം, സമീർ കല്ലറ, ഷിജിന കണ്ണൻദാസ്, റസാക്ക് ഒരുമനയൂർ, നിസാമുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു.

Latest